യുക്രെയ്നിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ അവിടത്തെ ഇന്ത്യൻ എംബസിയുടെ ഇടപെടൽ കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമായി

0

യുക്രെയ്നിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ അവിടത്തെ ഇന്ത്യൻ എംബസിയുടെ ഇടപെടൽ കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമായി. റഷ്യ ആക്രമണം തുടങ്ങി 5 ദിവസം കഴിയുമ്പോഴും കിഴക്കൻ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർ ഭൂഗർഭ ബങ്കറുകളിൽ കഴിയുകയാണ്. യുക്രെയ്ൻ – റഷ്യ സേനകൾ തമ്മിൽ രൂക്ഷപോരാട്ടം തുടരുന്ന മേഖലയിൽ കുടുങ്ങിയവരെ ഇപ്പോൾ രക്ഷിക്കാനാവുന്ന സാഹചര്യമല്ലെന്നും അവിടെത്തന്നെ കഴിയണമെന്നുമാണ് എംബസിയുടെ നിലപാട്.

സംഘർഷം വഷളാകുമെന്ന മുന്നറിയിപ്പ് മുൻകൂട്ടി കൈമാറുന്നതിൽ വീഴ്ച വരുത്തുകയും രക്ഷാദൗത്യത്തിന്റെ കാര്യത്തിൽ കൈമലർത്തുകയും ചെയ്യുന്ന എംബസിയുടെ പ്രവൃത്തി നിരുത്തരവാദപരമാണെന്ന് വിദ്യാർഥികൾ ‘മനോരമ’യോടു പറഞ്ഞു. കനത്ത മിസൈലാക്രമണം തുടരുന്ന ഹർകീവ്, സുമി എന്നിവിടങ്ങളിൽ മലയാളികളടക്കം ആയിരക്കണക്കിനു വിദ്യാർഥികളാണു കൊടുംതണുപ്പിൽ ബങ്കറുകളിൽ കഴിയുന്നത്. ഇവരുടെ ഭക്ഷണവും വെള്ളവും തീരുകയാണ്. എംബസിയുടെ ഹെൽപ്‌ലൈൻ നമ്പറുകളിൽ വിളിച്ചാൽ മറുപടി പോലും ലഭിക്കുന്നില്ല. കരഞ്ഞപേക്ഷിക്കുന്ന വിഡിയോ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് എംബസിയുടെ സഹായം തേടുകയാണ് ഇവർ.

പടിഞ്ഞാറൻ അതിർത്തിയിലേക്കെത്തിയാൽ സുരക്ഷിതമായി നാട്ടിലെത്തിക്കാമെന്ന എംബസിയുടെ നിലപാടിനെയും വിദ്യാർഥികൾ ചോദ്യം ചെയ്യുന്നു. അതിർത്തി വരെ സുരക്ഷിതമായി എത്താനാണു സഹായം വേണ്ടതെന്ന് ഇവർ പറയുന്നു. സംഘർഷ മേഖലകളിലൂടെ നൂറുകണക്കിനു കിലോമീറ്ററുകൾ നടന്നാണു വിദ്യാർഥികളിൽ പലരും പടിഞ്ഞാറൻ അതിർത്തിയിലേക്കെത്തുന്നത്.

Leave a Reply