ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിനു കമന്റിട്ടതിന്റെ പേരില്‍ ഹോട്ടല്‍ തൊഴിലാളിയുടെ കൈയും കാലും സി.പി.എം, ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തല്ലിയൊടിച്ചു

0

തൊടുപുഴ: ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിനു കമന്റിട്ടതിന്റെ പേരില്‍ ഹോട്ടല്‍ തൊഴിലാളിയുടെ കൈയും കാലും സി.പി.എം, ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തല്ലിയൊടിച്ചു. സംഭവത്തില്‍ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സി.പി.എമ്മിന്റെ മുന്‍ പ്രവര്‍ത്തകന്‍ കൂടിയായ കരിമണ്ണൂര്‍ കമ്പിപ്പാലം വെച്ചൂര്‍ ജോസഫ്‌ ചാക്കോ(51)യാണു മര്‍ദനത്തിനിരയായത്‌. ഡി.വൈ.എഫ്‌.ഐ. കരിമണ്ണൂര്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ നെയ്യശേരി പുളിയാമ്പിള്ളില്‍ സോണി സോമി (26), ഡി.വൈ.എഫ്‌.ഐ. ഉടുമ്പന്നൂര്‍ മേഖലാ ട്രഷറര്‍ പുത്തന്‍പുരയില്‍ അനന്തു സന്തോഷ്‌ (23) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
കഴിഞ്ഞ ഒന്നിനു രാത്രി പത്തോടെ കരിമണ്ണൂര്‍ ടൗണില്‍ ജോസഫ്‌ ചാക്കോ ജോലി ചെയ്യുന്ന ഹോട്ടലിനു സമീപത്തുവച്ചായിരുന്നു മര്‍ദനം. ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ ജോസഫിന്‌ ഭീഷണിയുണ്ടായിരുന്നു. ബൈക്കുമായി തന്നെ കൊണ്ടുപോകാന്‍ എത്തണമെന്ന്‌ മകനെ വിളിച്ചുപറഞ്ഞിരുന്നു. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെന്നു പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ വിളിച്ച്‌ എവിടെയാണു നില്‍ക്കുന്നതെന്ന്‌ അന്വേഷിച്ചു. മകനെ കാത്തുനില്‍ക്കുന്നതിനിടെ അക്രമി സംഘം കമ്പി വടി ഉള്‍പ്പെടെയുള്ള മാരകായുധം ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നിലവിളി കേട്ട്‌ ഓടിയെത്തിയ നാട്ടുകാരാണു രക്ഷിച്ച്‌ ആശുപത്രിയിലെത്തിച്ചത്‌.
കരിമണ്ണൂരില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാളുടെ ഫോട്ടോ മറ്റൊരാള്‍ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇതിന്റെ കമന്റായി സി.പി.എം. ഏരിയ സെക്രട്ടറി പി.പി. സുമേഷിനെ ഇകഴ്‌ത്തിക്കാട്ടുന്ന വിധത്തില്‍ ജോസഫ്‌ എഴുതിയ കമന്റായിരുന്നു പ്രകോപനം. കമന്റ്‌ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജോസഫിന്റെ മകനും യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ മണ്ഡലം പ്രസിഡന്റുമായ ജിജോയെ സി.പി.എം. പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച്‌ അറിയിച്ചു. ഇതേത്തുടര്‍ന്ന്‌ ഫെയ്‌സ്‌ബുക്കിലെ കമന്റ്‌് നീക്കം ചെയ്‌തു. ജോസഫിന്റെ മകന്‍ ഏതാനും നാള്‍ മുമ്പാണ്‌ ഡി.വൈ.എഫ്‌.ഐയില്‍നിന്നു മാറി യൂത്ത്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌. ഇതും പ്രകോപനത്തിനു കാരണമായതായി പറയുന്നു.
അറസ്‌റ്റിലായ സോണിയെയും അനന്തുവിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കണ്ടാലറിയാവുന്ന മറ്റ്‌ 20 പേര്‍ക്കെതിരേയും കേസുണ്ട്‌. ഐ.പി.സി. 143, 144, 147, 147, 149, 294(ബി), 323, 326, 506 വകുപ്പുകള്‍ പ്രകാരമാണു കേസ്‌. സി.പി.എം. കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി.പി. സുമേഷിന്റെ നേതൃത്വത്തിലാണ്‌ അക്രമികള്‍ എത്തിയതെന്നാണു ജോസഫിന്റെ മൊഴി. രാഷ്‌ട്രീയ സംഘര്‍ഷമാണ്‌ ഉണ്ടായതെന്നും മറ്റു പ്രതികളെ അന്വേഷിച്ചുവരുന്നതായും കരിമണ്ണൂര്‍ എസ്‌.എച്ച.്‌ഒ. സുമേഷ്‌ സുധാകരന്‍ പറഞ്ഞു.

Leave a Reply