ഇടുങ്ങിയ റോഡുകളും, ട്രാഫിക്കും, തിരക്കേറിയ ചന്തകളും അവൾക്ക് നിസ്സാരം; മകൾ ഓടിക്കുന്ന ബസിൽ കണ്ടക്ടറായി പിതാവും; പൊലീസ് വകുപ്പിൽ ഒരു ഡ്രൈവറായി ചേരാൻ കൊതിക്കുന്ന 19കാരി.!

0

കൊൽക്കത്ത: തിരക്കേറിയ നഗരങ്ങളിൽ ബസ് ഓടിക്കുക എന്നത് ഇത്തിരി പ്രയാസമുപള്ള കാര്യം തന്നെയാണ്. എന്നാൽ തനിക്ക് മുന്നിലെ ഇടുങ്ങിയ റോഡുകളും, ട്രാഫിക്കും, തിരക്കേറിയ ചന്തകളും എല്ലാം നിസാരം എന്ന് തോനിക്കും വിധം രു സ്വകാര്യ ബസ് ഓടിക്കുകയാണ് 19 കാരിയായ കൽപന മൊണ്ടോൾ.

ത​ന്റെ എട്ടാമത്തെ വയസ്സ് മുതൽ ഇവൾ വളയം പിടിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ന് നഗരത്തിലെ 34C-റൂട്ടിലെ മികച്ച ഡ്രൈവർമാരിൽ ഒരാളാണ്. ഒരുപക്ഷേ, കൊൽക്കത്തയിൽ ബസ് ഓടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയും അവൾ തന്നെയായിരിക്കും. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അവൾക്ക് പഠിപ്പ് പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. മൂത്ത സഹോദരിയും, രണ്ട് ചേട്ടന്മാരുമടങ്ങുന്ന ആ കുടുംബം ഒരു ഒറ്റമുറി വീട്ടിലാണ് താമസം. ബസ് ഓടിക്കാനുള്ള അവളുടെ ആഗ്രഹം ഡ്രൈവറായ അച്ഛന്റെ കൈയിൽ നിന്ന് പകർന്ന് കിട്ടിയതാണ്. പിന്നീട് അത് പട്ടിണിയിൽ നിന്ന് കരകയറ്റാൻ കാരണമായി മാറി.

കുട്ടിക്കാലത്ത് തന്നെ അച്ഛന്റെ യാത്രകളിൽ അവളും ഭാഗമായിരുന്നു. ഭാരമുള്ള വാഹനങ്ങൾ ഓടിക്കാൻ അവൾ പഠിക്കുന്നത് എട്ടാമത്തെ വയസ്സിലാണ്. മെയിൻ റോഡിൽ ഓടിക്കില്ലെങ്കിലും, ഇടവഴികളിൽ ഓടിച്ച് അവളുടെ കൈ തെളിഞ്ഞു. പത്താമത്തെ വയസ്സായപ്പോഴേക്കും അവൾ ഒരു മികച്ച ഡ്രൈവറായി. ജീവിതം അങ്ങനെ മുന്നോട്ട് പോയ്‌കൊണ്ടിരിക്കുമ്പോൾ, അവളുടെ കൗമാരപ്രായത്തിൽ അച്ഛന് ഒരു അപകടം സംഭവിക്കുന്നു. തുടർന്ന്, അദ്ദേഹം കിടപ്പിലായി. കുടുംബത്തിന് മറ്റ് വരുമാന മാർഗങ്ങളില്ലായിരുന്നു. എങ്ങനെ അതിജീവിക്കുമെന്ന കാര്യം കീറാമുട്ടിയായി. ആകെ അറിയാവുന്ന ജോലി വാഹനം ഓടിക്കലാണ്,പിന്നെ എന്തുകൊണ്ട് അത് ചെയ്തുകൂടാ എന്നവൾ ചിന്തിച്ചു.

അമ്മ മംഗോള മകളുടെ തീരുമാനത്തെ പിന്തുണച്ചു. അങ്ങനെ അച്ഛൻ ഓടിച്ചിരുന്ന അതെ വണ്ടി മകൾ ഓടിക്കാൻ തുടങ്ങി. എന്നാൽ ലൈസൻസ് ലഭിക്കേണ്ട പ്രായമായില്ലായിരുന്നു അവൾക്ക്. അവൾ പലപ്പോഴും പോലീസിന്റെ പിടിയിലാകുകയും പിഴ അടയ്ക്കേണ്ടി വരികയും ചെയ്തിരുന്നു. എന്നിട്ടും അവൾ ഡ്രൈവിംഗിനെ സ്‌നേഹിച്ചു. വാഹനം ഓടിച്ചു, കുടുംബത്തെ പോറ്റി. അപ്പോഴാണ് മഹാമാരി പിടി മുറുകുന്നത്. പകർച്ചവ്യാധിയെ അതിജീവിക്കാൻ കുടുംബം പാടുപെടുന്നതിനിടയിൽ കൽപനയ്ക്ക് കഴിഞ്ഞ വർഷം ലൈസൻസ് ലഭിച്ചു.

എന്നാൽ അപ്പോഴേക്കും നഷ്ടം മൂലം വാഹനം നിരത്തിൽ ഇറക്കേണ്ടെന്ന് ബസ്സുടമ തീരുമാനിച്ചു. അവളുടെ കുടുംബം വീണ്ടും പട്ടിണിയിലായി. വരുമാനമില്ലാതെ അവർ വലഞ്ഞു. അപ്പോഴും അതിനെ അതിജീവിക്കാൻ കല്പന ഒരു മാർഗ്ഗം കണ്ടെത്തി, ഉടമയിൽ നിന്ന് ബസ് വാങ്ങുക. കുടുംബം ആ ബസ് വിലയ്ക്ക് വാങ്ങി. ഇപ്പോൾ ഗഡുക്കളായി പണമടയ്ക്കുകയാണ് അവർ. മാത്രുമല്ല മകൾ ബസ് ഓടിക്കുമ്പോൾ അച്ഛൻ കണ്ടക്ടറായി ജോലി ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here