കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കണം; കെഎസ്ആർടിസിക്ക് അനുവദിക്കുന്ന ബജറ്റ് വിഹിതം വർധിപ്പിക്കണമെന്നും ആവശ്യം

0

കെഎസ്ആർടിസിക്ക് ബജറ്റ് വിഹിതമായി അനുവദിക്കാറുള്ള തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി. ഒന്നുകിൽ തുക വർധിപ്പിക്കണമെന്നും അല്ലെങ്കിൽ സർക്കാർ ജീവനക്കാരായി അംഗീകരിച്ച്, ശമ്പളം പെൻഷൻ എന്നിവ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ എഐടിയുസി ആവശ്യപ്പടുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജുവിന് കത്തയച്ചു.

മുൻ കാലങ്ങളിൽ അനുവദിച്ച പണത്തിൽ കൂടുതലും പെൻഷൻ വിതരണത്തിനും അതിന്റെ പലിശക്കും വേണ്ടി വിനിയോഗിക്കുകയാണ് ചെയ്യുന്നതെന്ന് എഐടിയുസി ചൂണ്ടിക്കാട്ടി. ഇതുകൊണ്ട് തന്നെ മിച്ചമുള്ള തുച്ഛമായ പണമാണ് ഒരു സാമ്പത്തിക വർഷത്തിലേക്കായി കെഎസ്ആർടിസിയുടെ പ്രവർത്തനച്ചെലവെന്ന നിലയിൽ ലഭിക്കുന്നത്.

അതോടൊപ്പം കെ.എസ്.ആർ.ടി.സിക്ക് വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയ്യാറാകുന്നില്ല എന്നതിന്റെ പേരു പറഞ്ഞാണ് സ്ഥാപനത്തെ വെട്ടി മുറിച്ച് സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചിരിക്കുന്നതെന്നും അത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും എഐടിയുസി കത്തിൽ ആവശ്യപ്പെട്ടു.

വായ്പയെടുത്ത് ബസ്സു വാങ്ങി മുടിയാൻ ഇനിയും അവസരമൊരുക്കാതെ, ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേത് പോലെ സർക്കാർ നേരിട്ട് ബസ്സ് വാങ്ങി നൽകാൻ തയ്യാറാകണമെന്ന നിർദ്ദേശവും എഐടിയുസി മുമ്പോട്ട് വെച്ചു. ഡീസലിന്റെ മേലള്ള അധിക നികുതി ഒഴിവാക്കുന്ന കാര്യത്തിലും ത്യഗീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.

Leave a Reply