വധഗൂഢാലോചന കേസ് റദ്ദാക്കില്ല, സിബിഐയ്ക്കും വിടാതെ കോടതി, നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.

0

കൊച്ചി ∙ നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദിലീപിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ്.

കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്കു വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറഞ്ഞത്. കേസ് അന്വേഷണവുമായി ക്രൈംബ്രാഞ്ചിനു മുന്നോട്ടു പോകാമെന്നു കോടതി വ്യക്തമാക്കി. ഹർജി തള്ളിയത് നടൻ ദിലീപിനു കടുത്ത തിരിച്ചടിയാകും. നിലവിൽ ഉപാധികളോടെ ജാമ്യത്തിലുള്ള ദിലീപിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിലേക്കുവരെ കാര്യങ്ങൾ നീണ്ടേക്കുമെന്നും നിയമവൃത്തങ്ങൾ വിലയിരുത്തുന്നു.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സൈബർ വിദഗ്ധൻ സായ് ശങ്കർ എന്നിവരാണു മറ്റു പ്രതികൾ.

കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്‍റെ മൊഴികള്‍ക്ക് വിശ്വാസ്യതയില്ലന്നുമായിരുന്നു ദിലീപിന്‍റെ വാദം. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്. അന്വേഷണം സിബിഐക്ക് കൈമാറുന്നതിനെയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു

Leave a Reply