അധികാരമുള്ളവര്‍ക്ക്‌ ഒരു നിയമവും സാധാരണക്കാരന്‌ മറ്റൊരു നിയമവുമെന്ന സമീപനം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി

0

കൊച്ചി: അധികാരമുള്ളവര്‍ക്ക്‌ ഒരു നിയമവും സാധാരണക്കാരന്‌ മറ്റൊരു നിയമവുമെന്ന സമീപനം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി. വഴിയോരങ്ങളിലുള്ള അനധികൃത കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന ഉത്തരവ്‌ പാലിക്കപ്പെടാത്തതു ചൂണ്ടിക്കാട്ടിയാണ്‌ കോടതി നിരീക്ഷണം. കോടതി ഒരു നല്ല കാര്യത്തിനു മുതിര്‍ന്നപ്പോള്‍ സംസ്‌ഥാന സര്‍ക്കാര്‍ അതിനു സഹായകമായ നിലപാട്‌ സ്വീകരിച്ചില്ലെന്നും കോടതി പറഞ്ഞു.
നിയമവിരുദ്ധമായി സ്‌ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ നിലനിര്‍ത്തുന്ന നടപടി അനുവദിക്കാനാകില്ല. ഭാവിയില്‍ അനധികൃത കൊടിമരങ്ങള്‍ സ്‌ഥാപിക്കില്ലെന്നു്‌ ഉറപ്പുനല്‍കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. കൊടിമരങ്ങള്‍ നീക്കുന്ന നടപടി ആരംഭിച്ചതായും പുതിയവ സ്‌ഥാപിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ ചെയ്‌തുവരുകയാണെന്നും സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ അശോക്‌ എം. ചെറിയാനും സീനിയര്‍ ഗവ. പ്ലീഡര്‍ എസ്‌. കണ്ണനും കോടതിയില്‍ ബോധിപ്പിച്ചു. കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിനു കൂടുതല്‍ സമയം അനുവദിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു
കോടതിയോട്‌ ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ സത്യസന്ധതത പുലര്‍ത്തണമെന്നു കോടതി വ്യക്‌തമാക്കി. അനധികൃത കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിനു നയം രൂപീകരിക്കാനായി മാര്‍ച്ച്‌ 28 വരെ കോടതി സമയം അനുവദിച്ചു. ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രനാണു കേസ്‌ പരിഗണിച്ചത്‌.

Leave a Reply