Wednesday, October 27, 2021

പോത്തിറച്ചിയുടെ വില നിയന്ത്രണമില്ലാതെ പായുന്നതിനിടെ ജനകീയ പോത്തിറച്ചിക്കടകൾ ആരംഭിക്കാനുള്ള നീക്കം സജീവമാകുന്നു

Must Read

പോത്തിറച്ചിയുടെ വില നിയന്ത്രണമില്ലാതെ പായുന്നതിനിടെ ജനകീയ പോത്തിറച്ചിക്കടകൾ ആരംഭിക്കാനുള്ള നീക്കം സജീവമാകുന്നു. ഇത്തരം ആലോചനകളുമായി വിവിധ പ്രദേശങ്ങളിൽ പലരും ജനപ്രതിനിധികളും മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി ആലോചനകൾ തുടങ്ങിയിട്ടുണ്ട്. ഇത്തരം പ്രസ്ഥാനങ്ങൾ കൊണ്ടുവരാനുള്ള ആലോചനകളുമായി പലരും മുന്നോട്ട് വരാനുള്ള നീക്കമാരംഭിച്ചത് വില വീണ്ടും കുറയാൻ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

പോത്തിറച്ചിക്കു വില വർധിച്ചതോടെ പലരും പോത്ത് വളർത്തലും ആരംഭിച്ചിട്ടുണ്ട്. ചെറിയ കിടാക്കളെ വാങ്ങി തരിശുകിടക്കുന്ന പാടശേഖരങ്ങളിലേക്കു അഴിച്ചുവിട്ടാണ് പലരും കൃഷി നടത്തുന്നത്. മറ്റു ചെലവുകളൊന്നും വരാത്തതിനാലും മാസങ്ങൾക്കുള്ളിൽ വലിയ ലാഭം കിട്ടുമെന്നതിനാലും കൂടുതൽ ആളുകൾ ഇത്തരത്തിൽ പോത്ത് വളർത്തലിലേക്കു തിരിഞ്ഞിട്ടുണ്ട്. ഇതിനിടെ മാഞ്ഞൂർ പഞ്ചായത്തധികൃതർ ഇടപെട്ട് പോത്തിറച്ചി വില 340 ആയി ഏകീകരിച്ചതുപോലെ മറ്റു പഞ്ചായത്തുകളിലും പോത്തിറച്ചിയുടെ വില ഏകീകരിക്കാനുള്ള നടപടികൾക്ക് തുടക്കമായിട്ടുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിവിധതരം ഇറച്ചികൾക്കു പ്രത്യേകിച്ചു, പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നതെന്ന പരാതിയെ തുടർന്നാണ് കടുത്ത നടപടികളിലേക്കു പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും കടക്കുന്നത്.

പോത്തിറച്ചിയുടെ വില ഏകീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കല്ലറ, മുളക്കുളം, കടുത്തുരുത്തി, ഞീഴൂർ, തലയോലപ്പറമ്പ്, ചെമ്പ്, മറവന്തുരുത്ത് തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പല വ്യാപാരകേന്ദ്രങ്ങളിലും പല വിലയാണ് ഈടാക്കുന്നത്. 360 മുതൽ 390 രൂപ വരെയാണ് തരംപോലെ കച്ചവടക്കാർ ഈടാക്കുന്നത്. മാഞ്ഞൂർ പഞ്ചായത്തധികൃതർ ഇടപെട്ട് കഴിഞ്ഞദിവസം പഞ്ചായത്ത് പരിധിയിൽ പോത്തിറിച്ചി വ്യാപാരം നടത്തുന്നവരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. 380 രൂപയായിരുന്നു ഈ പ്രദേശത്ത് പോത്തിറച്ചിക്കു ഈടാക്കിയിരുന്നത്. യോഗത്തിലെ തീരുമാനമനുസരിച്ചു അടുത്ത മാസംമുതൽ 340 രൂപയായിരിക്കും കിലോയ്ക്കു പോത്തിറിച്ചിക്കു വാങ്ങുക. ഉപഭോക്തൃ കോടതിയിൽ നിന്നുള്ള നിർദേശവും ജില്ലാ കളക്ടറുടെ നിർദേശവുമനുസരിച്ചു ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ പോത്തിറച്ചിയുടെ വില ഏകീകരിക്കാനും ന്യായവിലയിലെത്തിക്കാനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽനിന്നു പഞ്ചായത്ത് സെക്രട്ടിമാർക്ക് രേഖാമൂലം കത്ത് നൽകിയിരുന്നു. ഇതനുസരിച്ചാണ് മാഞ്ഞൂർ പഞ്ചായത്ത് പ്രത്യേക യോഗം വിളിച്ചു ചേർത്തു ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വരും ദിവസങ്ങളിൽ മറ്റു ഇറച്ചി വ്യാപാരം നടത്തുന്നവരെ വിളിച്ചുചേർത്തു അത്തരക്കാരുടെ വിൽപ്പനയിലും വിലനിലവാരം ഏകീകരിക്കുമെന്നാണ് മാഞ്ഞൂർ പഞ്ചായത്തധികൃതർ അറിയിച്ചിരിക്കുന്നത്. ജില്ലയിൽ പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നതെന്നും വില കുറയ്ക്കണമെന്നുമാവശ്യപ്പെട്ട് പെരുവ സ്വദേശി പരേതനായ റിട്ട. അധ്യാപകൻ കളരിക്കൽ കെ.വി.ജോർജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകിയിരുന്നു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News