കോവിഡ്, യുക്രെയ്ൻ യുദ്ധം എന്നീ പ്രതിസന്ധികൾക്കിടെ ഇന്ത്യയിലേക്കു മടങ്ങേണ്ടിവന്ന മെഡിക്കൽ വിദ്യാർഥികളുടെ കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല

0

ന്യൂഡൽഹി ∙ കോവിഡ്, യുക്രെയ്ൻ യുദ്ധം എന്നീ പ്രതിസന്ധികൾക്കിടെ ഇന്ത്യയിലേക്കു മടങ്ങേണ്ടിവന്ന മെഡിക്കൽ വിദ്യാർഥികളുടെ കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. സുപ്രീം കോടതി അനുവദിച്ച 2 മാസം സമയപരിധിയിൽ ഒരുമാസം ഇന്നു പൂർത്തിയാകുകയാണ്.

പലവട്ടം യോഗം ചേർന്നെങ്കിലും തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നു കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു. കമ്മിഷൻ അഭിപ്രായം തേടിയെങ്കിലും ആരോഗ്യമന്ത്രാലയവും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ബംഗാൾ സർക്കാർ സ്വന്തം നിലയിൽ നൽകിയ പ്രവേശനം കമ്മിഷൻ തടഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ തീരുമാനമില്ലാതെ പ്രവേശനം നൽകിയാൽ നിയമപ്രശ്നങ്ങളുണ്ടാകുമെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു.

ഇന്റേൺഷിപ് ഘട്ടത്തിൽ മടങ്ങേണ്ടിവന്നവർക്കു ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാം വിജയിച്ചാൽ നാട്ടിൽ ഇന്റേൺഷിപ് തുടരാമെന്നു കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സംസ്ഥാന മെഡിക്കൽ കൗൺസിലുകളുമായി ഏകോപനമില്ലാത്തതിനാൽ പലയിടത്തും തുടർനടപടിയുണ്ടായില്ല. പഠിച്ച രാജ്യത്തേതിനെക്കാൾ ഉയർന്ന ഫീസ് നൽകണമെന്നതും പ്രശ്നമായി നിൽക്കുന്നു.

കോവിഡും യുദ്ധവും മൂലം വിദേശത്തുനിന്നു മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾ 20,000 കവിയുമെന്നാണ് കമ്മിഷന്റെ അനൗദ്യോഗിക കണക്ക്. ഇത്രയധികം പേരെ പ്രവേശിപ്പിക്കുന്നതിനു പ്രായോഗികമായും നിയമപരമായും തടസ്സമുണ്ട്. ദേശീയ പ്രവേശനപരീക്ഷ ‘നീറ്റ്’ വഴി മാത്രമാണ് ഇന്ത്യയിൽ മെഡിക്കൽ പ്രവേശനം. ഇതു ലംഘിച്ചാൽ ഭാവിയിൽ നിയമപ്രശ്നങ്ങളുണ്ടാകാം. അല്ലെങ്കിൽ സർക്കാർ നിയമഭേദഗതി കൊണ്ടുവരണം.

ചൈന, യുക്രെയ്ൻ: അനിശ്ചിതത്വമേറെ

പല രാജ്യങ്ങളിൽ നിന്നു മടങ്ങിയെത്തിയവരുണ്ടെങ്കിലും ചൈന, യുക്രെയ്ൻ എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് കൂടുതൽ അനിശ്ചിതത്വം. യുക്രെയ്നിന്റെ അയൽരാജ്യങ്ങളിൽ തുടർപഠനത്തിനു വഴിയൊരുക്കുമെന്നു ചില സർവകലാശാലകൾ വിദ്യാർഥികളെ അറിയിച്ചിട്ടുണ്ട്. ചിലരുടെ സർട്ടിഫിക്കറ്റുകൾ പഠിച്ചിരുന്ന സർവകലാശാലകളിലാണ്. ചിലർക്ക് ഓൺലൈൻ ക്ലാസുണ്ട്. യുദ്ധം കഴിഞ്ഞാൽ മടങ്ങിപ്പോകാമെന്നാണ് ഇവരുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here