തിരുവനന്തപുരം: വർഗീയതയുമായി എൽഡിഎഫ് സന്ധി ചെയ്യില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വിപുലമായ ജനകീയ ഐക്യം രൂപപ്പെടുത്തും. തുടർഭരണ സാധ്യത ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫ് മതാധിഷ്ഠിത കൂട്ടുകെട്ടിന് മുതിർന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം യുഡിഎഫ് ന്യായീകരിച്ചു. അശോക് ഗെഹ്ലോട്ട് കേന്ദ്ര ഏജൻസികളെ വിമർശിച്ചിട്ടും പ്രതിപക്ഷം ചെയ്യുന്നില്ല. യുഡിഎഫിന്റെ അവസരവാദ നീക്കങ്ങൾ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച പ്രതിപക്ഷത്തിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. പ്രതിപക്ഷത്തെ ജനങ്ങൾ നിരാകരിക്കും. യുഡിഎഫിൽ കൂടുതൽ തർക്കങ്ങളാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നത്. യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായിരുന്ന കേരള കോണ്ഗ്രസ്-എം യുഡിഎഫ് വിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം കേരളത്തിൽ സാധാരണക്കാരന്റെ താത്പര്യങ്ങൾക്കൊപ്പം നിന്നില്ല. സാധാരണക്കാർക്കായി നടപാക്കിയ പദ്ധതി തകർക്കുകയാണ് പ്രതിപക്ഷം ചെയ്തത്. അതിനായി ബിജെപിയുമായി പ്രതിപക്ഷം കൈകോർത്തു.കേന്ദ്ര എജൻസികളെ പൂർണമായും ബിജെപി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളിൽനിന്നു കൂടുതൽ കാര്യങ്ങൾ അറിയുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ഇതിനായി സിപിഎമ്മിന്റെ നേതൃത്വത്തിൽ ജനുവരി 24 മുതൽ 31 വരെ ഗൃഹസന്ദർശനം നടത്തുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
English summary
The LDF will not compromise with communalism, says CPM state secretary A. Vijayaraghavan