ദ്രാവിഡമണ്ണിന്റെ മണമുള്ള ഗോത്രമഹോത്സവത്തിന് കോന്നിയിൽ തുടക്കമായി.

0

കല്ലേലി അപ്പൂപ്പന്റെ സ്മൃതികളിൽ ആദിദ്രാവിഡ നാഗഗോത്ര ജനത.

കോന്നി: നിയതമായ മന്ത്രോച്ചാരണങ്ങളോ ചിട്ടപെടുത്തിയ നൃത്തരീതികളോ അവലംബിക്കാത്ത കലാരൂപങ്ങളായിരുന്നു ഗോത്ര ജനതയുടേത്. താളനിബദ്ധത
കൊണ്ടും ഭക്തിനിര്‍ഭരതകൊണ്ടും സവര്‍ണ കലകളോളം ജനപ്രിയമായി മാറിയവയായിരുന്നു ഊരാളി മൂപ്പൻ കാവുകളിലെ പത്താമുദയം ഉത്സവങ്ങൾ. അത്തരത്തിൽ ഇപ്പോഴും ആചാരപ്പഴമ നിലർത്തിപ്പോരുന്ന ഇടമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. ഈ മണ്ണിൽ നിലനിന്നിരുന്ന ദ്രാവിഡ ഗോത്രസംസ്കൃതി നാമമാത്രമായെങ്കിലും ഇപ്പോഴും നിലനിൽക്കുന്ന കാവുകളിലൊന്ന്. കാവിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായുള്ള മൂന്നാം ഉത്സവ ആഘോഷവും ചൈത്രപൗർണമിയും ഇക്കഴിഞ്ഞ ദിവസം കൊണ്ടാടി. പാണ്ടി-മലയാളക്കരയുടെ ത്യാഗത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ദ്രാവിഡ പഴക്കങ്ങൾ പങ്കുവച്ചുകൊണ്ട് നടന്ന ഉത്സവം ഇത്തവണ ഏറെ ജനകീയമായി. പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. പി മണിയമ്മ, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. ആർ.കെ. പ്രദീപ് എന്നിവർ ഭദ്രദീപം തെളിയിച്ചാണ് ഉത്സവത്തിനു തുടക്കം കുറിച്ചത്. കാവ് പ്രസിഡന്റ് അഡ്വ. സി വി ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ, ആത്മീയ ഉപദേഷ്ടാവ് സീതത്തോട് രാമചന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ സാബു കുറുമ്പകര, ഭാസ്കരൻ ഊരാളി, പി. ആർ. ഒ. ജയൻ കോന്നി എന്നിവർ നേതൃത്വം നൽകി. 999 മലകൾക്കും അധിപനായ കല്ലേലി അപ്പൂപ്പന്റെ പിറന്നാൾ എല്ലാ വർഷവും പത്താമുദയ മഹോത്സവമായി പത്തു ദിനവും ഇവിടെ ആഘോഷിക്കുന്നു. ഏപ്രിൽ 23 ന് രാവിലെ 7 ന് പത്താമുദയ വലിയ പടേനി നടക്കും. 9 മണിയ്ക്ക് കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ ഐഎഎസ്, നാരീശക്തി പുരസ്‌ക്കാര ജേതാവ് ഡോ. എം.എസ്. സുനിൽ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും. തുടർന്ന് പൊങ്കാല നിവേദ്യവും ആന ഊട്ടും നടക്കും. ആദി ദ്രാവിഡ നാഗഗോത്ര ജനതയുടെ ആത്മാവിഷ്ക്കാരമായ ചരിത്ര പുരാതനമായ കുംഭപ്പാട്ട്, ഭാരതക്കളി, തലയാട്ടംകളി, പാട്ടും കളിയും, കമ്പ് കളി എന്നിവ രാത്രി 7 മണി മുതൽ നടക്കും.

ദ്രാവിഡമണ്ണിന്റെ മണമുള്ള ഗോത്രമഹോത്സവത്തിന് കോന്നിയിൽ തുടക്കമായി. 1

ഫോട്ടോ: കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ ഗോത്രമഹോത്‌സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ്

LEAVE A REPLY

Please enter your comment!
Please enter your name here