തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാലു വർഷമായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറന്നു

0

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാലു വർഷമായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറന്നു. ദുബായ് ആസ്ഥാനമായ ഫ്ളെമിങ്ഗോയും അദാനിയുമായി ചേർന്നുണ്ടാക്കിയ സംയുക്ത കമ്പനിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തിപ്പിക്കുന്നത്. ഇതിനായി ഇറക്കുമതി ചെയ്ത സാധനങ്ങൾ മുംബയിൽ നിന്നെത്തിച്ചിരുന്നു. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത് മുതൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും ആരംഭിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിലായി 2500 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് ഷോപ്പുകളാണ് തുറന്നത്. ഒട്ടേറെ വിമാനത്താവളങ്ങളിൽ ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തുന്ന ഫ്ളെമിങ് ഗോ ട്രാവൽ റീട്ടെയ്ൽ, മുംബയ് ട്രാവൽ റീട്ടെയ്ൽ എന്നിവയുമായി ചേർന്നാണ് അദാനി ഗ്രൂപ്പ് ഡ്യൂട്ടി ഫ്രീഷോപ്പ് സജ്ജമാക്കുന്നത്.തിരുവനന്തപുരത്ത് ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കണമെന്നത് അന്താരാഷ്ട്ര യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. എമിഗ്രേഷൻ, കസ്റ്റംസ് കൗണ്ടറുകൾക്കിടയിലാണ് പുതിയ ഷോപ്പ്.

വിമാനത്താവള നടത്തിപ്പുകാർക്ക് ഏറ്റവും വരുമാനമുള്ളത് ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്നാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ സിയാലിന്റെ അരലക്ഷം ചതുരശ്രഅടി വിസ്തീർണമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പ് വൻലാഭത്തിലാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്ഥലക്കുറവാണ് പ്രശ്‌നം. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞശേഷം കസ്റ്റംസ് ക്ലിയറൻസ് കൗണ്ടറുകൾക്ക് മുമ്പാണ് ഡ്യൂട്ടിഫ്രീക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലം.

ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസൻസ് റദ്ദാക്കിയത്. 2018ൽ മദ്യക്കടത്ത് കേസിൽ കുടുങ്ങിയ പ്ലസ് മാക്‌സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് സീൽ ചെയ്തിരിക്കുകയാണ്. മദ്യക്കടത്തിൽ കസ്റ്റംസ്, സിബിഐ എന്നിവ രജിസ്റ്റർ ചെയ്ത കേസുകൾ ഇതുവരെ തീർന്നിട്ടില്ല.

കോടതി ഉത്തരവുള്ളതിനാൽ ഈ സ്ഥലം അദാനിഗ്രൂപ്പിന് ഉപയോഗിക്കാനാവില്ല. കേസ് തീരുമ്പോൾ ഈ സ്ഥലം കൂടിയെടുത്ത് ഡ്യൂട്ടിഫ്രീ ഷോപ്പ് വിശാലമാക്കും. ഇമിഗ്രേഷൻ, പാസ്പോർട്ട് വിവരങ്ങൾ രേഖപ്പെടുത്തി മാമ്രേ ഡ്യൂട്ടിഫ്രീ ഷോപ്പിലൂടെ സാധനങ്ങൾ നൽകൂ. ക്രമക്കേടുകൾ തടയാൻ കർശന നടപടികളെടുത്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here