ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേറൂട്ടിലെ ഇരട്ടപ്പാത ഇന്നു കമ്മിഷന്‍ ചെയ്യും

0

കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേറൂട്ടിലെ ഇരട്ടപ്പാത ഇന്നു കമ്മിഷന്‍ ചെയ്യും. ഇന്നു വൈകിട്ട്‌ ആറിനു ജോലികള്‍ പൂര്‍ത്തിയാക്കി രാത്രി എട്ടിനു പുതിയ പാതയിലൂടെ ട്രെയിന്‍ കടത്തിവിടാനാകുമെന്ന പ്രതീക്ഷയില്‍ റെയില്‍വേ.
16.70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഏറ്റുമാനൂര്‍- ചിങ്ങവനം റൂട്ടില്‍ പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ, മംഗലാപുരം മുതല്‍ തിരുവനന്തപുരം (കോട്ടയം വഴി) വരെയുള്ള 632 കിലോമീറ്റര്‍ പൂര്‍ണമായും ഇരട്ടപ്പാതയാകും.
ഇന്നലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള രണ്ടു മുതല്‍ ആറു വരെയുള്ള ലൈനുകള്‍ മുട്ടമ്പലത്തുനിന്നുള്ള പ്രധാന ലൈനുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ നടന്നു. നാഗമ്പടം ഭാഗത്തുനിന്നു കോട്ടയം യാര്‍ഡിലേക്കുള്ള ലൈനുകളുടെ ബന്ധിപ്പിക്കല്‍ ജോലികളും പൂര്‍ത്തിയായി.
ഇന്നു രാവിലെ ഇരട്ടപ്പാതയുടെ അവസാനഘട്ട ജോലിയായ പാറോലിക്കലില്‍ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികള്‍ ആരംഭിക്കും. 10 മണിക്കൂര്‍ നീളുന്ന ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ ഏറ്റുമാനൂര്‍- ചിങ്ങവനം ഇരട്ടപ്പാത ഗതാഗതത്തിനു സജ്‌ജമാകും.
തുടര്‍ന്നു പുതിയ പാതയിലൂടെ ട്രെയിന്‍ കടത്തിവിടും. ഞായറാഴ്‌ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here