മിരാൻഡയുടെ നായ സൈക്ക അപ്രതീക്ഷിതമായി കണ്ണപ്പനെന്ന അരുൺ ചന്ദ്രന്റെ കോവളത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയിടത്താണ് ആ പ്രണയകഥ തുടങ്ങിയത്

0

മിരാൻഡയുടെ നായ സൈക്ക അപ്രതീക്ഷിതമായി കണ്ണപ്പനെന്ന അരുൺ ചന്ദ്രന്റെ കോവളത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയിടത്താണ് ആ പ്രണയകഥ തുടങ്ങിയത്. തന്റെ കൂട്ടായ നായയെ തിരക്കി അരുണിന്റെ വീട്ടിലേക്ക് മിയയെന്ന മിരാൻഡയെത്തിയതും നിമിത്തംപോലെ. നായ്ക്കുട്ടിക്കൊപ്പം പുഞ്ചിരിയും കൈമാറി അവർ കൂട്ടുകാരായി.

ആവാടുതുറ അമ്പലനടയിൽ കൺമണി സാക്ഷിയാക്കി കണ്ണപ്പൻ മിരാൻഡയെ താലി കെട്ടുമ്പോൾ പുറത്ത് സൈക്ക എന്ന നായ, കാരണവരെപ്പോലെ നിന്നു. കെട്ട് കഴിഞ്ഞിറങ്ങിയ ദമ്പതിമാർ ആദ്യമെത്തിയതും ഈ നായ്ക്കുട്ടിക്ക് അടുത്തേക്കാണ്. തുടർന്ന് അവനെയും ചേർത്തുള്ള ഫോട്ടോസെഷൻ. കോവളത്തു നടന്ന അസാധാരണ വിവാഹത്തിനു പിന്നിൽ പ്രണയത്തിന്റെ അപൂർവ കഥയുണ്ട്.

മിരാൻഡയുടെ നായ സൈക്ക അപ്രതീക്ഷിതമായി കണ്ണപ്പനെന്ന അരുൺ ചന്ദ്രന്റെ കോവളത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയിടത്താണ് ആ പ്രണയകഥ തുടങ്ങിയത്. തന്റെ കൂട്ടായ നായയെ തിരക്കി അരുണിന്റെ വീട്ടിലേക്ക് മിയയെന്ന മിരാൻഡയെത്തിയതും നിമിത്തംപോലെ. നായ്ക്കുട്ടിക്കൊപ്പം പുഞ്ചിരിയും കൈമാറി അവർ കൂട്ടുകാരായി. അന്ന് മടങ്ങുമ്പോൾ മിരാൻഡ കൈയുയർത്തി പറഞ്ഞു- താങ്കളുടെ വീട് കാണാനായി വീണ്ടും വരും. ആ വാക്ക് പ്രണയമായി. അവർക്കൊരു കുഞ്ഞായി. വെള്ളിയാഴ്ച ക്ഷേത്രനടയിൽ വിവാഹവും നടന്നു.

കോവളത്തെത്തുന്ന വിനോദസഞ്ചാരികളെ സീ സർഫിങ് പഠിപ്പിക്കുന്നയാളാണ് അരുൺചന്ദ്രൻ. അരുണിന്റെ വീടിനടുത്താണ് മിരാൻഡയും താമസിക്കുന്നത്. ലോക്ഡൗണിനു മുമ്പായിരുന്നു ഇംഗ്ലണ്ടിൽനിന്ന് മിരാൻഡ കോവളത്ത് വരുന്നത്. അവിടത്തെ സ്വകാര്യ സംരംഭകയാണ് മിരാൻഡ. കോവിഡ് വ്യാപനത്തെത്തുടർന്ന് മടങ്ങാനാകാതെ കോവളത്ത് തങ്ങേണ്ടിവരികയായിരുന്നു. മടങ്ങിപ്പോകാൻ അവസരം ഉണ്ടായെങ്കിലും അരുണിനെ പരിചയപ്പെട്ടതോടെ യാത്ര വേണ്ടെന്നുവെച്ചു. ഇരുവരും പിരിയാൻ കഴിയാത്ത ബന്ധത്തിലായി. ഇതിനിടെ മിരാൻഡ ഗർഭിണിയായി. കുഞ്ഞുപിറക്കാൻ പോകുന്നുവെന്ന് അറിഞ്ഞ് അരുണിന്റെ കുടുംബാംഗങ്ങൾ ആഹ്ളാദത്തിലായി.

രണ്ടു മാസംമുമ്പ് അരുൺ ചന്ദ്രനും മിരാൻഡയ്ക്കും ആദ്യ കൺമണിയായി ആൺകുഞ്ഞ് പിറന്നു. കുഞ്ഞിന് സായി എന്നാണ് പേരിട്ടത്‌. മിരാൻഡയുടെ ആഗ്രഹപ്രകാരം ഇംഗ്ലണ്ടിലെ പാരമ്പര്യമനുസരിച്ച് സായി ആർതർ ലിറ്റിൽഗുഡ് എന്ന ഔദ്യോഗിക പേരുമിട്ടു.

കുഞ്ഞായതോടെ കുടുംബത്തിന്റെ ആഗ്രഹമനുസരിച്ച് വിവാഹം കഴിക്കാനും തീരുമാനമായി. ഉത്രാടനാളായ വെള്ളിയാഴ്ച രാവിലെ 8.15ന് കോവളത്തെ ആവാടുതുറ ദേവീക്ഷേത്രത്തിൽ ഇരുവരുടെയും ബന്ധുക്കളുടെ സാന്നിധ്യത്തിൽ അരുൺചന്ദ്രനും മിരാൻഡയും വിവാഹിതരായി. ഇരുവരെയും ജീവിതത്തിന്റെ കണ്ണികളാക്കുന്നതിനു നിമിത്തമായ വളർത്തുനായ സൈക്കയും രണ്ടു മാസം പ്രായമുള്ള മകൻ സായിയും സാക്ഷികളായി. അധികം താമസിയാതെ കുടുംബം ഇംഗ്ലണ്ടിലേക്കു പറക്കുമെന്ന് അവർ പറഞ്ഞു.

Leave a Reply