അഞ്ചുവർഷംകൊണ്ട് വൈദ്യുതിക്ക്‌ യൂണിറ്റിന് രണ്ടു രൂപ 30 പൈസ കൂട്ടണമെന്ന് വൈദ്യുതി ബോർഡ്

0

തിരുവനന്തപുരം:അഞ്ചുവർഷംകൊണ്ട് വൈദ്യുതിക്ക്‌ യൂണിറ്റിന് രണ്ടു രൂപ 30 പൈസ കൂട്ടണമെന്ന് വൈദ്യുതി ബോർഡ്. വരുന്ന സാമ്പത്തികവർഷം ഒരു രൂപ കൂട്ടണം. മുമ്പെങ്ങുമില്ലാത്തവിധമുള്ള വൻ വർധനയാണ് ‌ആവശ്യപ്പെടുന്നത്. ഇതിനുള്ള അപേക്ഷ തിങ്കളാഴ്ച റെഗുലേറ്ററി കമ്മിഷന് സമർപ്പിക്കും. ഉപഭോക്താക്കളുടെ അഭിപ്രായവും ബോർഡിന്റെ സാമ്പത്തികസ്ഥിതിയും പരിഗണിച്ച് എത്രകൂട്ടണമെന്ന് കമ്മിഷൻ തീരുമാനിക്കും.

2013-’14 മുതൽ 2019-’20 വരെ ആകെ ഒരുരൂപയാണ് യൂണിറ്റിന് കൂടിയത്. ഈ സ്ഥാനത്ത് അടുത്ത ഒരുവർഷംമാത്രം ഒരുരൂപ കൂട്ടണമെന്നാണ് ആവശ്യം. വീടുകളിലെ നിരക്കിൽ ഏകദേശം 20 ശതമാനം വരും ഈ വർധന. ഇപ്പോൾ കേരളത്തിൽ യൂണിറ്റിന് ശരാശരി 6.10 രൂപയാണ്. ക്രോസ് സബ്‌സഡിയുള്ളതുകൊണ്ട് താഴ്ന്നസ്ലാബുകളിൽ നിരക്ക് കുറവാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണിത്. ബോർഡ് ആവശ്യപ്പെടുന്ന വർധന അനുവദിച്ചാൽ വർഷംതോറും ഏകദേശം 50 പൈസ കൂടും. ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറും. ഇതുവരെ വർഷം ശരാശരി കൂടിയിരുന്നത് 25 പൈസയാണ്.

അഞ്ചുവർഷംകൊണ്ട് 2.30 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ടാലും പ്രസരണ നഷ്ടവും ബോർഡിന്റെ സാമ്പത്തിക നഷ്ടവും കുറയുന്നതോടെ ഭാവിയിൽ നിരക്ക് വർധന 1.50 രൂപയായി പിടിച്ചുനിർത്താനാവുമെന്നും ബോർഡ് അവകാശപ്പെടുന്നു.

നിരക്ക് കൂട്ടുന്നതിലൂടെ ആദ്യവർഷം 2800 കോടിയും അടുത്തവർഷങ്ങളിൽ 1800 കോടിയുമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചുവർഷം 28,000 കോടിയുടെ മൂലധന നിക്ഷേപം നടത്താനാണ് ബോർഡിന്റെ തീരുമാനം. ഇത് ബോർഡിന്റെ ഇതുവരെയുള്ള ആസ്തിയെക്കാൾ കൂടുതലാണ്. ഇതാണ് നിരക്ക് അസാധാരണമായി ഉയർത്തണമെന്ന് ആവശ്യപ്പെടുന്നതിന് ഒരു കാരണം. ഇതിൽ 13,000 കോടി വിതരണ ശൃംഖല നവീകരിക്കുന്നതിനുള്ള കേന്ദ്രസഹായ പദ്ധതിയാണ്. പ്രീ പെയ്ഡ് സ്മാർട്ട് മീറ്ററിലേക്ക്‌ എല്ലാ ഉപഭോക്താക്കളെയും മാറ്റുന്നതിന് 8,000 കോടിവേണം. കേന്ദ്രസഹായമുള്ള പദ്ധതികളുടെ ചെലവ്, നിരക്കിൽ പ്രതിഫലിക്കില്ലെങ്കിലും മറ്റു ചെലവുകൾ ഉപഭോക്താവുതന്നെ വഹിക്കണം.

Leave a Reply