കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതിയായ അമ്മ ഇന്ന് പുറത്തിറങ്ങും. ഹൈക്കോടതി ഇന്നലെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ഷെർസിയുടെ സിംഗിൾ ബഞ്ചാണ് കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പോക്സോ കേസ് ചുമത്തപ്പെട്ടാണ് ഇവർ ജയിലിലായത്.
ഉപാധികളോടെയാണ് അമ്മയ്ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.
കുട്ടിയെ അച്ഛന്റെ അടുത്ത് നിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന വളരെ ശ്രദ്ധേയമായ ചില നിർദേശങ്ങളും ഇതോടൊപ്പം വനിതാ ജഡ്ജി നടത്തിയിരുന്നു. കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ നിലവിൽ എന്തെന്ന് പരിശോധിക്കണം. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണം. മെഡിക്കൽ കോളേജിലെ വിദഗ്ധരെ സംഘത്തിൽ ഉൾപ്പെടുത്തണം. അന്വേഷണപുരോഗതി എങ്ങനെയെന്ന് കോടതിയെ കൃത്യമായ ഇടവേളകളിൽ അറിയിക്കണം – ഇതൊക്കെയായിരുന്നു കോടതി നിരീക്ഷണം.
അതേസമയം, മാതൃത്വത്തിന്റെ പരിപാവനത എന്നത് പൂർണമായും അവഗണിക്കപ്പെട്ട കേസാണിതെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. ”മാതൃത്വത്തിന്റെ പരിപാവനത പൂർണമായും അവഗണിക്കപ്പെട്ട ഒരു കേസ് ആണിത്. മാതൃസ്നേഹത്തോളം വലിയ ഒരു സ്നേഹവും ഭൂമിയിൽ ഇല്ല. കുഞ്ഞ് പിറക്കുന്നതിനു മുൻപേ ഉരുവം കൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തിൽ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാൻ യോഗ്യയല്ല”, കോടതി ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടികാട്ടിയത് ഇതൊക്കെയായിരുന്നു.
എന്നാൽ കേസിലെ മെറിറ്റിലേക്ക് കടക്കാൻ നിലവിൽ കോടതി തയ്യാറായിട്ടില്ല. എല്ലാം പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ വിചാരണക്കോടതിയടക്കം തീരുമാനമെടുക്കൂ.
നേരത്തേ കുട്ടിയുടെ അമ്മയുടെ ജാമ്യത്തെ സർക്കാർ കോടതിയിൽ എതിർത്തിരുന്നതാണ്. അമ്മ കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്, അതിനാൽ ജാമ്യം നൽകരുത് എന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞിരുന്നത്. സംസ്ഥാനത്ത് മകനെ പീഡിപ്പിച്ചുവെന്ന കേസിൽ അമ്മ അറസ്റ്റിലാവുന്ന ആദ്യത്തെ സംഭവമാണിത്.
English summary
The mother of the accused who was granted bail in the Kadakkavur poxo case will be released today