നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് അകത്ത് കൂടുതല്‍ സീറ്റുകള്‍ അവശ്യപ്പെടാനൊരുങ്ങി മുസ്ലിം ലീഗ്. യുഡിഎഫിലെ ശക്തമായ ഘടകകക്ഷി എന്ന നിലയില്‍ അനുകൂല സാഹചര്യമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. മലബാറിന് പുറമെയുള്ള മേഖലയിലും ശക്തമായ സാന്നിധ്യമാവുകയാണ് ലീഗിന്റെ ലക്ഷ്യം
യുഡിഎഫ് മുന്നണി ധാരണ അനുസരിച്ച് നിലവില്‍ 24 സീറ്റുകളിലാണ് മുസ്ലിം ലീഗ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തവണ കൂടുതല്‍ സീറ്റുകള്‍ അവശ്യപ്പെട്ടിരുന്നങ്കിലും വിവാദങ്ങള്‍ക്ക് ഒടുവില്‍ അവസാനം ലീഗ് ഒത്തു തീര്‍പ്പിന് തയാറായി. എന്നാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിലപേശാന്‍ ഉറച്ചു നില്‍ക്കുകയാണ് മുസ്ലിം ലീഗ് നേതൃത്വം.
മുന്നണിയില്‍ പാര്‍ട്ടിക്ക് ശേഷി കൂടിയിട്ടുണ്ട് എന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മത്സരിക്കുന്ന സീറ്റുകളിലെ മുന്‍കാല ശക്തി പ്രകടനങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് ലീഗിന്റെ വിലപേശല്‍. 30 സീറ്റുകളില്‍ മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കാനാണ് സാധ്യത. നേരത്തെ മത്സരിച്ചിരുന്ന സീറ്റുകള്‍ കൂടാതെ ആറു സീറ്റുകള്‍ അധികം ആവശ്യപ്പെടാനാണ് സാധ്യത. കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗവും എല്‍ജെഡിയും മുന്നണി വിട്ടതോടെ യുഡിഎഫില്‍ സീറ്റുകള്‍ ഒഴിവ് വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ലീഗിന്റെ നീക്കം. ഈ സീറ്റുകള്‍ ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസും പിജെ ജോസഫ് വിഭാഗവും കണക്ക് കൂട്ടുമ്പോഴാണ് കൂടുതല്‍ സീറ്റുകള്‍ക്ക് വേണ്ടി മുസ്ലിം ലീഗ് കരുനീക്കം നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്തും ഇടുക്കിയിലും ജോസഫ് പക്ഷത്തിനും മറ്റിടങ്ങളില്‍ കോണ്‍ഗ്രസിനും വന്‍ തിരിച്ചടിയേല്‍ക്കേണ്ടി വന്ന സാഹചര്യവും ലീഗിന് അനുകൂലമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മലബാറില്‍ നിന്നും മധ്യകേരളത്തിലേക്കും തെക്കന്‍ കേരളത്തിലേക്കും കൂടി ചുവട് മാറ്റാനും മുസ്ലിം ലീഗ് ആഗ്രഹിക്കുന്നുണ്ട്
English summary
The Muslim League is all set to demand more seats within the Front in the Assembly elections