Saturday, June 19, 2021

തുടർഭരണം ഉറപ്പാക്കാനുള്ള തീവ്രശ്രമവുമായി ഇടതുമുന്നണി; എങ്ങനെയും ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്; 35 സീറ്റ് പിടിച്ചാൽ ഭരണം ഉറപ്പെന്ന് എൻഡിഎ; അവസാന ലാപ്പിൽ കേരളത്തിലെ ഓരോ മണ്ഡലങ്ങളിലേയും സ്ഥിതി വിവരങ്ങൾ

Must Read

സൂര്യ സുരേന്ദ്രൻ

തിരുവനന്തപുരം: ആൾക്കൂട്ടങ്ങളുടെ കൊട്ടിക്കലാശമില്ലെങ്കിലും വീറിനും വാശിക്കും ഒരു കുറവുമില്ല നിയമസഭാതിരഞ്ഞെടുപ്പിനും മലപ്പുറം ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനുമുള്ള പ്രചാരണപ്രവർത്തനങ്ങൾക്ക് ഇന്ന് വൈകീട്ടോടെ തിരശ്ശീല വീഴും. എന്നാൽ, ചൂണ്ടുവിരലുകൾ വോട്ടിങ് യന്ത്രങ്ങളിൽ പതിഞ്ഞുതീരുന്നതുവരെ നിശ്ശബ്ദപ്രചാരണം നടക്കും.തുടർഭരണം ഉറപ്പാക്കാനുള്ള തീവ്രശ്രമവുമായി ഇടതുമുന്നണിയും എങ്ങനെയും ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും സർവ്വ ആയുധങ്ങളുമായി കളം നിറഞ്ഞ് പൊരുതുകയാണ്. ഇരുമുന്നണികൾക്കും വെല്ലുവിളിയായി ഇക്കുറി കേരളത്തിൽ നിർണായക ശക്തിയാകുമെന്ന് പ്രഖ്യാപിച്ച എൻ.ഡി.എ ത്രികോണപ്പോരിന്റെ പ്രവചനാതീത നിലയിലേക്ക് പല മണ്ഡലങ്ങളെയും എത്തിച്ചിട്ടുണ്ട്.

മുപ്പത്തിയഞ്ചു സീറ്റുകളെങ്കിലും കിട്ടിയാൽ കേരളത്തിൽ മന്ത്രിസഭ രൂപീകരിക്കും എന്നത് ആവർത്തിക്കുകയാണു ബിജെപി നേതാക്കൾ. പ്രത്യേകിച്ചും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇതു വെറുതെ പറയുന്നതല്ല എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ആവർത്തിക്കുകയും ചെയ്തു. രണ്ടു മുന്നണികളിൽനിന്നും പലരും ബിജെപിയിലേക്കു വരുമെന്ന‍ാണ് അദ്ദേഹം അവകാശപ്പെടുന്നത്.

35 എന്നാൽ കേരള നിയമസഭയുടെ ആകെ അംഗബലത്തിന്റെ നാലിലൊന്ന്. അതിന്റെ ഇരട്ടിയും പിന്നെ ഒന്നുംകൂടി വേണം ഭരിക്കാനുള്ള കേവല ഭൂരിപക്ഷത്തിന്. നിലവിലെ നിയമസഭയിൽ ബിജെപിക്കുള്ളത് കേവലം ഒരു അംഗം മാത്രം. മിക്ക മണ്ഡലങ്ങളിലും യുഡിഎഫിനും എൽഡിഎഫിനുമൊപ്പം മികച്ച പ്രചാരണപ്പോരാട്ടം കാഴ്ചവയ്ക്കുന്നുണ്ട് ബിജെപി.

മഞ്ചേശ്വരം, കോന്നി, പാലക്കാട്, മലമ്പുഴ, കഴക്കൂട്ടം, നേമം, കാട്ടാക്കട, ചെങ്ങന്നൂർ, തൃശൂർ, തിരുവനന്തപുരം, വട്ടിയൂർക്കാവ്, ചാത്തന്നൂർ തുടങ്ങി ഏതാനും മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷയിലാണ് എൻഡിഎ. ബിജെപിയുടെ ഉൾപ്പാർട്ടി കണക്കുകൂട്ടലുകളിൽ ഈ മണ്ഡലങ്ങളെല്ലാം വിജയിച്ചു വരുന്നവയുടെ ഗണത്തിലാണ്. മണലൂർ, കാസർകോട്, ആറ്റിങ്ങൽ തുടങ്ങി കുറച്ചെല്ലാം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങൾ വേറെയുമുണ്ട്.

ശബരിമല വിഷയം വീണ്ടും സജീവമാകുന്നതോടെ പ്രതീക്ഷകൾ കൂടുതൽ ശോഭയുള്ളതാകുമെന്നാണു ബിജെപി കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമെല്ലാം പ്രചാരണത്തിൽ സജീവമാകുന്നതുവഴി ലഭിക്കുന്ന മുന്‍തൂക്കവും പ്രതീക്ഷയേറ്റുന്നു. ഈ ഘടകങ്ങളും അവകാശവാദങ്ങളുമെല്ലാം ഫലിച്ചാൽതന്നെ ജയിക്കാവുന്ന പരമാവധി സീറ്റുകളുടെ എണ്ണം നാലോ അ‍ഞ്ചോ ആയിരിക്കും. അപ്പോഴും 35ലേക്ക് എത്താൻ എന്തു ചെയ്യുമെന്നതാണു രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്.

സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ പരമാവധി കൊഴുപ്പിക്കുന്ന പ്രതിപക്ഷം, ഏറ്റവുമൊടുവിൽ എടുത്തു വീശുന്നത് അദാനിക്ക് ലാഭമുണ്ടാക്കുന്ന വൈദ്യുതി കരാർ ആരോപണമാണ്.മോദിയും അമിത് ഷായും രാഹുലും പ്രിയങ്കയും യെച്ചൂരിയും ഉൾപ്പെടെ നിറഞ്ഞു നിന്നതോടെ ഇത്തവണ പ്രചാരണ വേദികൾ തിളച്ചുമറിഞ്ഞു. ഇന്നലെ അമിത് ഷാ വടക്കൻ മേഖലയിൽ പര്യടനം നടത്തി. ഇന്ന് രാഹുൽ നേമം മണ്ഡലത്തിലെ പൂജപ്പുരയിലെത്തും.ഇടതു പ്രചാരണത്തിന്റെ നെടുന്തൂണായ പിണറായി വിജയന്റെ യോഗങ്ങളിലെ വൻ ജനാവലി ഇടതു ക്യാമ്പുകളിൽ ആവേശമുണർത്തി. ഇത് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും വിമർശനം കടുപ്പിച്ചു.സ്വർണക്കടത്തും ശബരിമലയും ആഴക്കടൽ വിവാദവും ലവ് ജിഹാദും തൊട്ട് ബി.ജെ.പി ബാന്ധവത്തെ ചൊല്ലിയുള്ള തർക്കം വരെയാണ് ആയുധങ്ങൾ. ബി.ജെ.പി ബാന്ധവം യു.ഡി.എഫും എൽ.ഡി.എഫും പരസ്പരം ആരോപിച്ചപ്പോൾ യു.ഡി.എഫ് – എൽ.ഡി.എഫ് ലയനമാണ് നല്ലതെന്നു പരിഹസിച്ചാണ് മോദി തിരിച്ചടിച്ചത്.നേമപ്പോര് രൂക്ഷംരാജ്യമാകെ ഉറ്റുനോക്കുന്ന നേമത്ത് ‘ബാന്ധവ’ത്തെ ചൊല്ലിയുള്ള വാക്പോര് രൂക്ഷമാണ്. രണ്ടാം സ്ഥാനത്തിന് സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കട്ടെയെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരൻ പറഞ്ഞപ്പോൾ മത്സരം എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലാണെന്നാണ് ഇടതുസ്ഥാനാർത്ഥി വി. ശിവൻകുട്ടി വാദിച്ചത്. കോൺഗ്രസ്- മാർക്സിസ്റ്റ് സഖ്യമാണ് നേമത്തെന്ന് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും കുറ്റപ്പെടുത്തി. ഇവിടെ മൂന്നാം സ്ഥാനത്ത് ആരാകുമെന്നതും ആകാംക്ഷയുണർത്തുന്നു.

ക്യാപ്റ്റൻ ആര്?​

ക്യാപ്റ്റൻ മുഖ്യമന്ത്രിയോ പാർട്ടിയോ എന്നാണ് ഇടതിലെ ചർച്ച. പാർട്ടിയാണ് ക്യാപ്റ്റനെന്നും പിണറായിയും വി.എസുമെല്ലാം സഖാക്കളാണെന്നും പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതോടെയാണ് ചർച്ചയായത്. പാർട്ടിയിൽ എല്ലാവരും സഖാക്കളാണെന്നും പാർട്ടിയാണ് ക്യാപ്റ്റനെന്നും പി. ജയരാജൻ ഫേസ്ബുക് പോസ്റ്റിട്ടതോടെ ചർച്ചയ്ക്ക് തീ പിടിച്ചു. കമ്മ്യൂണിസ്റ്റുകാർക്ക് എല്ലാവരും സഖാക്കളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. പിണറായിയാകട്ടെ അതിനെ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല.നേരത്തേ പി. ജയരാജനെ അണികൾ ചെഞ്ചോരപ്പൊൻകതിരെന്ന് വിശേഷിപ്പിച്ച വേളയിൽ,​ വ്യക്തിപൂജ സി.പി.എം അംഗീകരിക്കുന്നില്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. അതിന് നിന്നുകൊടുത്തതിന് സി.പി.എം സംസ്ഥാന കമ്മിറ്റി ജയരാജന് താക്കീതും നൽകി. വി.എസ് കൊണ്ടാടപ്പെട്ടപ്പോഴും വ്യക്തിയല്ല, പാർട്ടിയാണ് വലുതെന്ന നിലപാടാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്. അതാണിപ്പോഴത്തെ ചർച്ചകളെയും ശ്രദ്ധേയമാക്കുന്നത്

കാസർകോട്

സ്ഥിതി: മഞ്ചേശ്വരത്ത് യുഡിഎഫിന് എൻഡിഎയും ഉദുമയിൽ എൽഡിഎഫിന് യുഡിഎഫും വെല്ലുവിളി ഉയർത്തുന്നു. കാസർകോട് മണ്ഡലത്തിൽ മു‌സ്‍ലിം ലീഗ് വിജയം ഉറപ്പിച്ചുവെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ഇടതു കോട്ടകളായ കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരും എൽ‍ഡിഎഫിനെതിരെ യുഡിഎഫ് ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു; പക്ഷേ, വിജയത്തിലേക്കെത്താൻ വൻ തോതിൽ വോട്ടുകൾ യുഡിഎഫ് പിടിച്ചെടുക്കണം.

ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് ഇടതു കോട്ടകളിലടക്കം രാജ്മോഹൻ ഉണ്ണിത്താൻ നേടിയ മേൽക്കൈ തുടർന്നാൽ ജില്ലയിലെ 4 മണ്ഡലങ്ങൾ യുഡിഎഫിനൊപ്പം നിൽക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം പരിഗണിച്ചാൽ എൽഡിഎഫിന് 3 മണ്ഡലങ്ങൾ ലഭിക്കും.
സാധ്യത: 3 സീറ്റിൽ എൽഡിഎഫിനും 2 സീറ്റിൽ യുഡിഎഫിനും മുൻതൂക്കം.

കണ്ണൂർ

സ്ഥിതി: എൽഡിഎഫിനു കഴിഞ്ഞ തവണ 8–3 ആധിപത്യം ഉണ്ടായിരുന്ന ജില്ലയിൽ അവസാന ദിവസങ്ങളിൽ കടുത്ത മത്സരം നടക്കുന്നു. എങ്കിലും എൽഡിഎഫ് ആത്മവിശ്വാസത്തിൽ. 4 മണ്ഡലങ്ങളിൽ വിജയിക്കാമെന്നു കരുതുന്ന യുഡിഎഫ് അഞ്ചാമത് ഒന്നിൽ കൂടി പ്രതീക്ഷ വയ്ക്കുന്നു. തലശ്ശേരിയിൽ ബിജെപിക്കു സ്ഥാനാർഥി ഇല്ലാതായ സാഹചര്യം ആരെ തുണയ്ക്കും എന്നത് ഏവരും ഉറ്റുനോക്കുന്നു.

ഏറ്റവും കടുത്ത മത്സരം നടക്കുന്നത് യുഡിഎഫിന്റെ സിറ്റിങ് സീറ്റായ അഴീക്കോടാണ്. ബിജെപി പിടിക്കുന്ന വോട്ട് ഇരുവർക്കും നിർണായകമാണ്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരിൽ മന്ത്രി കെ.കെ.ശൈലജയും തമ്മിൽ ഭൂരിപക്ഷത്തിന്റെ റെക്കോർഡ് സ്വന്തമാക്കാൻ മത്സരിക്കുന്നു.

സാധ്യത: 6 സീറ്റിൽ എൽഡിഎഫിനും 4 സീറ്റിൽ യുഡിഎഫിനും മുൻതൂക്കം. 1 പ്രവചനാതീതം

വയനാട്

സ്ഥിതി: യുഡിഎഫ് കോട്ടയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ജില്ലയിൽ 3 മണ്ഡലങ്ങളിലും പൊരിഞ്ഞ പോരാട്ടമാണ്. ആദ്യഘട്ടത്തിൽ എൽഡിഎഫിനു മേൽക്കൈ ഉള്ള നിലയായിരുന്നു. എന്നാൽ, രാഹുൽ ഗാന്ധിയുടെ പ്രചാരണം യുഡിഎഫിന് ഉണർവേകി. 2 മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധി ഫാക്ടർ നിർണായകമാകും.

പാർട്ടിയിലെ പടലപിണക്കങ്ങളും പുകയുന്ന പ്രാദേശികവാദവും പൂർണമായി പരിഹരിക്കാനാകാത്തതാണു കോൺഗ്രസിനു മുന്നിലെ പ്രതിസന്ധി. 3 സീറ്റുകളിലും ബിജെപി വോട്ടുകൾ കൃത്യമായി പോൾ ചെയ്യുമോ എന്നതും നിർണായകമാകും. അമിത് ഷായുടെ പ്രചാരണം ബത്തേരിയിൽ വോട്ട് കൂട്ടുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

സാധ്യത: ഇരു മുന്നണികളും ഓരോ സീറ്റ് ഉറപ്പിക്കുന്നു. മൂന്നാം സീറ്റ് പ്രവചനാതീതം.

കോഴിക്കോട്

സ്ഥിതി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം നൽകാറുള്ള ജില്ലയിൽ ഇക്കുറി ഭൂരിഭാഗം സീറ്റുകളിലും കടുത്ത മത്സരമാണ്. എങ്കിലും ഇടതിനു മേൽക്കൈയുണ്ട്. കോഴിക്കോട് നോർത്തിൽ ശക്തമായ ത്രികോണ മത്സരം. രണ്ടു വട്ടം ജില്ലയിലെത്തിയ രാഹുൽ ഗാന്ധി ഞായറാഴ്ച നഗരത്തിൽ റോഡ് ഷോ കൂടി നടത്തുന്നതോടെ കൂടുതൽ ഉണർവ് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. വടകരയിൽ കെ.കെ.രമ മത്സരിക്കുന്നതിന്റെ സ്വാധീനം സമീപ മണ്ഡലങ്ങളിലുണ്ട്.

സാധ്യത: 4 സീറ്റിൽ എൽഡിഎഫിനും 2 സീറ്റിൽ യുഡിഎഫിനും മുൻതൂക്കം. 7 സീറ്റുകൾ പ്രവചനാതീതം.

മലപ്പുറം

സ്ഥിതി: മന്ത്രി കെ.ടി. ജലീൽ മത്സരിക്കുന്ന തവനൂർ ഉൾപ്പെടെ 4 സിറ്റിങ് സീറ്റുകളിലും എൽഡിഎഫ് കനത്ത വെല്ലുവിളി നേരിടുന്നു. യുഡിഎഫിന്റെ 12 സീറ്റിങ് സീറ്റുകളിൽ പെരിന്തൽമണ്ണയിലും മങ്കടയിലും എൽഡിഎഫ് പൊരിഞ്ഞ പോരാട്ടം കാഴ്ച വയ്ക്കുന്നു. എൻഡിഎയിൽ ബിജെപി 14 സീറ്റിലും ബിഡിജെഎസ് 2 സീറ്റിലും മത്സരിക്കുന്നുവെങ്കിലും വോട്ടു ശതമാനം ഉയർത്തുന്നതിലാണു ശ്രദ്ധ.

സാധ്യത: 14 സീറ്റുകളിൽ യുഡിഎഫിന് മുൻതൂക്കം. 4 സീറ്റിൽ എൽഡിഎഫിനു പ്രതീക്ഷ.

പാലക്കാട്

സ്ഥിതി: എൽഡിഎഫിന് 9 എംഎൽഎമാരുള്ള പാലക്കാട്ട് അട്ടിമറികൾ സംഭവിച്ചേക്കാം. എന്നാൽ എൽഡിഎഫ് മുൻതൂക്കം നിലനിർത്തിയേക്കും. യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ പാലക്കാട്, തൃത്താല എന്നിവിടങ്ങളിൽ കടുത്ത മത്സരമാണ്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ പട്ടാമ്പി, ഒറ്റപ്പാലം, നെന്മാറ എന്നിവിടങ്ങളിൽ വലിയ വെല്ലുവിളി യുഡിഎഫ് ഉയർത്തി.

സാധ്യത: 6 സീറ്റിൽ എൽഡിഎഫിനും 4 സീറ്റിൽ യുഡിഎഫിനും മുൻതൂക്കം. 2 സീറ്റ് പ്രവചനാതീതം

തൃശൂർ

സ്ഥിതി: കഴിഞ്ഞ തവണ ഒന്നൊഴിച്ച് 12 സീറ്റും തോറ്റ തൃശൂരിൽ ഇത്തവണ യുഡിഎഫ് സ്ഥിതി മെച്ചപ്പെടുത്തിയേക്കും. അഞ്ചിടത്ത് യുഡിഎഫ് മുന്നേറ്റം ശക്തമാണ്. 2 മണ്ഡലങ്ങളിൽ എൻഡിഎയുടെ അപ്രതീക്ഷിത മുന്നേറ്റവും നടന്നു. 9 മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിപ്പിക്കുന്ന പുതുമുഖങ്ങളാണ് മാറ്റത്തിന് വഴിയൊരുക്കിയത്. അക്കൗണ്ട് തുറക്കുമെന്നു ബിജെപി പ്രതീക്ഷിക്കുന്ന ഒരു മണ്ഡലവും ഇവിടെയുണ്ട്.

സാധ്യത: 7 മണ്ഡലത്തിൽ എൽഡിഎഫ്, 4 യുഡിഎഫ്, രണ്ടിടത്തു തുല്യത. ഒരിടത്തു എൻഡിഎ സാധ്യതയും ശക്തം.

എറണാകുളം

സ്ഥിതി: യുഡിഎഫ് ആധിപത്യം നിലനിർത്തുമെന്നു പ്രതീക്ഷിക്കുന്ന ജില്ല. അനുകൂലമായ രാഷ്ടീയ സാഹചര്യത്തിനു പുറമേ രാഹുൽ ഗാന്ധിയുടെ പര്യടനവും യുഡിഎഫിന് ആത്മവിശ്വാസം പകരുന്നു. കുന്നത്തുനാട്ടിൽ ട്വന്റി 20 സ്വാധീനം ചെലുത്തുമെന്ന സൂചനകളുണ്ട്. തൃപ്പൂണിത്തുറ പോലെയുള്ള ചില മണ്ഡലങ്ങളിൽ എൻഡിഎ നേടുന്ന വോട്ടുകളും തിരഞ്ഞെടുപ്പു ഫലത്തിൽ നിർണായകമാവും

സാധ്യത: 7 മണ്ഡലങ്ങളിൽ യുഡിഎഫിനും നാലിടത്ത് എൽഡിഎഫിനും സാധ്യത. മൂന്നിടത്ത് മത്സരം കടുപ്പം.

ഇടുക്കി

സ്ഥിതി: കേരള കോൺഗ്രസ് (എം) വന്നതോടെ മുന്നേറുമെന്ന് എൽഡിഎഫ് പ്രതീക്ഷിച്ച ജില്ലയിൽ അവസാന ലാപ്പിൽ യുഡിഎഫ് തിരിച്ചു വന്നു. രാഹുൽ‌ ഗാന്ധി ജില്ലയിൽ നാലിടത്തു നടത്തിയ പര്യടനം യുഡിഎഫിന്റെ ആവേശം ഉയർത്തി. എൻഡിഎ സ്ഥാനാർഥി നേടുന്ന വോട്ടിന്റെ ഏറ്റക്കുറച്ചിൽ ഇടുക്കിയിലും ദേവികുളത്തും വിധിയിൽ നിർണായകമാകും. ഭൂപതിവ് ചട്ട ഭേദഗതിയാണു ജില്ലയിൽ കത്തുന്ന പ്രചാരണ വിഷയം

സാധ്യത: 2 സീറ്റിൽ യുഡിഎഫിനും ഒരു സീറ്റിൽ എൽഡിഎഫിനും മുൻതൂക്കം. 2 സീറ്റിൽ കടുത്ത മത്സരം.

പത്തനംതിട്ട

സ്ഥിതി: മുഴുവൻ എംഎൽഎമാരും എൽഡിഎഫിനൊപ്പമായ ജില്ലയിൽ അവസാന ലാപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ്. 2016 നെക്കാൾ യുഡിഎഫ് നില മെച്ചപ്പെടുത്തുമെന്നാണ് സൂചനകൾ. ആറന്മുളയിൽ ബിജെപി പ്രതീക്ഷിച്ച വെല്ലുവിളി ഉയർത്തുന്നില്ല. അതേസമയം കെ.സുരേന്ദ്രൻ രംഗത്തുള്ള കോന്നിയിൽ കടുത്ത ത്രികോണ മത്സരം നടക്കുന്നു.

കോട്ടയം

സാധ്യത: 2 വീതം സീറ്റുകളിൽ യുഡിഎഫിനും എൽഡിഎഫിനും മുൻതൂക്കം. ഒരിടത്ത് പ്രവചനാതീതം.

സ്ഥിതി: യുഡിഎഫ് കോട്ട ആയിരുന്ന കോട്ടയത്തു കേരള കോൺഗ്രസ്(എം) മുന്നണി വിട്ടത് മാറ്റമുണ്ടാക്കുമോ എന്നതാണ് വലിയ ചോദ്യം. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്നു. പാലാ സീറ്റിൽ ശക്തമായ പോരാട്ടം. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ത്രികോണ മത്സരം നടക്കുന്നു. കടുത്തുരുത്തിയിലും ചങ്ങനാശേരിയിലും കേരള കോൺഗ്രസുകൾ നേർക്കുനേർ പോരാട്ടത്തിൽ.

സാധ്യത: 2 വീതം സീറ്റുകളിൽ യുഡിഎഫിനും എൽഡിഎഫിനും വ്യക്തമായ മേൽക്കൈ. 5 സീറ്റുകളിൽ കടുത്ത മത്സരം.

ആലപ്പുഴ

സ്ഥിതി: എൽഡിഎഫ് മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ, പി.തിലോത്തമൻ എന്നിവരെ മാറ്റിയത് സംസാരവിഷയമായി തുടരുന്നു. ഇടതുമുന്നണിയിലെ ഏറ്റവും കടുത്ത ശുഭാപ്തി വിശ്വാസികൾ പോലും കഴിഞ്ഞ തവണത്തെ നേട്ടം പ്രതീക്ഷിക്കുന്നില്ല. ശബരിമല പൊതുവെയും ആഴക്കടൽ മത്സ്യബന്ധന കരാർ പ്രശ്നം തീരദേശത്തും ഇടതുമുന്നണിക്കു തിരിച്ചടിയായേക്കും.

സാധ്യത: എൽ‍ഡിഎഫിനും യുഡിഎഫിനും 3 സീറ്റിൽ വീതം മുൻതൂക്കം. മൂന്നിടത്തെ ഫലം പ്രവചനാതീതം.

കൊല്ലം

സ്ഥിതി: ആകെയുള്ള 11 സീറ്റും കൈവശമുള്ള എൽഡിഎഫിന് എല്ലാം നിലനിർത്താൻ കഴിഞ്ഞേക്കില്ല. നാലിടത്ത് യുഡിഎഫ് തിരിച്ചുവരവിന്റെ വ്യക്തമായ സൂചന നൽകുന്നു. 3 മണ്ഡലങ്ങളിൽ ഇരുമുന്നണികളും അതിശക്തമായ പോരാട്ടം. ഒരിടത്തു ത്രികോണ മത്സരം. 5 തീരദേശമണ്ഡലങ്ങളിൽ ആഴക്കടൽ മത്സ്യബന്ധന കരാ‍ർ വിവാദം സ്വാധീനം ചെലുത്തും. 9 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബിജെപി കഴിഞ്ഞ തവണ രണ്ടാമതെത്തിയ ചാത്തന്നൂരിൽ പൊരിഞ്ഞ പോരാട്ടം.

സാധ്യത: 4 വീതം സീറ്റുകളിൽ ഇരുമുന്നണികൾക്കും മുൻതൂക്കം. മൂന്നിടത്ത് പ്രവചനാതീതം

തിരുവനന്തപുരം

സ്ഥിതി: എൽഡിഎഫ് ആധിപത്യം നിലനിർത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ജില്ലയിൽ അവസാന ദിവസങ്ങളിൽ‍ പകുതി മണ്ഡലങ്ങളിൽ ഒപ്പത്തിനൊപ്പം എന്ന നിലയിലേക്കു മത്സരം മുറുകി. നേമത്തും കഴക്കൂട്ടത്തും കാട്ടാക്കടയിലും നടക്കുന്നതു പ്രവചനാതീതമായ ത്രികോണ മത്സരം. കോൺഗ്രസ് രംഗത്തിറക്കിയ 8 പുതുമുഖങ്ങൾ വീറോടെ പോരാടുന്നതാണ് മത്സരചിത്രം മാറ്റിമറിച്ചത്.
ബിജെപി സ്ഥാനാർഥി നേടുന്ന വോട്ടിന്റെ ഏറ്റക്കുറച്ചിൽ 9 മണ്ഡലങ്ങളിൽ വിധി നിർണായകമാകും. ഭൂരിപക്ഷ വോട്ട് മൂന്നു കൂട്ടരും പങ്കിടുമ്പോൾ ന്യൂനപക്ഷ വോട്ട് കൂടുതൽ ആർക്ക് എന്നതു പ്രധാനം.

സാധ്യത: 5 സീറ്റിൽ എൽഡിഎഫിനും 4 സീറ്റിൽ യുഡിഎഫിനും മുൻതൂക്കം. 5 സീറ്റുകൾ പ്രവചനാതീതം

Leave a Reply

Latest News

കോവിഡ് മഹാമാരി തുടങ്ങിയ ശേഷം രാജ്യത്ത് രജിസ്റ്റർ ചെയ്യുന്ന വിൽപ്പത്രങ്ങളുടെ എണ്ണത്തിൽ വൻ വർധന

മുംബൈ :കോവിഡ് മഹാമാരി തുടങ്ങിയ ശേഷം രാജ്യത്ത് രജിസ്റ്റർ ചെയ്യുന്ന വിൽപ്പത്രങ്ങളുടെ എണ്ണത്തിൽ വൻ വർധന. ഇതിൽ കൂടുതലും കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതോട് കൂടിയാണ്...

More News