കുരങ്ങുകള്‍ക്ക് തലയോട്ടി തുളച്ച് ചിപ്പുകൾ ഘടിപ്പിച്ചു; ഇലോണ്‍ മസ്കിനെതിരെ പരാതി

0

കാലിഫോർണിയ: ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍ ചിപ് കമ്പനിയായ ന്യൂറലിങ്കില്‍ ഗവേഷണങ്ങളുടെ പേരില്‍ കുരങ്ങുകള്‍ക്ക് പീഡനം ഏല്‍ക്കേണ്ടി വരുന്നുവെന്ന ആരോപണവുമായി മൃഗാവകാശ സംഘടന. ശരീരം തളര്‍ന്നു കിടക്കുന്നവരെ സഹായിക്കുന്ന തലച്ചോറില്‍ ഘടിപ്പിക്കുന്ന ചിപ്പുകള്‍ നിര്‍മിക്കുകയാണ് ന്യൂറലിങ്കിന്റെ ലക്ഷ്യം. ഭാവിയില്‍ അതിബുദ്ധിമാന്മാരായ മനുഷ്യരെ നിര്‍മിക്കുകയെന്ന ദീര്‍ഘകാല സ്വപ്‌നവും ഇലോണ്‍ മസ്‌കിനുണ്ട്.

2017 മുതല്‍ 2020 വരെയുള്ള കാലത്ത് പരീക്ഷണത്തിന്റെ പേരില്‍ ന്യൂറലിങ്ക് കുരങ്ങുകളെ പീഡിപ്പിച്ചിരുന്നുവെന്നാണ് ഫിസിഷ്യന്‍സ് കമ്മറ്റി ഫോര്‍ റെസ്‌പോണ്‍സിബിള്‍ മെഡിസിന്‍ (P.C.R.M) ആരോപിക്കുന്നത്. പല പരീക്ഷണങ്ങളും ശാരീരികമായി അവക്ക് പീഡനങ്ങളായി, പല കുരങ്ങുകളും ജനിതക മാറ്റത്തിന് വിധേയരാക്കപ്പെട്ടു, പരീക്ഷണങ്ങള്‍ക്കിടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിന്നവയും ചത്തുപോയവയും ഉണ്ടെന്നും പിസിആര്‍എം ചൂണ്ടിക്കാണിക്കുന്നു.

ന്യൂറലിങ്കിനൊപ്പം യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണി ഡേവിസും സഹകരിച്ചായിരുന്നു പരീക്ഷണങ്ങള്‍. ന്യൂറലിങ്കിന്റെ പരീക്ഷണങ്ങള്‍ക്കായി 23 കുരങ്ങുകളെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ 15 എണ്ണം പല കാരണങ്ങളെ തുടര്‍ന്ന് ചത്തു പോയിട്ടുണ്ട്. ഇത് ആവശ്യമായ പരിചരണം ലഭിക്കാത്തതിന്റെ പേരിലാണെന്നാണ് മൃഗാവകാശ സംഘടന ആരോപിക്കുന്നത് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പിസിആര്‍എം കലിഫോര്‍ണിയ സര്‍വകലാശാല ഡേവിസിനെതിരെ ഒരു പരാതിയും നല്‍കി കഴിഞ്ഞു.

ന്യൂറലിങ്കുമായുള്ള സഹകരണം 2020ല്‍ കലിഫോര്‍ണിയ സര്‍വകലാശാല ഡേവിസ് അവസാനിപ്പിച്ചിരുന്നു. തങ്ങള്‍ സഹകരിക്കുന്ന കാലത്ത് വ്യക്തമായ മാനദണ്ഡങ്ങള്‍ കുരങ്ങുകളെ പരിപാലിക്കുന്നതില്‍ സ്വീകരിച്ചുവെന്നാണ് സര്‍വകലാശാലയുടെ നിലപാട്. കുരങ്ങുകളുടെ ചികിത്സാ രേഖകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും ചേര്‍ത്ത് 600 പേജുകളുള്ള സുദീര്‍ഘമായ പരാതിയാണ് പിസിആര്‍എം നല്‍കിയിരിക്കുന്നത്.

ന്യൂറലിങ്കിന്റെ ഉടമസ്തതയിലുണ്ടായിരുന്ന 23 കുരങ്ങുകളെ 2020 വരെ പാര്‍പിച്ചിരുന്നതും പഠനങ്ങള്‍ നടത്തിയതും കലിഫോര്‍ണിയ സര്‍വകലാശാലയിലായിരുന്നു. 2017-2020 കാലയളവില്‍ കുരങ്ങുകളിലെ പരീക്ഷണത്തിനായി 1.4 ദശലക്ഷം ഡോളര്‍ യൂണിവേഴ്‌സിറ്റി കലിഫോര്‍ണിയ ഡേവിസ് സ്വീകരിച്ചിരുന്നെന്നും പിസിആര്‍എം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മൈന്‍ഡ്‌പോങ് എന്ന ലളിതമായ കംപ്യൂട്ടര്‍ ഗെയിം കുരങ്ങുകള്‍ കളിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ന്യൂറാലിങ്ക് പുറത്തുവിട്ടിരുന്നു. ഇതിനു ശേഷമാണ് പിസിആര്‍എം പരിശോധന നടത്തിയതും വിശദമായ പരാതി നല്‍കിയിരിക്കുന്നതും. മൃഗസംരക്ഷണ നിയമത്തിന്റെ ഒമ്പത് ലംഘനങ്ങളും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

തലയോട്ടി തുളച്ചുകൊണ്ട് കുരങ്ങുകളുടെ തലച്ചോറിലാണ് ചിപ്പുകള്‍ ഘടിപ്പിക്കുന്നത്. ഇത്തരം അവസരങ്ങളില്‍ കുരങ്ങുകള്‍ക്ക് അണുബാധയുണ്ടായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും പരാജയപ്പെടുന്ന ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയരാവുന്ന കുരങ്ങുകള്‍ക്ക് വലിയ സമ്മര്‍ദം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കൂട്ടത്തില്‍ ഒരു കുരങ്ങിന് കൈവിരലും കാല്‍ വിരലുകളും നഷ്ടമായിരുന്നു. അടച്ചിട്ടുള്ള പരീക്ഷണങ്ങളെ തുടര്‍ന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് ഇവ സ്വയം മുറിവേല്‍പ്പിച്ചതാകാന്‍ പോലും സാധ്യതയുണ്ടെന്നാണ് മൃഗസംരക്ഷകര്‍ ആരോപിക്കുന്നത്.

ഈ വര്‍ഷം മനുഷ്യരില്‍ ന്യൂറലിങ്ക് പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നാണ് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിട്ടുള്ളത്. സുരക്ഷിതമായ സാഹചര്യത്തില്‍ മനുഷ്യരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ വേണ്ടതിന്റെ ഏഴയലത്ത് പോലും ന്യൂറാലിങ്ക് എത്തിയിട്ടില്ലെന്നാണ് പിസിആര്‍എം ഉന്നയിക്കുന്ന മറ്റൊരു സുപ്രധാന കാര്യം. കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടെ പക്കലുള്ള കുരങ്ങുകളെ കൈകാര്യം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും മറ്റു വിവരങ്ങളും കൂടി പരിശോധിക്കേണ്ടതുണ്ടെന്നും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്. തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുകയെന്ന ന്യൂറാലിങ്ക് പദ്ധതി വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പോവുകയാണെന്നാണ് പുതിയ പരാതി തെളിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here