പ്രണയ ബന്ധത്തിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി

0

കൽപറ്റ∙പ്രണയ ബന്ധത്തിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. വയനാട് തൊണ്ടർനാട് സ്വദേശിയായ അജ്നാസിനെ നാദാപുരത്തുള്ള പെൺകുട്ടിയുടെ ബന്ധുക്കൾ കെട്ടിയിട്ടു മർദിച്ചെന്നാണ് ആരോപണം.

വയനാട് മാനന്തവാടിയിൽ പലചരക്ക് കടയിൽ ജോലി ചെയ്യുകയാണ് 21 വയസുകാരൻ അജ്നാസ്. പെൺകുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കാമെന്നു പറഞ്ഞ് അജ്നാസിനെ തൊട്ടിൽപ്പാലത്തേക്കു വിളിച്ചു വരുത്തുകയായിരുന്നു. പിന്നീടു പെൺകുട്ടിയുടെ സഹോദരനടക്കമുള്ള പത്തംഗ സംഘമെത്തി കാറിൽ നാദാപുരത്തേക്കു തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. ബന്ധുക്കൾ ചേർന്ന് ഇരു കാലുകളും കെട്ടിവെച്ചു മർദിച്ചു. കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചെന്ന് അജ്നാസ് പറയുന്നു.

കൈകാലുകൾക്കു ഗുരുതരമായി പരുക്കേറ്റു വീട്ടിൽ തിരിച്ചെത്തിയ അജ്നാസിനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ ഇരുചക്ര വാഹനവും മൊബൈൽ ഫോണും തല്ലിത്തകർത്തുവെന്നാണ് ആക്ഷേപം. പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് മർദനമേറ്റ അജ്നാസ് പറഞ്ഞു. അതേസമയം, ആരോപണ വിധേയരായവര്‍ പ്രതികരിച്ചിട്ടില്ല

Leave a Reply