ഡൽഹി: റിപബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻസംഘർഷം. ചെങ്കോട്ട കീഴടക്കിയ കർഷകർ ചെങ്കോട്ടക്ക് മുകളിൽ കർഷകരുടെ പതാക ഉയർത്തി. ഏറെ സമയത്തിന് ശേഷമാണ് ചെങ്കോട്ടയിൽ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസിനായത്. കേന്ദ്രസേനയും അർധസൈനികരും കർഷകസമരത്തെ നേരിടാനായി രംഗത്തിറങ്ങി.
സ്ഥിതിഗതികൾ നേരിടാനായി ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. സമരത്തെ നേരിടേണ്ടത് എങ്ങനെയെന്ന് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. അതേസമയം, തലസ്ഥാന നഗരി ഇപ്പോഴും കർഷകരുടെ കൈകളിലാണ്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് കർഷകർ ഇപ്പോഴും തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
നഗരഹൃദയമായ ഐ.ടി.ഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ഉത്തരഖാണ്ഡിൽ നിന്നുള്ള കർഷകനാണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് കർഷകർ ആരോപിച്ചു. അതേസമയം, ട്രാക്ടർ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് വാദം. മരിച്ച കർഷകന്റെ മൃതദേഹവുമായി കർഷകർ പ്രതിഷേധിച്ചു.
റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി അടിച്ചമർത്താനാണ് പൊലീസ് ശ്രമിച്ചത്. ഡൽഹിയിലേക്ക് ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞതോടെ വ്യാപക സംഘർഷം അരങ്ങേറി. പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. കർഷക സമരത്തിൽ സംഘർഷം വ്യാപകമായതോടെ ഐ.ടി.ഒ മേഖലയിൽ കേന്ദ്രസേനയിറങ്ങി. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സമരക്കാരെ പൊലീസ് തല്ലിചതച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബാരിക്കേഡ് മറിക്കടക്കാൻ കർഷകർ ശ്രമിച്ചതോടെ ദിൽഷാദ് ഗാർഡനിലും സംഘർഷം അരങ്ങേറി. കർഷരുടെ ട്രാക്ടറുകളുടെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. മാധ്യമ പ്രവർത്തകർക്ക് നേരെയും പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ട്രാക്ടർ റാലി ഇന്ത്യ ഗേറ്റിന് അടുത്തെത്തി. ഇന്ത്യ ഗേറ്റിന് സമീപത്ത് കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
അതേസമയം രാവിലെ ഗാസിപൂർ, സിംഘു അതിർത്തിയിൽ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഗാസിപൂരിൽ കർഷകർക്ക് നേരെ നിരവധി തവണ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സിംഘു അതിർത്തിയിൽ കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഡൽഹിയിലേക്ക് പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. ഒരു ലക്ഷത്തോളം ട്രാക്ടറുകളാണ് ഡൽഹിയുടെ വീഥിയിൽ അണിനിരക്കുന്നത്. നാലുലക്ഷത്തോളം കർഷകർ ട്രാക്ടർ റാലിയിൽ പെങ്കടുക്കുന്നുണ്ട്.
ട്രാക്ടറുകൾക്ക് പുറമെ ആയിരക്കണക്കിന് പേർ കാൽനടയായും മറ്റു വാഹനങ്ങളിലും റാലിയെ അനുഗമിക്കുന്നുണ്ട്. സംഘടനകളെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കർഷകരുടെ പങ്കാളിത്തം. ഉച്ച 12 മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രാക്ടർ റാലി എട്ടുമണിയോടെ തന്നെ കർഷകർ ആരംഭിക്കുകയായിരുന്നു.
English summary
The farmers’ march against the agrarian laws, which started in Delhi on Republic Day, turned violent