തിരുവനന്തപുരം∙ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് വ്യാപകമായി കള്ളപ്പണം സ്വീകരിച്ചിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തില്‍ അഞ്ചിടങ്ങളിലായി നടത്തിയ പരിശോധനയില്‍ നിരവധി ബാങ്ക് ഇടപാട് രേഖകളും ലാപ്ടോപ്പുകളും പിടികൂടി. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലെ പരിശോധന പന്ത്രണ്ട് മണിക്കൂറാണ് നീണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ പക തീര്ക്കലെന്നാണ് നേതാക്കളുടെ പ്രതികരണം.
സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറത്തെ വീട്ടിലായിരുന്നു ആദ്യ പരിശോധന. പിന്നാലെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും ഇഡിയെത്തി. പൂന്തുറ, കളമശേരി, കാരന്തൂര്‍ തുടങ്ങിയ ഇടങ്ങളിലെ സംസ്ഥാന, ജില്ലാ നേതാക്കളുടെ വീടുകളിലും പരിശോധിച്ച് രേഖകള്‍ പിടികൂടി. ബാങ്ക് ഇടപാടുകള്‍, വിവിധ പാര്‍ട്ടി പരിപാടികള്‍ക്കു ചെലവഴിച്ച തുക, നേതാക്കളുടെ വിദേശയാത്ര തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. സംസ്ഥാന കമ്മിറ്റി ഓഫിസിലെ പരിശോധന പന്ത്രണ്ട് മണിക്കൂര്‍ നീണ്ടു. രേഖകളുമായി ഉദ്യോഗസ്ഥര്‍ മടങ്ങിയ വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. കേന്ദ്ര സേനയുടെ അകമ്പടിയിലാണ് വാഹനം പുറത്തെത്തിയത്.
ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ് ഇഡിയുടെ പരിശോധനയ്ക്ക് പിന്നിലെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പ്രതികരണം. ഡൽഹിയില്‍ നിന്നെത്തിയ ഇഡി സംഘത്തിനൊപ്പം കേരളത്തിലെ മൂന്ന് സോണുകളിലെയും ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. ഏറെ വൈകിയാണ് പരിശോധന പൊലീസ് അറിഞ്ഞത്. സുരക്ഷയ്ക്കായി ഇഡി കേന്ദ്രസേനയെ വിന്യസിക്കുകയായിരുന്നു.
English summary
The Enforcement Directorate has found more evidence that the Popular Front was widely involved in money laundering under the guise of protests against the Citizenship Amendment Bill.