മുസ്‌ളീം ലീഗ് ഇടതുമുന്നണിയിലേക്ക് ചായുന്നവെന്ന വാര്‍ത്തകള്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ അലയൊലികള്‍ സൃഷ്ടിക്കുന്നു

0

മുസ്‌ളീം ലീഗ് ഇടതുമുന്നണിയിലേക്ക് ചായുന്നവെന്ന വാര്‍ത്തകള്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ അലയൊലികള്‍ സൃഷ്ടിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമല്ലന്ന സൂചനകളും അത് കൊണ്ട് തന്നെ കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് മുന്നണിയുടെ ഭാവി ശോഭനമല്ലന്ന തിരിച്ചറിവുമാണ് ലീഗിനെ ഇടത്തോട്ട് നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്. വി ഡി സതീശനും കെ സുധാകരനും നേതൃത്വം നല്‍കുന്ന യു ഡി എഫിന് അധികാരത്തില്‍ തിരിച്ചുവരിക അത്ര പെട്ടെന്ന് സാധ്യമല്ലന്ന് ലീഗ് വിശ്വസിക്കുന്നു. അതോടൊപ്പം തന്നെ സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ സി പിഎമ്മാണ് കോണ്‍ഗ്രസിനെക്കാള്‍ തങ്ങള്‍ക്ക് വിശ്വസിക്കാവുന്ന കൂട്ടാളിയെന്നും ലീഗ് നേതൃത്വം കരുതുന്നു. കര്‍ണ്ണാടകയിലെ ഹിജാബ് വിഷയത്തിലടക്കം കോണ്‍ഗ്രസ് എടുക്കുന്ന തണുപ്പന്‍ നിലപാടുകളോട് ലീഗില്‍ വലിയ വിമര്‍ശനമാണുള്ളത്.

കെ ടി ജലീലും പി കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ നേരില്‍ കണ്ടു സംസാരിച്ചതും അവര്‍ തമ്മിലുള്ള മഞ്ഞുരുകിയതും ഇതിന്റെ തുടക്കമായി കാണുന്നു. ഇതെ തുടര്‍ന്നാണ് ജനകീയാസൂത്രണത്തില്‍ ലീഗും കുഞ്ഞാലിക്കുട്ടിയും ക്രിയാത്മകമായ സഹകരിച്ചതിനെ അഭിനന്ദിച്ച് കൊണ്ട് ഡോ. തോമസ് ഐസക് ഫേസ് ബുക്ക് പോസ്റ്റിട്ടത്. ലീഗിനെ ഇടതു പാളയത്തിലെത്തിച്ചാല്‍ യു ഡി എഫിന്റെ കഥ കഴിയുമെന്ന് പിണറായിക്ക് നല്ല വണ്ണം അറിയാം. മൂന്നാം വട്ടവും ഇടതുമുന്നണിയെ അധികാരത്തിലററാനുള്ള തന്ത്രങ്ങളുമായാണ് പിണറായി മുന്നോട്ട ്‌പോകുന്നത്. കേന്ദ്രത്തില്‍ മോദി ഭരണം തുടരുന്നത് തങ്ങള്‍ക്ക് അനുഗ്രഹമാണെന്നാണ് പിണറായി വിശ്വസിക്കുന്നത്. അതോടൊപ്പം വി ഡി സതീശന്‍- കെ സുധാകരന്‍ കൂട്ടുകെട്ടിന് ന്യുനപക്ഷങ്ങളുടെ വിശ്വാസ്യതയാര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടില്ലന്നും ലീഗ് വിലയിരുത്തുന്നു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇപ്പോള്‍ തന്നെ ഇടതുമുന്നണിയോടൊപ്പമാണ് എന്നത് കൊണ്ട് ക്രിസ്ത്യന്‍ വോട്ടുകളും ഇടതുമുന്നണിക്കൊപ്പം ഗണ്യമായ തോതില്‍ നിലകൊള്ളുമെന്നാണ് ലീഗിന്റെ വിശ്വാസം.

Leave a Reply