ചെന്നൈ: ചെന്നൈ സ്വദേശിനിക്കൊപ്പം ഒരുമിച്ച് ജീവിക്കുകയായിരുന്ന പെൺകുട്ടിയെ കേരളാ പൊലീസ് ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടു പോയതായി പരാതി. കോഴിക്കോട് സ്വദേശിനിയായ 21 കാരിയെ സമ്മതം ഇല്ലാതെ പൊലീസ് പിടിച്ചുകൊണ്ടുപോയെന്നാണ് ആരോപണം. ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ടാണ് പെൺകുട്ടികൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു
കോഴിക്കോട് കൊടുവള്ളിയിലെ ലാബ് അസിസ്റ്റൻഡായ പെൺകുട്ടി ടിക് ടോക്കിലൂടെയാണ് ചെന്നൈ സ്വദേശിനിയായ 22 കാരിയെ പരിചയപ്പെടുന്നത്. ടിക് ടോക്കിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. വീട്ടുകാർ എതിർത്തതോടെ ചെന്നൈ സ്വദേശിനിക്കൊപ്പം ഒളിച്ചോടുകയായിരുന്നു.
കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ചെന്നൈയിൽ നിന്ന് കാറിൽ കോഴിക്കോട് എത്തിയാണ് പെൺകുട്ടിയെ കൂട്ടികൊണ്ടുപോയത്. നുംഗമ്പാക്കത്തെ വസതിയിൽ ചെന്നൈ സ്വദേശിനിയുടെ അമ്മയ്ക്കൊപ്പമായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. ബിരുദ വിദ്യാർത്ഥിയാണ് ചെന്നൈ സ്വദേശിനി.
പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് ടിക്ക് ടോക്കിലേക്കും ചെന്നൈയിലേക്കും എത്തിയത്. ഇന്ന് നുംഗമ്പാക്കത്തെത്തിയ കൊടുവള്ളി പൊലീസ് പെൺകുട്ടിയെ കൂട്ടികൊണ്ടു പോരുകയായിരുന്നു.
എന്നാൽ പെൺകുട്ടിയുടെ സമ്മതം ഇല്ലാതെ ബലം പ്രയോഗിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്ന് ചെന്നൈ സ്വദേശിനി ആരോപിച്ചു. പെൺകുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ട് പോയെന്ന് ചൂണ്ടിക്കാട്ടി നുഗമ്പാക്കം പൊലീസിൽ പരാതി നൽകി.
പെൺകുട്ടിയെ താമരശ്ശേരി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പെൺകുട്ടിയെ തന്നിൽ നിന്ന് അകറ്റാൻ സദാചാര പൊലീസ് ചമയുകയാണ് കേരള പൊലീസെന്ന് ചെന്നൈ സ്വദേശിനി ആരോപിച്ചു.
English summary
The friendship that started with Tick Tock later turned into love. He fled with the Chennai native when his family members objected