എംഎൽഎ കെ.എം.ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി

0

കോഴിക്കോട്∙ പ്ലസ് ടു കോഴക്കേസിൽ മുൻ എംഎൽഎ കെ.എം.ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി തുടങ്ങി. കണ്ണൂർ അഴീക്കോട് ഹൈസ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് ‌‌അഴീക്കോട് മുൻ എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം.ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഭാര്യയുടെ പേരിൽ കോഴിക്കോട് മാലൂർകുന്നിലുള്ള വീട് കണ്ടുകെട്ടുന്നത്. കൈക്കൂലിയായി വാങ്ങിയ പണം വീടിന്റെ നിർമാണത്തിന് ഉപയോഗിച്ചു എന്ന കണ്ടെത്തിയതിനാലാണ് നടപടി ആരംഭിച്ചതെന്ന് ഇഡി അറിയിച്ചു.

സ്വത്ത് കണ്ടു കെട്ടാനുള്ള കാരണം വിശദീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ 30 ദിവസത്തിനുള്ളിൽ ന്യൂഡൽഹിയിലെ ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും. അതോറിറ്റി ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടിസ് അയച്ച് അവരുടെ ഭാഗം കൂടി കേട്ട ശേഷമാണ് അന്തിമ തീരുമാനമെടുക്കുക. ഈ നടപടികൾ 180 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കണം.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഴീക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ കെ.എം.ഷാജി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ 2020 മാർച്ചിൽ കണ്ണൂർ വിജിലൻസ് കേസ് എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2020 ഒക്ടോബറിൽ ഇഡി അന്വേഷണം തുടങ്ങിയത്. കെ.എം.ഷാജിയെയും ഭാര്യയെയും അഴീക്കോട് സ്കൂൾ അധികൃതരെയും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളെയും ചോദ്യം ചെയ്തിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും ഇഡി അധികൃതർ അറിയിച്ചു. ഇഡി നടപടിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്നു കെ.എം.ഷാജി അറിയിച്ചു. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ 2021 മേയിൽ റജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം നടക്കുന്നുണ്ട്

Leave a Reply