കൊച്ചി : പൊലീസ് നിയമഭേദഗതി അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്കി. പ്രതിപക്ഷ നേതാക്കള്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. കെപിഎ ആക്ടിലെ 118 എ വകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
സര്‍ക്കാര്‍ നിലപാട് നിലപാട് ചീഫ് ജസ്റ്റിസ് മണികുമാര്‍ ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ച് രേഖപ്പെടുത്തി. സര്‍ക്കാരിനോട് ഇതുസംബന്ധിച്ച് രേഖമൂലം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു. കെപിഎ ആക്ടിലെ പുതിയ ഭേദഗതി സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നാണ് പൊതുതാല്‍പ്പര്യ ഹര്‍ജികളിലെ പ്രധാന വാദം.
118 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിശദമായ വാദം കേള്‍ക്കും. അതേസമയം പുതിയ ഭേദഗതി അനുസരിച്ച് കേസെടുക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. പുതിയ നിര്‍ദേശം വരുന്നതു വരെ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നാണ് ഡിജിപി നിര്‍ദേശിച്ചിട്ടുള്ളത്.
21–ാം തീയതി ഇറങ്ങിയ ഓർഡിനൻസിൽ 118 എ വകുപ്പ് ചേർത്തിട്ടുള്ള സാഹചര്യത്തിൽ ആ വകുപ്പനുസരിച്ച് കേസെടുക്കാൻ പരാതികൾ ലഭിക്കാനിടയുണ്ട്. നിയമ നടപടി എടുക്കുന്നതിനു മുൻപ് പൊലീസ് ആസ്ഥാനത്തെ ലീഗൽ സെല്ലുമായി ബന്ധപ്പെട്ട് വിശദീകരണം തേടണം’– ഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.
English summary
The government assured the high court that the case would not be registered as per the police amendment