കോടതിമുറിയിൽ മജിസ്ട്രേട്ടിനെ ജീവനക്കാരൻ കുത്തിപ്പരുക്കേൽപ്പിച്ചു

0

കോടതിമുറിയിൽ മജിസ്ട്രേട്ടിനെ ജീവനക്കാരൻ കുത്തിപ്പരുക്കേൽപ്പിച്ചു. സേലം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഇതേ കോടതിയിലെ ജീവനക്കാരനായ സേലം ഓമല്ലൂർ സ്വദേശി പ്രകാശിനെ (38) ഹസ്തംപെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. നെഞ്ചിൽ കുത്തേറ്റ മജിസ്ട്രേട്ട് പൊൻ പാണ്ഡ്യനെ (39) സേലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മജിസ്ട്രേട്ട് ചേംബറിലെത്തിയപ്പോൾ ഓടിയെത്തിയ പ്രകാശ് അരയിൽ കരുതിയ കത്തി പുറത്തെടുത്തു കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അവിടെയുണ്ടായിരുന്ന അഭിഭാഷകർ പ്രകാശിനെ പിടിച്ചുമാറ്റി. കടന്നുകളയാൻ ശ്രമിച്ച പ്രകാശിനെ അഭിഭാഷകർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

രണ്ടു ദിവസം മുൻപാണ് ഓമല്ലൂർ കോടതിയിൽ നിന്നു സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം ലഭിച്ചു പ്രകാശ് സേലത്തെത്തിയത്. സ്ഥലംമാറ്റം സംബന്ധിച്ച പ്രശ്നമാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രകാശിനെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply