ഇരവിപുരം(കൊല്ലം): പൊലീസിൽ പരാതി നൽകിയതിന് ഭാര്യക്കും മകൾക്കും ബന്ധുക്കളുമായ രണ്ട് കുട്ടികൾക്കും നേരെ ആസിഡ് ആക്രമണം നടത്തി ഒളിവിൽപോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച രാത്രിയാണ് ക്രൂരമായ സംഭവമുണ്ടായത്.
വാളത്തുംഗൽ സഹൃദയ ക്ലബിന് സമീപം മംഗാരത് കിഴക്കതിൽ രജി, മകൾ 14 വയസ്സുകാരി ആദിത്യ, സമീപത്തെ കുട്ടികളായ പ്രവീണ, നിരഞ്ജന എന്നിവർക്കുനേരെ രജിയുടെ ഭർത്താവ് ജയൻ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രജിയെയും ആദിത്യയെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഹരിക്കടിമയായ ജയൻ നിരന്തരം ഭാര്യയെയും മക്കളെയും മർദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ഭാര്യയെ മർദിക്കുകയും വീട് അടിച്ചുതകർക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. അസിഡ് ഒഴിക്കാൻ ശ്രമിച്ചതോടെ രജി ഒഴിഞ്ഞുമാറി രക്ഷപ്പെട്ടിരുന്നു. പിന്നീട് രജി ഇരവിപുരം പൊലീസിൽ വിവരം അറിയിച്ചു.
പൊലീെസത്തി തിരച്ചിൽ നടത്തി മടങ്ങിയ സമയം തിരികെ എത്തിയ ജയൻ ഭാര്യയുടെ മുഖത്തും കുട്ടികളുടെ ദേഹത്തും ആസിഡ് ഒഴിക്കുകയായിരുന്നു. ചൊവ്വാഴ്ച രജി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എത്തി ജയൻ വഴക്കിട്ടിരുന്നു.
English summary
The investigation has been intensified for the absconding accused who carried out an acid attack on his wife, daughter and two children, who had lodged a complaint with the police. The brutal incident took place on Tuesday night.