സീറ്റുവിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ എല്‍ഡിഎഫ് യോഗം തിരുവനന്തപുരത്ത് ഇന്നു ചേരും. എകെജി സെന്ററില്‍ രാവിലെ പത്തിന് നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മേഖലാ ജാഥകളാണ് മുഖ്യ അജണ്ട. എന്‍സിപിയിലെ തര്‍ക്കത്തില്‍ മുന്നണി നേതൃത്വത്തിന്റെ ഇടപെടലിനും യോഗം സാക്ഷ്യം വഹിച്ചേക്കാം.
ഓരോ ഘടകകക്ഷികള്‍ക്കും സീറ്റ് ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കാനുള്ള അവസരമായിരിക്കും ഇന്നത്തെ എല്‍ഡിഎഫ് യോഗം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമേ അന്തിമതീരുമാനം ഉണ്ടാകൂ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോഴേക്കും സീറ്റുവിഭജനം പൂര്‍ത്തിയാക്കാനാണ് മുന്നണി തയാറെടുക്കുന്നത്. പാലാ സീറ്റിന്റെ പേരില്‍ ഇടഞ്ഞു നില്ക്കുന്ന എന്‍സിപിയിലെ ഒരുവിഭാഗമാണ് നേതൃത്വം നേരിടുന്ന തലവേദന. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും പ്രശ്ന പരിഹാരമായിട്ടില്ല.
മറ്റുഘടകകക്ഷികളും കൂടുതല്‍ സീറ്റെന്ന ആവശ്യം ഇതിനോടകം ഉയര്‍ത്തിയിട്ടുണ്ട്. പുതുതായി എത്തിയ കേരളാ കോണ്‍ഗ്രസ് എമ്മിനും എല്‍ജെഡിക്കും സീറ്റുകള്‍ കണ്ടെത്തണം. അപ്പോഴുണ്ടാകുന്ന സീറ്റുനഷ്ടം ആരു സഹിക്കുമെന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇതെല്ലാം പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള സമയക്രമം എല്‍ഡിഎഫ് യോഗം തീരുമാനിക്കും.
രണ്ട് മേഖലകളായി തിരിച്ച് സിപിഐഎമ്മിന്റെയും സിപിഐയുടേയും സംസ്ഥാന സെക്രട്ടറിമാര്‍ നയിക്കുന്ന യാത്രകളാണ് മറ്റൊരു പ്രധാന അജണ്ട. തെക്കന്‍ മേഖലാ ജാഥയ്ക്ക് കാനം രാജേന്ദ്രനും വടക്കന്‍ മേഖലാ ജാഥയ്ക്ക് എ.വിജയരാഘവനും നേതൃത്വം നല്‍കും. യാത്രയുടെ തീയതിയും മുദ്രാവാക്യവും ജാഥാംഗങ്ങള്‍ ആരൊക്കെയെന്നതും തീരുമാനിക്കും. സിബിഐയുടെ തുടര്‍നീക്കങ്ങള്‍ അനുസരിച്ച് സോളാര്‍ കേസ് പ്രചാരണ വിഷയമാക്കാനാണ് മുന്നണി ആലോചിക്കുന്നത്. ഒപ്പം തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം നടത്തി, തുടര്‍പരിപാടികള്‍ക്കു യോഗം രൂപം നല്‍കും.
English summary
The LDF meeting will convene in Thiruvananthapuram today to start the seat-sharing talks