ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ചികിത്സ നിഷേധിച്ചതിനേത്തുടർന്ന് സ്വകാര്യ ആശുപത്രിക്കു മുന്നിൽ മൂന്നു വയസുകാരി മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുന്നു. ബിൽ അടയ്ക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയുടെ മുറിവുകൾ തുന്നിക്കെട്ടാൻ ആശുപത്രി തയ്യാറായില്ലെന്നാണ് ആരോപണം. വിഷയത്തിൽ ഇടപെട്ട ഉത്തർപ്രദേശ് സർക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
യുണൈറ്റഡ് മെഡിസിറ്റി ആശുപത്രിക്കെതിരെ ഉയർന്ന ആരോപണത്തിൽ 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ചികിത്സാപിഴവുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കണമെന്നും ദേശീയ ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിസായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ബിൽ തുകയായി 5 ലക്ഷം രൂപയാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതെന്നും അത് അടയ്ക്കാത്തതിനാൽ കുഞ്ഞിനെ ശസ്ത്രക്രിയാ മുറിവുകൾ തുന്നിക്കെട്ടാതെയാണ് ഡിസ്ചാർജ് ചെയ്തതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ആമാശയത്തിൽ രണ്ട് ശസ്ത്രക്രിയകൾ നടത്തിയ കുട്ടിയെ മുറിവ് തുന്നിക്കെട്ടാതെയാണ് വിട്ടതെന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം നിഷേധിച്ചു.
അതേസമയം, 1.2 ലക്ഷം രൂപയുടെ ബിൽ തുകയായിട്ടും 6000 രൂപ മാത്രമേ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നുള്ളൂവെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ പ്രമോദ് കുമാർ പറഞ്ഞു. സർക്കാർ ആശുപത്രിയിലേക്കു വിടുന്നതിനു മുൻപ് 15 ദിവസം കുട്ടി ഇവിടെ അഡ്മിറ്റ് ആയിരുന്നുവെന്നും മരിക്കുന്നതിനു മൂന്ന് ദിവസം മുൻപുവരെ കുട്ടി ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നുമാണ് ആശുപത്രിയുടെ വാദം.
ഫെബ്രുവരി 16ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അഡീഷണൽ എസ്പി സമർ ബഹാദുർ മാധ്യമങ്ങളോടു പറഞ്ഞു. ശസ്ത്രക്രിയയ്ക്കു വിധേയയായക്കിയ പെൺകുട്ടിയെ എസ്ആർഎം ആശുപത്രിയിലേക്കു റഫർ ചെയ്തു. എന്നാൽ മാതാപിതാക്കൾ കുട്ടികളുടെ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. കുട്ടികളുടെ ആശുപത്രിയിൽ ചികിത്സ നടത്തിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്കു തിരിച്ചു കൊണ്ടുവന്നുവെങ്കിലും കുട്ടി മരിച്ചുവെന്ന് എസ്പി പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന കുട്ടിയുടെയും മാതാപിതാക്കളുടെയും വിഡിയോയിൽ പിതാവ് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. കുട്ടി വേദനയിൽ പുളയുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. കുട്ടിയുടെ മൂക്കിൽനിന്നു പൈപ്പ് പുറത്തേക്ക് തള്ളിനിൽക്കുന്നത് ദൃശ്യമാണ്
English summary
The National Commission for Child Rights is intervening in the case of a three-year-old girl who died after being denied treatment