ഭരണത്തിലും പാര്‍ട്ടിയിലും മുന്നണിയിലും ഇനി “കണ്ണൂര്‍ ലോബി”

0

കണ്ണൂര്‍: ഭരണത്തിലും പാര്‍ട്ടിയിലും മുന്നണിയിലും ഇനി “കണ്ണൂര്‍ ലോബി”. കണ്ണൂരിലെ കരുത്തനായ നേതാവ്‌ ഇ.പി. ജയരാജന്റെ കൈയ്യില്‍ എല്‍.ഡി.എഫ്‌. കണ്‍വീനറുടെ റോള്‍ എത്തിയതോടെയാണ്‌ ഇടതു ഭരണത്തില്‍ കണ്ണൂരിന്റെ മേധാവിത്തം പൂര്‍ണമായിരിക്കുന്നത്‌.
ഇന്നലെ ചേര്‍ന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തിലാണ്‌ ജയരാജന്‍ എല്‍.ഡി.എഫ്‌. കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടത്‌. നേരത്തെ മന്ത്രിയായിരുന്നതിന്റെ അനുഭവപരിചയം മുന്നണിയെ നയിക്കാന്‍ ഇ.പിക്ക്‌ മുതല്‍ കൂട്ടാവുമെന്നാണ്‌ സി.പി.എം. പ്രതീക്ഷ. നിലവിലെ കണ്‍വീനറായ എ. വിജയരാഘവനെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌ പി.ബിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അദ്ദേഹത്തിനു പകരക്കാരനായാണ്‌ മറ്റൊരാളെ തേടിയത്‌.
കണ്ണൂരില്‍നിന്നുള്ള മൂന്നാമത്തെ എല്‍.ഡി.എഫ്‌. കണ്‍വീനറാണ്‌ കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജന്‍. 1970കളില്‍ കണ്ണൂരുകാരനായ അഴീക്കോടന്‍ രാഘവനും 1986 ല്‍ പി.വി കുഞ്ഞിക്കണ്ണനും ശേഷമാണ്‌ ഇ.പി. ജയരാജന്‌ നറുക്ക്‌ വീഴുന്നത്‌.
നേരത്തെ ഇ.പിയെ പോളിറ്റ്‌ ബ്യൂറോയിലേക്ക്‌ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ട്‌ പുറത്തുവന്നിരുന്നു. എന്നാല്‍ എ. വിജയരാഘവനെയാണ്‌ പാര്‍ട്ടി ഉള്‍പ്പെടുത്തിയത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ താന്‍ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലേക്കില്ലെന്ന്‌ ഇ.പി. തുറന്നുപറഞ്ഞിരുന്നു. ശാരീരിക അവശതയാണ്‌ ഇതിന്‌ അദ്ദേഹം കാരണമായി പറഞ്ഞിരുന്നത്‌. അതുകൊണ്ടു തന്നെ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ പദവി അദ്ദേഹം ഏറ്റെടുക്കുമോയെന്നതില്‍ അനിശ്‌ചിതത്വവും നിലനിന്നിരുന്നു. മൂന്ന്‌ തവണ എം.എല്‍.എയായിരുന്ന ഇ.പി. ജയരാജന്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ വ്യവസായ, കായിക മന്ത്രിയായിരുന്നു. 1997 ല്‍ അഴീക്കോടുനിന്നാണ്‌ അദ്ദേഹം ആദ്യം നിയമസഭയിലെത്തിയത്‌. പിന്നീട്‌ 2011ലും 2016 ലും മട്ടന്നൂരില്‍നിന്നു നിയമസഭയിലെത്തി. 2024 ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായി എല്‍.ഡി.എഫിനെ കൂടുതല്‍ ശക്‌തിപ്പെടുത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ വിജയരാഘവന്‌ പകരം മറ്റൊരു ഉന്നതനേതാവിനെത്തന്നെ കണ്‍വീനര്‍ സ്‌ഥാനത്തേക്ക്‌ നിയോഗിച്ചത്‌.
മുഖ്യമന്ത്രി, പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി എന്നിവയ്‌ക്കു പുറമേ എല്‍.ഡി.എഫ്‌. കണ്‍വീനറായും കണ്ണൂരുകാരന്‍ തന്നെ വന്നത്‌ വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയായേക്കും.
എന്നാല്‍ എല്‍.ഡി.എഫ്‌ കണ്‍വീനറായതോടെ ഇ.പി. തന്റെ പ്രവര്‍ത്തന കേന്ദ്രം തിരുവനന്തപുരത്തേക്ക്‌ മാറ്റിയേക്കും. സംസ്‌ഥാന നേതൃത്വത്തിന്‌ മാത്രമല്ല, പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തിനും ഏറ്റവും പ്രിയപ്പെട്ട നേതാക്കളിലൊരാളാണ്‌ ഇ.പി ജയരാജന്‍.

LEAVE A REPLY

Please enter your comment!
Please enter your name here