ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന്‌ ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

0

കൊച്ചി: ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന്‌ ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പോലീസ്‌ റിപ്പോര്‍ട്ട്‌ അംഗീകരിച്ചാണ്‌ ഹൈക്കോടതി ഉത്തരവ്‌.
സിനിമയെക്കുറിച്ച്‌ വിമര്‍ശനമുന്നയിക്കുന്നവര്‍ പൂര്‍ണമായി കണ്ടശേഷമായിരിക്കണം അതിനെതിരെ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഭാഷാപ്രയോഗം സംബന്ധിച്ചു മനസിലാക്കണമെങ്കില്‍ പൂര്‍ണമായി സിനിമ കണ്ടവര്‍ക്കേ മനസിലാക്കാന്‍ കഴിയു. കലാകാരന്‍മാര്‍ സമൂഹത്തിന്റെ ഭാഗമാണ്‌. ഇവര്‍ മാസങ്ങളോളം ചെലവഴിച്ചാണ്‌ സിനിമകള്‍ സൃഷ്‌ടിക്കുന്നത്‌. അതുകൊണ്ടു സിനിമ പൂര്‍ണാമായി കാണാതെയുള്ള വിമര്‍ശനം ശരിയല്ലെന്നും കോടതി വ്യക്‌തമാക്കി. സമൂഹമാധ്യങ്ങള്‍ ദുരുപയോഗം ചെയ്‌താണ്‌ പലരുടെയും വിമര്‍ശനങ്ങളെന്നും കോടതി വ്യക്‌തമാക്കി. സമൂഹമാധ്യങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഇവ നല്ല രീതിയില്‍ ഉപയോഗിക്കുന്ന നിരവധിയാളുകളുണ്ടെന്നും കോടതി പറഞ്ഞു.
സിനിമയിലെ ഭാഷാപ്രയോഗം കഥാസന്ദര്‍ഭത്തിന്‌ യോജിച്ചതാണെന്നും നടപടി എടുക്കാനാകില്ലെന്നും പ്രത്യേക അനേ്വഷണസംഘം ഡി.ജി.പിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈകോടതി ഡി.ജി.പിയെ സ്വമേധയാ കക്ഷിചേര്‍ക്കുകയായിരുന്നു. സിനിമ കണ്ട്‌ ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഡി.ജി.പിയോടു കോടതി നിര്‍ദേശിച്ചിരുന്നു. പൊതുധാര്‍മികതയ്‌ക്ക്‌ നിരക്കാത്ത സിനിമയാണ്‌ ചുരുളിയെന്നും ചിത്രം ഒ.ടി.ടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട്‌ തൃശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷകയാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.

Leave a Reply