പോർട്ടോ/മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻമാരെല്ലാം നോക്കൗട്ടിൽ. എ ഗ്രൂപ്പിൽ മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി, ബി ഗ്രൂപ്പിൽ ലിവർ പൂൾ, അത്ലറ്റികോ മാഡ്രിഡ്, ഗ്രൂപ്പ് സിയിൽ അയാക്സ്, സ്പോർട്ടിംഗ്, ഡിയിൽ റയൽ മാഡ്രിഡ്, ഇന്റർ മിലാൻ എന്നിവർ നോക്കൗട്ടിലേക്ക് യോഗ്യത നേടി.
പിഎസ്ജി ഒന്നിനെതിരെ നാല് ഗോളുകൾക്ക് ക്ലബ് ബ്രൂഗെസിനെ പരാജയപ്പെടുത്തി നോക്കൗട്ടിൽ കടന്നു. ഗ്രൂപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് മെസിയും സംഘവും നോക്കൗട്ടിൽ പ്രവേശിച്ചത്.
എംബാപ്പെയുടെയും മെസിയുടെയും ഇരട്ട ഗോളുകളാണ് പാരീസ് വമ്പൻമാർക്ക് അനായാസ ജയമൊരുക്കിയത്. ആദ്യ 10 മിനിറ്റുകൾക്കുള്ളിൽ എംബാപ്പയുടെ ഇരട്ടഗോളുകളിൽ പിഎസ്ജി ആധ്യപത്യമുറപ്പിച്ചു. 30 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റിക്കാർഡും എംബപ്പെ സ്വന്തമാക്കി.
38 ാം മിനിറ്റിൽ ബോക്സിനു വെളിയിൽനിന്നും മെസിയുടെ തകർപ്പൻ ഷോട്ട് പിഎസ്ജിയുടെ ലീഡ് വർധിപ്പിച്ചു. റിറ്റ്സിലൂടെ ബ്രൂഗെസ് ഒരെണ്ണം തിരിച്ചു നൽകിയെങ്കിലും ബോക്സിൽ തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാൽ ലക്ഷ്യത്തിലെത്തിച്ച് മെസി, ഗോൾ എണ്ണം നാലാക്കി ഉയർത്തി.
എസി മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ലിവർപൂളും ഗ്രൂപ് ചാമ്പ്യൻമാരായി നോക്കൗട്ടിൽ കടന്നു. മുഹമ്മദ് സലായും ഒറിജിയുമാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്.
ടൊമോറിയിലൂടെ മിലാൻ ആണ് ആദ്യം മുന്നിലെത്തിയതെങ്കിലും 10 മിനിറ്റിനുള്ളിൽ സലാ സമനില പിടിച്ചു. 55 ാം മിനിറ്റിൽ ഒറിജിയുടെ ഗോളിൽ ലിവർപൂൾ ജയം ഉറപ്പിച്ചു. നോക്കൗട്ട് ഉറപ്പിച്ച് കളത്തിലെത്തിയ ലിവർപൂൾ എട്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്.
മൂന്ന് ചുവപ്പ് കാർഡുകൾ കണ്ട സംഭവബഹുലമായ മത്സരത്തിൽ എഫ്സി പോർട്ടോയെ പരാജയപ്പെടുത്തി അത്ലറ്റികോ മാഡ്രിഡ് അവസാന 16 ൽ കടന്നുകൂടി. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു കളിക്ക് ചൂടുപിടിച്ചത്.
56 ാം മിനിറ്റിൽ ഗ്രീസ്മാന്റെ ഗോളിൽ അത്ലറ്റികോ മുന്നിലെത്തി. എന്നാൽ 67 ാം മിനിറ്റിൽ യാനിക്ക് കരാസ്കോ ചുവപ്പ് കാർഡ് കണ്ടതോടെ അത്ലറ്റികോ 10 പേരായി ചുരുങ്ങി. അടിപിടി പോർട്ടോയുടെ വെൻഡലിനും ചുവപ്പ് കാർഡ് മേടിച്ചുകൊടുത്തു. കളത്തിലില്ലാതിരുന്ന പോർട്ടോയുടെ അഗസ്റ്റിൻ മാർഷെസിനും ചുവപ്പ് കാർഡ് ലഭിച്ചു.
നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ എയ്ഞ്ചൽ കൊറിയ അത്ലറ്റികോയ്ക്കു ലീഡ് നൽകി. ഇഞ്ചുറി ടൈമിൽ ഡിപോൾ ലീഡ് മൂന്നായി ഉയർത്തി. അവസാന മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഒലിവേര പോർട്ടോയുടെ തോൽവി ഭാരം കുറച്ചു.
ഗ്രൂപ്പ് ഡിയിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്റർ മിലാനെ പരാജയപ്പെടുത്തി നോക്കൗട്ടിൽ കടന്നു. ടോണി ക്രൂസും അസെൻസിയോയുമാണ് റയലിന്റെ ഗോളുകൾ നേടിയത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഇന്ററും അവസാന 16 ൽ കടന്നു.
ഗ്രൂപ്പ് എയിൽ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആർബി ലീപ്സിഗ് വീഴ്ത്തി. പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിലെ ഒന്നാമൻമാരായി തന്നെ സിറ്റി നോക്കൗട്ടിൽ കടന്നു.
ഇന്ന് ബയേണ് മ്യൂണിക്കിനെതിരേ ബാഴ്സ നോക്കൗട്ട് പ്രതീക്ഷയോടെ ഇറങ്ങും. ജയിക്കാൻ സാധിച്ചില്ലെങ്കിൽ ബാഴ്സയ്ക്ക് നോക്കൗട്ട് ഉറപ്പിക്കാനാവില്ല. ഗ്രൂ പ്പിലെ മറ്റൊരു ടീമായ ബെൻഫിക്ക, ഡൈനാമൊ കീവിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടാലും ബാഴ്സയ്ക്ക് സാധ്യതയുണ്ട്.