ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ 2022 സീസണിലെ ആദ്യ പ്ലേ ഓഫ്‌ മത്സരം ഇന്ന്‌

0

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐ.പി.എല്‍) ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ 2022 സീസണിലെ ആദ്യ പ്ലേ ഓഫ്‌ മത്സരം ഇന്ന്‌. ഒന്നാം ക്വാളിഫയറില്‍ കന്നിക്കാരും പോയിന്റ്‌ പട്ടികയിലെ ആദ്യ സ്‌ഥാനക്കാരുമായ ഗുജറാത്ത്‌ ടൈറ്റന്‍സിന്‌ എതിരാളികള്‍ 2008-ലെ ആദ്യ ഐ.പി.എല്‍. ജേതാക്കളായ രാജസ്‌ഥാന്‍ റോയല്‍സ്‌. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി ഏഴരയ്‌ക്കാണ്‌ മത്സരം. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ 29 നു നടക്കുന്ന ഫൈനലിലേക്കു നേരിട്ടു യോഗ്യത നേടും. പരാജിതര്‍ക്ക്‌ ഒരവസരം കൂടി ലഭിക്കും. നാളത്തെ ലഖ്‌നൗ-ബാംഗ്ലൂര്‍ എലിമിനേറ്ററിലെ വിജയികളുമായി 27 നു നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ പോരാടി ജയിച്ചാല്‍ കലാശപ്പോരിനു യോഗ്യത നേടാം.
ആദ്യ ഐ.പി.എല്ലില്‍ത്തന്നെ വമ്പന്മാരെ മറികടന്ന്‌ പോയിന്റ്‌ പട്ടികയില്‍ ആദ്യസ്‌ഥാനക്കാരെന്ന അസൂയാവഹമായ നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ ഹാര്‍ദിക്‌ പാണ്ഡ്യയുടെ ക്യാപ്‌റ്റന്‍സിയിലിറങ്ങുന്ന ഗുജറാത്ത്‌ ടൈറ്റന്‍സ്‌.
മികച്ച ബാറ്റിങ്‌-ബൗളിങ്‌ യൂണിറ്റാണെന്നതിനൊപ്പം കളി ജയിപ്പിക്കാന്‍ ശേഷിയുള്ള ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം ഗുജറാത്തിന്റെ ശക്‌തി ഇരട്ടിയാക്കുന്ന ഘടകമാണ്‌. വാലറ്റംവരെയുള്ള സ്‌ഫോടനാത്മക ബാറ്റര്‍മാരുടെ സാന്നിധ്യം ഹാര്‍ദിക്‌ പാണ്ഡ്യയ്‌ക്കു പകരുന്ന ആത്മവിശ്വാസം ചെറുതല്ല.
എന്നാല്‍ ഓപ്പണിങ്ങില്‍ ശുഭ്‌മാന്‍ ഗില്‍ മികച്ച സ്‌കോര്‍ നേടുന്നില്ലെന്നത്‌ ആശങ്കയാണ്‌. എന്നാല്‍, അവസരത്തിനൊത്തുയര്‍ന്ന വെറ്ററന്‍ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയുടെ പ്രകടനം ആശ്വാസം പകരുന്നു. ഒന്‍പതു മത്സരങ്ങളില്‍ മൂന്ന്‌ അര്‍ധസെഞ്ചുറിയാണ്‌ സാഹയുടെ ബാറ്റില്‍നിന്നു പിറന്നത്‌.
ഡേവിഡ്‌ മില്ലര്‍, മാത്യു വേഡ്‌, ലോക്കി ഫെര്‍ഗൂസണ്‍, അന്‍സാരി ജോസഫ്‌ തുടങ്ങിയ വിദേശ താരങ്ങളില്‍ വിശ്വസ്‌തന്‍ അഫ്‌ഗാന്‍ താരം റാഷിദ്‌ ഖാന്‍ തന്നെ. റണ്‍ വഴങ്ങുന്നതില്‍ പിശുക്കു കാട്ടി വിക്കറ്റെടുക്കുന്നതില്‍ മിടുക്കനായ റാഷിദിന്റെ ബാറ്റിങ്‌ വെടിക്കെട്ടും പ്രാഥമിക റൗണ്ടില്‍ ആരാധകര്‍ കണ്ടതാണ്‌. മധ്യനിരയില്‍ രാഹുല്‍ തേവാത്തിയയുടെ ബാറ്റിങ്ങും ഹാര്‍ദിക്കിന്റെ ഭാരം കുറയ്‌ക്കും.
പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത(11) മുഹമ്മദ്‌ ഷാമിയാണു ബൗളിങ്ങിലെ കുന്തമുന. കൊല്‍ക്കത്തയിലെ സാഹചര്യം കണക്കിലെടുത്ത്‌ ഷാമിക്കും ഫെര്‍ഗൂസണുമൊപ്പം അന്‍സാരി ജോസഫിന്‌ അവസാന പതിനൊന്നിലേക്കു നറുക്കു വീഴാനുള്ള സാധ്യത ഏറെയാണ്‌.
അവസാന അഞ്ചു മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ എതിരാളികള്‍ തോല്‍വി വഴങ്ങിയത്‌ സഞ്‌ജു സാംസണും സംഘത്തിനും പ്രതീക്ഷ പകരുന്നു. ഈ സീസണിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ്‌ രാജസ്‌ഥാന്‍ റോയല്‍സ്‌. മികച്ച ബാറ്റര്‍മാരുടെയും സ്‌പിന്‍-പേസ്‌ ബൗളര്‍മാരുടെയും സാന്നിധ്യമാണ്‌ റോയല്‍സിന്റെ ശക്‌തി.
ടൂര്‍ണമെന്റിലെ ടോപ്‌ സ്‌കോററായ ജോസ്‌ ബട്‌ലര്‍, യുവതാരം യശസ്വി ജയ്‌സ്വാള്‍, ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണ്‍, ദേവ്‌ദത്ത്‌ പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റയാന്‍ പരാഗ്‌ തുടങ്ങിയ ബാറ്റര്‍മാര്‍ ഏതു ബൗളിങ്‌ യൂണിറ്റിന്റെയും ഉറക്കം കെടുത്തും.
26 വിക്കറ്റുമായി ആദ്യസ്‌ഥാനത്തുള്ള യുസ്‌വേന്ദ്ര ചാഹല്‍, ആര്‍. അശ്വിന്‍ സ്‌പിന്‍ ദ്വയത്തിനൊപ്പം പ്രസിദ്ധ്‌ കൃഷ്‌ണ, ട്രെന്റ്‌ ബോള്‍ട്ട്‌, ഒബേദ്‌ മക്കോയ്‌, ജെയിംസ്‌ നീഷാം എന്നീ ബൗളര്‍മാര്‍ രാജസ്‌ഥാന്റെ ഫൈനല്‍ സ്വപ്‌നങ്ങള്‍ സജീവമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here