Thursday, July 29, 2021

ആഘോഷങ്ങൾക്ക് നിറവും ശബ്ദവും പകർന്നവരുടെ ജീവിതം ഇരുട്ടിലാണ്; ആത്മഹത്യ ചെയ്തത് അഞ്ച് പേർ

Must Read

പാലക്കാട് സ്വദേശിയായ പൊന്നുമണി, തിരുവനന്തപുരം മായ സൗണ്ട് ഉടമ നിർമൽ ചന്ദ്രൻ, കിളിമാനൂർ സ്വദേശി ജംഷാദ്, ആലപ്പുഴ ജയ് ദുർഗ സൗണ്ടിലെ ജീവനക്കാരൻ ശ്രീകുമാർ, ചാരുംമൂട് സ്വദേശി മനോജ് എന്നിവരാണ് സംസ്ഥാനത്ത് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജീവനൊടുക്കിയത്.

കോവിഡിനു മുൻപ് മറ്റുള്ളവരുടെ ജീവിതത്തിലെ ആഘോഷങ്ങൾക്ക് നിറവും ശബ്ദവും പകർന്നവരുടെ ജീവിതം ഇരുട്ടിലാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ തകർത്തുകളഞ്ഞു. ജില്ലയിൽ ഈ മേഖലയിൽ അയ്യായിരത്തിലധികം പേരാണു പ്രവർത്തിക്കുന്നത്. ലോക്ഡൗൺ ഇളവുകൾ ഇവർക്ക് പ്രതീക്ഷനൽകുന്നില്ല.

മറ്റു കടകൾപോലെ ഇളവുകളുടെ അടിസ്ഥാനത്തിൽ തുറന്നിട്ടു കാര്യവുമില്ല. കോവിഡ് കേരളത്തിൽ പിടിമുറുക്കിയ 2020 മാർച്ചിൽ പൂട്ടുവീണതാണ് ഇവരുടെ സ്ഥാപനങ്ങൾക്ക്. തെല്ലൊരു ആശ്വാസംലഭിച്ചത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ്. ഇതിനുശേഷം മേഖലയിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികളിൽ പലരും മറ്റു ജീവിതമാർഗങ്ങളിലേക്കു തിരിഞ്ഞു. വായ്‌പാതിരിച്ചടവുകൾ മുടങ്ങിയതോടെ പലർക്കും വാഹനങ്ങൾ നഷ്ടമായി. ജില്ലയിൽ പന്തലുമായി ബന്ധപ്പെട്ടു ലഭിക്കുന്ന ചുരുക്കം ചില പരിപാടികളാണ് ഏക ആശ്വാസം. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയോട്‌ ചേർന്നുപ്രവർത്തിക്കുന്ന കലാകാരൻമാരും പ്രതിസന്ധിയിലാണ്. ഗായകർ, മിമിക്രി താരങ്ങൾ, വാദ്യോപകരണ കലാകാരൻമാർ, അനൗൺസർമാർ എന്നിവരുടെയും ജീവിതം വഴിമുട്ടി.

നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങൾ

തുടർച്ചയായി ഉപയോഗിക്കാതിരുന്നതോടെ ലക്ഷങ്ങൾ വിലവരുന്ന സ്‌പീക്കറും സൗണ്ട് മിക്‌സറും ജനറേറ്ററും അടക്കമുള്ള ഉപകരണങ്ങൾ തുരുമ്പെടുത്തു. ഇവ വീണ്ടും പ്രവർത്തനസജ്ജമാക്കാൻ വലിയൊരു തുകതന്നെ മുടക്കേണ്ടിവരും. ആധുനിക ശബ്ദസംവിധാനങ്ങളാണ് ജില്ലയിലെ മിക്ക സ്ഥാപനങ്ങളിലുമുള്ളത്. ഇതും നഷ്ടത്തിന്റെ കണക്ക് ഇരട്ടിയാക്കുന്നു. വാടക കൊടുക്കാനാകാതെ പലരും ഗോഡൗണുകളിൽനിന്ന് ഉപകരണങ്ങൾ വീടുകളിലേക്കു മാറ്റി.

അനുമതി നൽകണം

വലിയ ഓഡിറ്റോറിയങ്ങളിൽ നൂറിൽത്താഴെ ആളുകളെ പങ്കെടുപ്പിച്ചു നടത്താവുന്ന പരിപാടികൾക്ക് അനുമതി നൽകണമെന്നാണ് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെ ആവശ്യം. കോവിഡ് പൂർണമായും മാറിയിട്ട് പ്രവർത്തനം തുടങ്ങാമെന്ന പ്രതീക്ഷയില്ല. നിയന്ത്രണങ്ങളോടുകൂടിയുള്ള പ്രവർത്തനാനുമതിക്ക് മാത്രമേ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ രക്ഷപ്പെടുത്താനാകൂവെന്നും ഇവർ പറയുന്നു.

Leave a Reply

Latest News

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. ഹോം ഗാര്‍ഡ് സെയ്തലവിയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹോം ഗാര്‍ഡിനെതിരെ...

More News