പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു സമ‍ർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി ഹൈക്കോടതി

0

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു സമ‍ർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി ഹൈക്കോടതി. ദുബായിൽ കഴിയുന്ന വിജയ് ബാബു ആദ്യം നാട്ടിലെത്തട്ടെയെന്ന് കോടതി പറഞ്ഞു. ഇതിനിടെ തന്റെ പുതിയ ചിത്രത്തിലേക്ക് നായികയായി പരിഗണിക്കാതിരുന്നതാണ് പുതുമുഖനടിയെ തനിക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്നാണ് നടൻ വിജയ് ബാബു വ്യക്തമാക്കുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. നടി തന്നിൽ നിന്നും പലതവണ പണം കടംവാങ്ങിയിരുന്നെന്നും വിജയ് ബാബു ആരോപിക്കുന്നു.

നടിയെ 2018 മുതൽ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി അവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ഉപഹർജിയിൽ പറയുന്നു. നടിയോടൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്ന സമയത്ത് നടിയുടെ അടുത്ത സുഹൃത്തും ഒപ്പം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖയും കോടതിയിൽ ഹാജരാക്കി. നടി നിരന്തരം അയച്ച സന്ദേശങ്ങളും കൈമാറി.

ഇവർ പലതവണ പണം കടംവാങ്ങിയിരുന്നു. ഏപ്രിൽ 14-ന് തന്നോടൊപ്പം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറിസോണിലെ ഗസ്റ്റ് ഹൗസിലെത്തിയ നടി തന്റെ ഫോണിലേക്ക് വന്ന കോൾ എടുക്കുകയും വിളിച്ചയാളോട് ഇനി വിളിക്കരുതെന്നും പറഞ്ഞു. പുതിയ സിനിമയിൽ അവസരം നൽകിയ നടിയോടാണ് പരാതിക്കാരി ഇത്തരത്തിൽ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ നടി ദേഷ്യത്തോടെ ഇറങ്ങിപ്പോയി.

ഏപ്രിൽ 15-ന് ഫ്‌ലാറ്റിൽ വീണ്ടും വന്ന നടി ക്ഷമ പറഞ്ഞു. അന്ന് അവിടെ തങ്ങുകയും ചെയ്തു. പുതിയ സിനിമയിൽ അവസരം നൽകിയ നടിയെ വിളിച്ച് ക്ഷമയും പറഞ്ഞു. ഏപ്രിൽ 18-ന് പുതിയ സിനിമയിൽ അവസരം നൽകിയ നടിയും അവരുടെ അമ്മയുമായി കോഫി ഹൗസിൽ സംസാരിച്ചിരിക്കെ അവിടെ വന്ന നടി ഇരുവരോടും തട്ടിക്കയറി. ഏപ്രിൽ 21-ന് ചിത്രീകരണ ആവശ്യത്തിനായി താൻ ഗോവയ്ക്ക് പോയി. തുടർന്ന് ഗോൾഡൻ വിസയുടെ പേപ്പറുകൾ നൽകാൻ ഏപ്രിൽ 24-ന് ദുബായിലെത്തിയെന്നും ഉപഹർജിയിൽ പറയുന്നു.

മാർച്ച് 16-ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ടുമെന്റിൽ വെച്ചും 22-ന് ഒലിവ് ഡൗൺടൗൺ ഹോട്ടലിൽ വെച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം.
ഒത്തുതീർപ്പിനും ശ്രമം

നടിയെ പീ‍ഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബു, സിനിമാ രം​ഗത്തെ ചിലർ വഴിയാണ് പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിനായി സിനിമാ രം​ഗത്തെ സ്വാധീനിക്കാൻ വിജയ് ബാബു ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നേരത്തേ തന്റെ ബിസിനസ് പാർട്ണറായിരുന്ന സാന്ദ്രാ തോമസിനെ ആക്രമിച്ച പരാതിയും വിജയ് ബാബു ഒത്തുതീർപ്പാക്കിയിരുന്നു. സമാനമായ രീതിയിൽ കോടതിക്ക് പുറത്ത് ബലാത്സം​ഗക്കേസും ഒത്തുതീർക്കാനുള്ള സാധ്യതകളാണ് താരം തേടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
2017 ജനുവരി ആദ്യമാണ് തന്നെ വിജയ് ബാബു മർദ്ദിച്ചെന്നാരോപിച്ച് സാന്ദ്ര തോമസ് പരാതി നൽകുന്നത്. സാന്ദ്രയുടെ വിവാഹത്തിനുശേഷം നിർമാണ കമ്പനിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ചു തർക്കങ്ങളുണ്ടായിരുന്നു. അതു സംബന്ധിച്ചുള്ള ചർച്ചയ്ക്കായിരുന്നു സാന്ദ്രാ തോമസ് ഓഫീസിൽ എത്തിയത്. അവിടെ വച്ച് വിജയ് ബാബു സാന്ദ്രയെ ഭർത്താവും ജീവനക്കാരും നോക്കി നിൽക്കേ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് യുവതി പരാതി നൽകിയിരുന്നത്. പൊറ്റക്കുഴിയിലുള്ള കമ്പനിയുടെ ഓഫീസിലെത്തിയ സാന്ദ്രയെ വിജയ് ബാബു മർദ്ദിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ഇതേതുടർന്ന് എളമക്കര പോലീസ് വിജയ് ബാബുവിനെതിരേ കേസ് രജിസ്റ്റർ ചെയ്തു. വയറിൽ ചവിട്ടേറ്റ സാന്ദ്രയെ കടുത്ത വേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, പിന്നീട് ഫ്രൈഡേ ഫിലിംസിൽ നിന്നും പിന്മാറിയ സാന്ദ്ര തോമസ് അന്ന് സംഭവിച്ചത് അങ്ങനെയൊന്നുമല്ല എന്നായിരുന്നു പറഞ്ഞിരുന്നത്.
അന്നത്തെ സംഭവത്തെ കുറിച്ച് സാന്ദ്ര തോമസ് പിന്നീട് പറഞ്ഞത് ഇങ്ങനെ: “ആ സമയത്ത് ഒന്നും പറഞ്ഞില്ലെങ്കിലും കുറച്ച് നാളുകൾക്ക് ശേഷം വിഷയം വഷളായി വന്നു. അല്ലാതെ, ഞങ്ങൾ തമ്മിൽ വേറെ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിൽ എല്ലാ കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് സിനിമയുടെ കാര്യങ്ങളിലാണ്. വിജയ്ക്ക് ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കില്ല എനിക്ക് ഇഷ്ടപ്പെടുന്നത്. ഞങ്ങൾ തമ്മിൽ ഒരിക്കലും സ്വത്ത് തർക്കങ്ങളുണ്ടായിട്ടില്ല. അതായിരുന്നു ഫ്രൈഡേ ഫിലിം ഹൗസിന്റെ വിജയം. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണ്. പക്ഷെ, ആശുപത്രിയിലെത്തുമ്പോഴാണ് മാൻഹാൻഡിലിങ്ങാണെന്നും കേസ് കൊടുക്കണമെന്നും അറിയുന്നത്. കേസ് അവർ കൊടുത്തതും ഞാൻ അറിഞ്ഞില്ല. പൊലീസ് സ്റ്റേഷനിൽ നിന്ന് മാധ്യമങ്ങൾക്ക് പോയതും ഞാൻ അറിഞ്ഞില്ല. പെട്ടെന്ന് ഞാനാകെ പരിഭ്രമിച്ചുപോയി. വിജയ് യും പാനിക്കായിക്കാണണം. വിജയ് ഒരു ബന്ധവുമില്ലാത്ത പോസ്‌റ്റൊക്കയിട്ടു” എന്ന് സാന്ദ്ര പറയുന്നു.
കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി തെളിവുകൾ ലഭിച്ചതോടെയാണു രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കേരള പൊലീസ് വേഗത്തിലാക്കിയത്. കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് കോടതിയിൽ നിന്നു ലഭിച്ച അറസ്റ്റ് വാറന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇന്റർപോളിനും ദുബായ് പൊലീസിനും കൈമാറും. ദുബായിൽ വിജയ് ബാബു ഉപയോഗിക്കാൻ സാധ്യതയുള്ള ഫോൺ നമ്പറുകളെല്ലാം സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതിയുടെ ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ചു മൊഴി നൽകാൻ കൂടുതൽ പേർ മുന്നോട്ടു വരുന്നുണ്ട്.
സിനിമാ മേഹവുമായെത്തുന്ന പെൺകുട്ടികളെ സ്വന്തം ലൈം​ഗിക ആവശ്യത്തിനായി ഉപയോ​ഗിക്കുക മാത്രമല്ല വിജയ് ബാബു ചെയ്തത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തന്റെ സിനിമാ നിർമ്മാണ കമ്പനിയിൽ പണം മുടക്കാൻ സമ്പന്നരായ പ്രവാസികളെ പ്രലോഭിപ്പിച്ച് സ്വാധീനിക്കാനായി സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. നിലവിൽ രണ്ട് പരാതികളാണ് പൊലീസിന് മുന്നിലുള്ളതെങ്കിലും വിജയ് ബാബു അറസ്റ്റിലാകുന്നതിന് പിന്നാലെ കൂടുതൽ ഇരകൾ രം​ഗത്തെത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബു സിനിമ നിർമാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം തുടങ്ങി. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്.
വിനോദചാനലിലെ ഉദ്യോഗസ്ഥനായിരിക്കെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതിൽ വിജയ് ബാബു സാമ്പത്തിക വെട്ടിപ്പു നടത്തിയതായി പരാതിയുണ്ടായിരുന്നു. എന്നാൽ ഈ കേസിലെ സാക്ഷിയായ സാന്ദ്ര തോമസ് പിന്നീടു വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയായതോടെ വിജയ് ബാബുവിനെതിരെ തെളിവു നൽകിയില്ല. ഇതോടെ വിനോദചാനലിന്റെ അധികാരികൾ സാമ്പത്തിക വഞ്ചനക്കുറ്റം ചുമത്തി നൽകിയ പരാതി പിൻവലിക്കുകയായിരുന്നു.
നടിയെ പീഡിപ്പിച്ച കേസിൽ പരാതി ഉയർന്നതോടെ പണം നൽകി കേസ് ഒതുക്കാൻ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുൻപു കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യും. പരാതി നൽകിയ പുതുമുഖ നടിയെയും പരാതി പറയാൻ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്മെയിൽ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
ഈ സംരംഭകന്റെ ഫോൺ വിളികൾ പരിശോധിച്ചാണു വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടിയത്.
ബാലതാരമായി സിനിമയിലേക്ക്
കൊല്ലത്തെ സമ്പന്നമായ ഒരു കടുംബത്തിലാണ് വിജയ് ബാബുവിന്റെ ജനനം. വ്യവസായിയും സിനിമ നിർമ്മാതാവും ആയിരുന്ന കൊല്ലം ലക്ഷ്മിനട ശ്രീലക്ഷ്മിയിൽ സുഭാഷ് ചന്ദ്രബാബുവാണ് (സ്‌ബൈസ് ബാബു) പിതാവ്. അമ്മ ആലപ്പുഴ കാവാലം തലച്ചല്ലൂർ വീട്ടിൽ മായ. മൂന്ന് സഹോദരങ്ങളുമുണ്ട്.
ചെറുപ്പത്തിലേ അഭിനയത്തിൽ ഏറെ താൽപ്പര്യമുള്ള കുട്ടിയായിരുന്നു വിജയ്. അന്തരിച്ച നടൻ ജയന്റെ സഹോദരൻ അജയനെ നായകനാക്കി 1981ൽ പിതാവ് സുഭാഷ് ചന്ദ്രബാബു നിർമ്മിച്ച ‘സൂര്യൻ’ എന്ന സിനിമയിൽ ബാലതാരമായി വിജയ് അരങ്ങേറി. ജയന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾ യുവാക്കളിൽ കത്തി നിൽക്കുന്ന കാലത്താണ് ചിത്രം ഇറങ്ങിയത്. പക്ഷേ അത് വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അതോടെ സിനിമവിട്ട് സുഭാഷ് ചന്ദ്രബാബു ബിസിനസിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
കൊല്ലം സെന്റ് ജുഡ് സ്‌ക്കൂൾ, ചെന്നൈ ലയോള കോളേജ് എന്നിവിടങ്ങളിലായിരുന്നു വിജയ്ബാബുവിന്റെ പഠനം. 2002ൽ സ്റ്റാർ ഇന്ത്യയിൽ ജോയിൻ ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മീഡിയ കരിയർ തുടങ്ങുന്നത്. പിന്നീട് രാജിവെച്ച് ദുബായിൽ സ്വന്തമായി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങി. കുറച്ചുവർഷങ്ങൾ ബിസിനസ്സ് ചെയ്തതിനുശേഷം അത് വിട്ട് അദ്ദേഹം ഹൈദരാബാദിൽ ഏഷ്യാനെറ്റ്, സിതാര ടിവി എന്നിവയിൽ വർക്ക് ചെയ്തു. 2009ൽ കേരളത്തിലേയ്ക്ക് തിരിച്ചുവന്നത് സൂര്യ ടിവിയിൽ വെസ് പ്രസിഡന്റായാണ്. പിന്നീട് ചാനൽ ഹെഡ് ആയി. ഈ കാലത്താണ് സിനിമയുടെ സാറ്റലെറ്റ് മൂല്യം വല്ലാതെ ഉയർന്നതും. ശത്രുക്കൾ ഈ വിഷയത്തിൽ പലതും പറഞ്ഞ് പരത്തുന്നുമുണ്ട്. താര സിനിമകൾ വലിയ തുകയ്ക്ക് സാറ്റലൈറ്റ് എടുത്ത് വിജയ്ബാബു കമ്മീഷൻ അടിച്ചെന്നും, ഇതിന്റെ പേരിലാണ് അദ്ദേഹം ചാനൽ വിട്ടതെന്നുമൊക്കെ. പക്ഷേ ഈ ആരോപണങ്ങളുടെയൊന്നും നിജസ്ഥിതി വ്യക്തമല്ല.
“പക്ഷേ സൂര്യ ടീവി തന്നെയാണ് തന്നിലെ അഭിനേതാവിനെ വളർത്തിയത് എന്ന് വിജയ്ബാബു ഒരു അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്. ”സൂര്യ ചാനലിലേക്ക് സിനിമകൾ വാങ്ങേണ്ടതിനാൽ ഒരുപാട് തിരക്കഥകൾ കേൾക്കാൻ അവസരം ലഭിച്ചു. സിനിമാലോകവുമായുള്ള ഈ നിരന്തര ഇടപെടൽ എന്നിൽ അഭിനയമോഹം ഉണർത്തി.” – ഇങ്ങനെയാണ് വിജയ്ബാബു അതേക്കുറിച്ച് പറയുന്നത്. മറ്റൊരു അഭിമുഖത്തിൽ പറയുന്നത് ഒരേ ജോലിചെയ്ത് ബോറടിച്ചതുകൊണ്ടാണ് താൻ സൂര്യടീവി വിട്ടത് എന്നാണ്. സിനിമയിൽ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് നിർമ്മാണത്തിലേക്ക് എത്തിക്കുന്നത്.
സാന്ദ്രയെ കസേരയോടെ എടുത്തെറിയുന്നു
2012ൽ ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിർമ്മാണക്കമ്പനി നടി സാന്ദ്രാ തോമസുമായി ചേർന്ന് തുടങ്ങുമ്പോൾ വിജയ്ബാബുവിന് വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നു. നിലവാരമുള്ള കൊച്ചു ചിത്രങ്ങൾ നിർമ്മിച്ച് അത് നന്നായി മാർക്കറ്റ് ചെയ്ത് വിജയിപ്പിക്കുക എന്നതായിരുന്നു ആ തന്ത്രം. ഫഹദ്ഫാസിൽ അടക്കമുള്ളവർ അഭിനയിച്ച ലിജിൻ ജോസ് സംവിധാനം ചെയ്ത ഫ്രൈഡെ എന്ന സിനിമയാണ് ആദ്യം നിർമ്മിച്ചത്. ഇത് മികച്ച ചിത്രമെന്ന് നിരൂപക പ്രശംസ നേടി. ആവറേജ് വിജയവും ആയി. വിവിധ മേഖലകളിലായി സംസ്ഥാന സിനിമാ അവാർഡുകളം ചിത്രത്തിന് ലഭിച്ചു.
തുടർന്ന് സഖറിയയുടെ ഗർഭിണികൾ, ഫിലിപ്പ് ആൻഡ് ദ് മങ്കി പെൻ, പരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, അങ്കമാലി ഡയറീസ്, ജൂൺ, ആട്-2, സൂഫിയും സുജാതയും ദ ഹോം തുടങ്ങി ഇരുപതോളം ചിത്രങ്ങൾ ഫ്രൈഡേ ഹൗസ് നിർമ്മിച്ചു. 2014ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് ഫിലിപ്പ് ആൻഡ് ദ് മങ്കി പെന്നിന് ലഭിച്ചു.
അതിനിടെ ഫ്രൈഡെയുടെ മനേജ്മെന്റിൽ വലിയ പൊട്ടിത്തെറിയുണ്ടായി. സാന്ദ്രാ തോമസുമായി വിജയ്ബാബു തെറ്റി. സാമ്പത്തിക തിരിമറി ആരോപണം ഇവിടെയും ഉണ്ടായി. വാക്കേറ്റത്തിനിടെ കസേരയോടെ മറിച്ചിട്ട് സാന്ദ്രയെ ദേഹോപദ്രവം ഏൽപ്പിച്ചത് കേസായി. അന്വേഷണത്തിൽ, അവിടെ ഉണ്ടായിരുന്ന ജീവനക്കാർ സാന്ദ്രയെ ഉപദ്രവിച്ചില്ല എന്ന് മൊഴി കൊടുത്തതോടെ കേസിൽ നിന്ന് വിജയ് ബാബു ഊരി പോന്നു. തന്റെ വിഹിതം വാങ്ങി സാന്ദ്ര പാർട്ണർഷിപ്പ് ഒഴിയുകയും ചെയ്യുന്നു. ഈ സംഭവം ഇപ്പോഴത്തെ വാർത്തയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാവുന്നുണ്ട്. സ്ത്രീകൾക്ക് നേരയുള്ള അതിക്രമം ഇയാൾക്ക് പുതുമ ഉള്ളതല്ല എന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നത്.
പക്ഷേ സാന്ദ്ര പിന്മാറിയിട്ടും ഫ്രൈഡേ ഫിലിം ഹൗസ് വിജയകരമായി മുന്നോട്ടുപോയി. പ്രമേയമാണ് ഒരു സിനിമയുടെ സൂപ്പർ സ്റ്റാർ എന്നും, നല്ല സബ്ജക്റ്റാണെങ്കിൽ വിജയിപ്പിക്കാമെന്നുമുള്ള അത്മവിശ്വാസമാണ് വിജയ്ബാബു എപ്പോഴും ടീമിന് കൊടുത്തിരുന്നത്. ചലച്ചിത്രലോകത്തേക്ക് ഒരു എൻട്രി പ്രതീക്ഷിച്ചിരിക്കുന്ന യുവ സംവിധായകരുടെ പ്രതീക്ഷയായിരുന്നു അദ്ദേഹം. നിങ്ങളുടെ കൈയിലുള്ള സബ്ജക്റ്റിന്റെ സിനോപിസിസ് ഒരു രണ്ടു പാരഗ്രാഫിൽ എനിക്ക് എഴുതി വാട്സാപ്പ് ചെയ്യാനാണ് ഈ നിർമ്മാതാവ്, എല്ലാവരോടും പറയാറുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here