കൊച്ചി: മേൽകോടതിയുടെ ഉത്തരവുകൾ പാലിക്കാൻ കീഴ്കോടതികൾക്ക് ബാധ്യതയുണ്ടെന്ന് ഹൈകോടതി. ഉത്തരവ് നടപ്പാക്കാൻ എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ അക്കാര്യം മജിസ്ട്രേറ്റ് വ്യക്തമാക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശിച്ചു.
പീഡനക്കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യഹരജി അന്നുതന്നെ പരിഗണിച്ച് തീർപ്പാക്കണമെന്ന ഹൈകോടതി ഉത്തരവ് പാലിക്കാതിരുന്ന അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയാണ് സിംഗിൾ ബെഞ്ചിെൻറ നിരീക്ഷണം. മജിസ്ട്രേറ്റിെൻറ നടപടിയുടെ വിശദ പരിശോധനക്ക് വിധിപ്പകർപ്പ് സബോഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാർക്ക് കൈമാറാനും നിർദേശിച്ചു. മജിസ്േട്രറ്റ് കോടതി ജാമ്യം നിഷേധിച്ച പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.
ജയിലിലായ ഭർത്താവിനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അടൂർ പഴകുളം സ്വദേശി അബ്ദുൽ റഹ്മാെൻറ മുൻകൂർ ജാമ്യഹരജി തള്ളിയ ഹൈകോടതി 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്നും ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യഹരജി നൽകിയാൽ അന്നുതന്നെ പരിഗണിക്കണമെന്നും നിർദേശിച്ചിരുന്നു. നവംബർ 25ന് കീഴടങ്ങിയ പ്രതിയെ അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. എന്നാൽ, ജാമ്യഹരജി തുടർച്ചയായി രണ്ടുതവണ മാറ്റിവെച്ചശേഷം 27ന് തള്ളി. തുടർന്നാണ് ഇയാൾ ൈഹകോടതിയെ സമീപിച്ചത്.
മജിസ്േട്രറ്റിെൻറ നടപടിയെക്കുറിച്ച് ഹരജിക്കാരൻ ഉന്നയിച്ച പരാതി ശരിയാണെങ്കിൽ ഗൗരവമുള്ള വിഷയമാണെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു. ജാമ്യഹരജി അന്നുതന്നെ പരിഗണിക്കണമെന്ന നിർദേശം പാലിച്ചില്ലെന്നുമാത്രമല്ല, കാരണമൊന്നും പറയാതെയും ഹൈകോടതി ഉത്തരവ് പരാമർശിക്കാതെയും രണ്ടുതവണ മാറ്റിവെച്ചു. അസൗകര്യങ്ങളൊന്നും ഉത്തരവിൽ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി വിമർശിച്ചു.
English summary
The High Court held that the lower courts were bound to comply with the orders of the upper court