വയനാട്; മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദസഞ്ചാരിയെ ആന ചവിട്ടിക്കൊന്ന സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കണ്ണൂർ സ്വദേശിനി ഷഹാന സത്താറിനെയാണ് (26) ആന ചവിട്ടിക്കൊന്നത്. യുവതി താമസിച്ച റിസോർട്ടിന് എതിരെയാണ് അന്വേഷണം.
റിസോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന താമസിച്ചിരുന്നത്. ശുചിമുറിയിൽ പോയി വരുന്ന വഴിയായിരുന്നു ആനയുടെ ആക്രമണം. ഭയന്നു വീണ ഷഹാനയെ ആന ചവിട്ടുകയായിരുന്നു എന്നാണ് റിസോർട്ട് ഉടമ പറയുന്നത്. ബന്ധുക്കൾ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടർന്നു.
റിസോർട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈൽ റെയ്ഞ്ച് ഇല്ല. കൂടെയുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു. അതിനിടെ റിസോർട്ടിന് ലൈസൻസില്ലെന്ന് സംശയിക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കി. റിസോർട്ടിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും പാലിച്ചിരുന്നില്ല. വനത്തിന് അതിർത്തിയിൽ 10 മീറ്റർ അകലം പോലും ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചത്. വിനോദസഞ്ചാരികൾ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ റിസോർട്ടിന് അനുമതിയുണ്ടെന്നാണ് ഉടമ പറയുന്നത്.
കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയാണ്. ചേലേരി കാരയാപ്പിൽ കല്ലറപുരയിൽ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്
English summary
The forest department has started an investigation into the incident where an elephant trampled a tourist at the Rain Forest resort in Meppadi Elampileri.