പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടികളോട് രാത്രി സ്കൂളില്‍ തങ്ങാന്‍ ആവശ്യപ്പെട്ടു; 17 വിദ്യാര്‍ഥിനികളെ അധ്യാപകനും സ്കൂള്‍ ഉടമയും ചേര്‍ന്നു പീഡിപ്പിച്ചു

0

പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ പത്താം ക്ലാസിലെ 17 പെണ്‍കുട്ടികളെ സ്കൂളിൽ വിളിച്ചു വരുത്തി സ്കൂള്‍ ഉടമയും അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നവംബര്‍ 17നാണ് സംഭവം. പൂർകാഴി പ്രദേശത്തെ സ്വകാര്യ സ്‌കൂളില്‍ വച്ചാണ് പീഡനം നടന്നത്.
പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടികളോട് രാത്രി സ്കൂളില്‍ തങ്ങാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്കൂളില്‍ തങ്ങിയ കുട്ടികളെ അധ്യാപകന്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതരാക്കിയശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിറ്റേദിവസമാണ് പെണ്‍കുട്ടികള്‍ വീട്ടിലെത്തിയത്. എന്താണ് സംഭവിച്ചതെന്ന് ആരോടും പറയരുതെന്നും പുറത്തു പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊല്ലുമെന്നും പെൺകുട്ടികളെ അധ്യാപകന്‍ ഭീഷണിപ്പെടുത്തി. ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍.

ഇരകളിൽ രണ്ടുപേരുടെ രക്ഷിതാക്കൾ പൂർകഴി എം.എൽ.എ പ്രമോദ് ഉത്വാളിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അഭിഷേക് യാദവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതിനു മുന്‍പ് പലതവണ കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. സംഭവത്തില്‍ സ്കൂള്‍ ഉടമക്കും അധ്യാപകനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കേസിൽ വീഴ്ച വരുത്തിയതിന് പൂർകഴി സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കുമാർ സിംഗിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കേസിൽ നടപടിയെടുക്കുന്നതിൽ കാലതാമസം വരുത്തിയതിനാണ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Leave a Reply