Sunday, January 23, 2022

മകളുടെ പ്രണയവിവാഹത്തിന് സഹായിച്ചുവെന്നതിന്റെ പേരിൽ ബന്ധുവിനെതിരേ അച്ഛനും അമ്മയും ക്വട്ടേഷൻ നൽകിയത് മൂന്നു തവണ

Must Read

കോഴിക്കോട്: മകളുടെ പ്രണയവിവാഹത്തിന് സഹായിച്ചുവെന്നതിന്റെ പേരിൽ ബന്ധുവിനെതിരേ അച്ഛനും അമ്മയും ക്വട്ടേഷൻ നൽകിയത് മൂന്നു തവണ. കോഴിക്കോട് തലക്കുളത്തൂരിലെ അജിതയും അനിരുദ്ധനുമാണ് മൂന്നുവട്ടം ക്വട്ടേഷൻ നൽകിയത്. വാപ്പോളിത്താഴം കയ്യാലത്തൊടിയിൽ വസ്ത്രവ്യാപാരം നടത്തി വരികയായിരുന്ന റിനീഷിനെതിരെയാണ് ഇവർ മൂന്നു തവണ ക്വട്ടേഷൻ നൽകിയത്. ആദ്യം ആലപ്പുഴയിലെ സംഘത്തിനായിരുന്നു ക്വട്ടേഷൻ. ഇത് പാളിയതോടെ കോഴിക്കോട്ടെ രണ്ട് സംഘങ്ങൾക്കും ഇവർ ക്വട്ടേഷൻ നൽകി.

തലക്കുളത്തൂർ പാലോറമൂട്ടിൽ അജിതയുടെയും ഭർത്താവ് അനിരുദ്ധന്റെയും മകളായ ജാനറ്റ് പരിയാരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനു പഠിച്ചു കൊണ്ടിരിക്കെയാണ് ബന്ധു സ്വരൂപമായി പ്രണയത്തിലായത്. സിംഗപ്പുരിൽ ജോലി ചെയ്യുകയാണ് സ്വരൂപ്. ഈ പ്രണയബന്ധത്തെ അജിതയും അനിരുദ്ധനും ശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് വകവെയ്ക്കാതെ ജാനറ്റ് രഹസ്യമായി സ്വരൂപിനെ മൂന്നു വർഷം മുൻപ് രജിസ്റ്റർ വിവാഹം ചെയ്തു. സ്വരൂപ് രഹസ്യമായി നാട്ടിലെത്തി രജിസ്റ്റർ ഓഫീസിൽനിന്ന് വിവാഹം കഴിഞ്ഞശേഷം സിംഗപ്പുരിലേക്ക് മടങ്ങുകയുമായിരുന്നു. ജാനറ്റ് കണ്ണൂരിലേക്കും പോയി. എം.ബി.ബി.എസ് പഠനം കഴിഞ്ഞാലുടനെ ജാനറ്റ് സ്വരൂപിന്റെ അടുത്തേക്ക് പോകുമെന്ന് മനസ്സിലാക്കിയ അജിതയും അനിരുദ്ധനും ഇക്കാര്യങ്ങളിൽ ജാനറ്റിനെ സഹായിക്കുന്നതെന്ന് കരുതിയ സ്വരൂപിന്റെ സഹോദരി ഭർത്താവ് റിനീഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകുകയായിരുന്നു.

ടെക്സ്റ്റൈൽ സ്ഥാപനം അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ ഡിസംബർ 11-ന് വീടിന് മുൻവശത്തുവെച്ചായിരുന്നു അക്രമം. അജിതയ്ക്കും അനിരുദ്ധനും പുറമെ ക്വട്ടേഷൻ ഏറ്റെടുത്ത അയൽവാസി സുഭാഷ് ബെന്നി(38) തലക്കുളത്തൂർ സൗപർണിക വീട്ടിൽ അരുൺ(27), തലക്കുളത്തൂർ കണ്ടം കയ്യിൽ വീട്ടിൽ അശ്വന്ത്(22), അന്നശ്ശേരി കണിയേരി മീത്തൽ അവിനാഷ്(21), തലക്കുളത്തൂർ പുലരി വീട്ടിൽ ബാലുപ്രണവ്(22) എന്നിവരെയാണ് മെഡിക്കൽ കോളേജ് എ.സി.പി കെ.സുദർശന്റെ നേതൃത്വത്തിൽ ചേവായൂർ പോലീസ് ഇൻസ്പെക്ടർ പി.ചന്ദ്രമോഹൻ എസ്.ഐ ഷാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഡിസംബർ 11-ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു റിനീഷിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് ക്വട്ടേഷൻ സംഘം ഒത്തുകൂടിയത്. മദ്യപിച്ചശേഷം രണ്ട് ബൈക്കുകളിലായി വാപ്പോളി താഴത്ത് റിനീഷിനെ കാത്ത് നിൽക്കുകയും റിനീഷ് എത്തിയതോടെ ബൈക്ക് തടഞ്ഞ് നിർത്തുകയുമായിരുന്നു. ഹെൽമെറ്റ് അഴിക്കാൻ ആവശ്യപ്പെട്ട ശേഷം വീട്ടുപേര് ചോദിച്ച് ഉറപ്പിച്ചാണ് സംഘം ഇരുമ്പ് വടികൊണ്ട് അടിച്ചത്.

അടിച്ച് വീഴ്ത്തിയശേഷം മാരകായുധങ്ങൾകൊണ്ട് വെട്ടുകയും ചെയ്തു. അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടിൽനിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ റിനീഷിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 21 തുന്നലുകളുണ്ടായിരുന്നു. സംഭവ ശേഷം പൊള്ളാച്ചിയിലേക്ക് മുങ്ങിയ പ്രതികൾ കയ്യിലെ പണം തീർന്നതോടെ നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ഇതറിഞ്ഞ പോലീസ് ചേമഞ്ചേരിയിലെ രഹസ്യ സങ്കേതത്തിൽ ഒത്ത് കൂടിയ പ്രതികളെ പിടികൂടുകയുമായിരുന്നു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News