Tuesday, October 26, 2021

നിറദീപങ്ങൾ പ്രഭയേകിയ ദേവസ്വം കലവറയിൽ വൈക്കത്തഷ്ടമിയുടെ ആദ്യചടങ്ങായ പുള്ളിസന്ധ്യവേലയ്ക്ക് കോപ്പൂതൂക്കി

Must Read

നിറദീപങ്ങൾ പ്രഭയേകിയ ദേവസ്വം കലവറയിൽ വൈക്കത്തഷ്ടമിയുടെ ആദ്യചടങ്ങായ പുള്ളിസന്ധ്യവേലയ്ക്ക് കോപ്പൂതൂക്കി. ദേവസ്വം ഡെപ്യൂട്ടി കമ്മിഷ്ണർ കെ. ശ്രീലതയാണ് ചടങ്ങ് നടത്തിയത്. കലവറയുടെ പൂമുഖത്ത് പൂവൻകുലവച്ച് നിലവിളക്ക് തെളിച്ച് സുഗന്ധദ്രവ്യങ്ങൾ പുകച്ച് ആചാരാനുഷ്ഠാനങ്ങളോടെയാണ് കോപ്പുതൂക്കൽ ചടങ്ങ് നടത്തിയത്.

ക്ഷേത്ര ഉത്സവാഘോഷത്തിനുള്ള സാധനസാമഗ്രികൾ അളന്നുതൂക്കി ദേവസ്വം അധികാരി കാര്യസ്ഥന് കൈമാറുന്ന പൗരാണിക ചടങ്ങാണ് കോപ്പുതൂക്കൽ.

രാജഭരണകാലത്ത്‌ തുടങ്ങിയ ആചാരം ഇന്നും പൊലിമ കെടാതെ കാത്തു സൂക്ഷിക്കുന്നു. ചടങ്ങിന് മുമ്പ് ദേവസ്വം അധികാരികൾ ശ്രീകോവിൽ നടയിലെത്തി ഭഗവാന് പ്രണാമം അർപ്പിച്ച് അനുവാദം വാങ്ങി. വിഘ്‌നങ്ങൾ ഒഴിഞ്ഞുപോകാൻ തൂണ്ണുമ്മേൽ ഗണപതിക്ക് നാളികേരം ഉടച്ച് പ്രാർഥിച്ചു.

മംഗളവസ്തുക്കളായ മഞ്ഞളും ചന്ദനമുട്ടികളുമാണ് അളന്നുതൂക്കി കാര്യസ്ഥന്മാർക്ക് കൈമാറിയത്. ഇക്കുറി കോപ്പുതൂക്കലിന് ദേവസ്വം ബോർഡ് മെമ്പർ പി.എം. തങ്കപ്പനും ചടങ്ങിൽ പങ്കെടുത്തു. കോപ്പുതൂക്കൽ ചടങ്ങിൽ ആദ്യമായാണ് ദേവസ്വം ബോർഡ് പ്രതിനിധി പങ്കെടുക്കുന്നത്. അസിസ്റ്റന്റ് കമ്മിഷ്ണർ ഡി.ജയകുമാർ, അഡ്വ. കമ്മിഷൻ പി.രാജീവ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ.ജി.മധു, ഉപദേശകസമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ. പ്രദീപ്കുമാർ, വൈസ് പ്രസിഡന്റ് പി.പി.സന്തോഷ് എന്നിവരും പങ്കെടുത്തു.

11, 13, 15, 17 തീയതികളിലാണ് പുള്ളിസന്ധ്യവേലയുടെ ചടങ്ങുകൾ. തിങ്കളാഴ്ച രാവിലെ വൈക്കത്തപ്പന് ശതകലശാഭിഷേകം നടത്തിയശേഷം പുള്ളിസന്ധ്യവേലയുടെ ചടങ്ങുകൾ തുടങ്ങും. മേൽശാന്തിമാരും കീഴ്ശാന്തിമാരുമാണ് പ്രധാന കാർമികർ.

സമാരംഭത്തിന്റെ രണ്ടാമത്തെ ചടങ്ങായ മുഖസന്ധ്യവേലയ്ക്ക് 19-ന് രാവിലെ കോപ്പുതൂക്കും. 20, 21, 22, 23 തീയതികളിലാണ് മുഖസന്ധ്യവേലയുടെ ചടങ്ങുകൾ. അഷ്ടമി ഉത്സവത്തിന് 16-ന് രാവിലെ 8.30-നും 10.30-നും ഇടയ്ക്കുള്ള സമയത്ത് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേക്കാട്ടില്ലത്ത് ചെറിയ മാധവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ അഷ്ടമി ഉത്സവത്തിന് കൊടിയേറും. നവംമ്പർ 27-ന് പുലർച്ചെ 4.30-നാണ് പ്രശസ്തമായ അഷ്ടമിദർശനം.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News