Wednesday, December 1, 2021

സഹോദരന്മാരെ പ്രതികളാക്കിയ പീഡനക്കേസില്‍ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിയുടെ റിപ്പോര്‍ട്ട്‌ ഞെട്ടിക്കുന്നതാണെന്നു ഹൈക്കോടതി

Must Read

കൊച്ചി: സഹോദരന്മാരെ പ്രതികളാക്കിയ പീഡനക്കേസില്‍ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിയുടെ റിപ്പോര്‍ട്ട്‌ ഞെട്ടിക്കുന്നതാണെന്നു ഹൈക്കോടതി. പെണ്‍കുട്ടികള്‍ വീടുവിട്ടുപോയ കേസില്‍ സഹോദരങ്ങളെ പ്രതിസ്‌ഥാനത്തുനിന്നൊഴിവാക്കാന്‍ അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ്‌ പോലീസിനെതിരേ ഹൈക്കോടതിയുടെ വിമര്‍ശനം.
കാണാതായ പെണ്‍കുട്ടികളെത്തേടി ഡല്‍ഹിയില്‍ പോകാനും പെണ്‍കുട്ടിയുടെ സഹോദരന്‍മാരെ കേസില്‍ പ്രതികളാക്കാതിരിക്കാനും പോലീസ്‌ അഞ്ച്‌ ലക്ഷം രൂപ കൈക്കൂലി ചോദിക്കുകയും പരാതിക്കാരുടെ ചെലവില്‍ ഡല്‍ഹിക്ക്‌ വിമാനത്തില്‍ പോകുകയും ചെയ്‌തെന്ന ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയുടെ റിപ്പോര്‍ട്ട്‌ ഞെട്ടിക്കുന്നതാണെന്നും ഹൈക്കോടതി വ്യക്‌തമാക്കി. സി.പി.ഒമാര്‍ അടക്കം മൂന്ന്‌ പേര്‍ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്‌ പരാതിക്കാരുടെ ചെലവില്‍ പോയത്‌ ഉത്തരവാദിത്തപ്പെട്ടവര്‍ അറിഞ്ഞോ എന്ന്‌ കോടതി സര്‍ക്കാര്‍ അഭിഭാഷകനോട്‌ ആരാഞ്ഞു. ഒരു എ.എസ്‌.ഐ. വിചാരിച്ചാല്‍ എന്തും നടക്കുമോ എന്നും ഇത്രയും പേര്‍ക്ക്‌ വിമാനക്കൂലി എത്രയായി എന്നും കോടതി ആരാഞ്ഞു.
കഴിഞ്ഞ ഓഗസ്‌റ്റില്‍ സഹോദരിക്കൊപ്പം വീട്‌ വിട്ട പെണ്‍കുട്ടിയെ പോലീസ്‌ ഡല്‍ഹിയില്‍നിന്നാണ്‌ കണ്ടെത്തിയത്‌. അന്വേഷണത്തിനായി മൂന്ന്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഡല്‍ഹിയില്‍ പോകാന്‍ വിമാന ടിക്കറ്റ്‌ ചോദിച്ച്‌ വാങ്ങിയെന്ന്‌ യു.പി. സ്വദേശികളായ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടു എ.എസ്‌.ഐയെ സസ്‌പെന്‍ഡ്‌ ചെയ്‌തെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഒരു എ.എസ്‌.ഐ. മാത്രം വിചാരിച്ചാല്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന്‌ ചോദിച്ച ഹൈക്കോടതി കേസില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍മാരെ പ്രതിയാക്കാതിരിക്കാന്‍ എ.എസ്‌.ഐ. 5 ലക്ഷം കൊടുത്തത്‌ പോലീസ്‌ റിപ്പോര്‍ട്ടിലില്ലാത്തതെന്തുകൊണ്ടെന്നും കോടതി ചോദിച്ചു.
പെണ്‍കുട്ടികള്‍ സഹോദരന്‍മാര്‍ക്കെതിരേ മൊഴി നല്‍കിയിട്ടുണ്ടെന്ന്‌ സര്‍ക്കാര്‍ വാദിച്ചു. കെല്‍സ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടികള്‍ക്ക്‌ വീട്ടുകാര്‍ക്ക്‌ ഒപ്പം പോകണമെന്നാണല്ലോ ഉള്ളതെന്നും ഇതെന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു. പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഇടപെട്ടാണ്‌ സഹോദരന്‍മാര്‍ക്കെതിരേ മൊഴി കൊടുപ്പിച്ചതെന്ന്‌ റിപ്പോര്‍ട്ടിലുണ്ടെന്ന്‌ കെല്‍സ അഭിഭാഷകന്‍ ഇതിന്‌ മറുപടിയായി പറഞ്ഞു. പ്രതികളായ സഹോദരന്‍മാര്‍ക്ക്‌ കഴിഞ്ഞ ദിവസമാണ്‌ എറണാകുളം അഡീഷണല്‍ സെഷന്‍സ്‌ (പോക്‌സോ) കോടതി ജാമ്യം അനുവദിച്ചത്‌. കൈക്കൂലി വാങ്ങിയെന്ന ആരോപണം വന്നതിനെത്തുടര്‍ന്നു ഹൈക്കോടതി സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസാണ്‌ പരിഗണിച്ചത്‌.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News