ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത് കണ്ണൂര്‍ സ്വദേശി. മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെപ്പില്‍ 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) 26 വയസുകാരനായ ശരത് കുന്നുമ്മല്‍ സ്വന്തമാക്കിയത്. ഒന്‍പത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തത്.
ഫെബ്രുവരി രണ്ടിന് ഓണ്‍ലൈനിലൂടെ എടുത്ത 4275 നമ്പര്‍ ടിക്കറ്റിലൂടെയാണ് ശരതിനെയും കൂട്ടുകാരെയും കോടികളുടെ ഭാഗ്യം തേടിയെത്തിയത്. യുഎഇയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ശരതിന് പ്രതിമാസം 1600 ദിര്‍ഹമാണ് ശമ്പളം. നറുക്കെടുപ്പിലൂടെ ലഭിച്ച ഏഴ് കോടി രൂപ പത്ത് സുഹൃത്തുക്കള്‍ തുല്യമായി പങ്കുവെയ്ക്കും.
“എഴുപത് വയസിനു മുകളില്‍ പ്രായമായവരാണ് എന്റെ മാതാപിതാക്കള്‍. ഇരുവര്‍ക്കും ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. അവര്‍ക്കായി പണം കരുതിവെയ്ക്കും. മാതാപിതാക്കള്‍ക്കായി നാട്ടിലൊരു വീണ് നിര്‍മിക്കണമെന്നതാണ് തന്റെ സ്വപ്നം” – ശരത് പറഞ്ഞു. ബുദ്ധിമുട്ടേറിയ സമയത്ത് സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.
അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരി രെഹ രൂപേഷിനാണ് നറുക്കെടുപ്പില്‍ ബിഎംഡബ്ല്യൂ എക്സ് 6 എം50ഐ കാര്‍ ലഭിച്ചത്. 17 കാരിയായ രെഹയുടെ പേരില്‍ അച്ഛനാണ് ജനുവരി 16ന് ഓണ്‍ലൈനിലൂടെ ടിക്കറ്റെടുത്തത്. അബുദാബി ഇന്ത്യന്‍ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് രെഹ. അബുദാബി ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ ഓപ്പറേഷന് ഓഫീസറായി ജോലി ചെയ്യുന്ന സാനിയോ തോമസിനും നറുക്കെടുപ്പില്‍ ആഡംബര ബൈക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.
English summary
The Kannur native won the first prize in the Dubai Duty Free lottery held on Wednesday