Sunday, June 20, 2021

ചെല്ലാനം സമഗ്രവികസനത്തിനുള്ള കരട് റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും

Must Read

കൊച്ചി – കടൽക്ഷോഭം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാതൃക മത്സ്യഗ്രാമ പദ്ധതിയിൽ നടപ്പിലാക്കേണ്ട ശാസ്ത്രീയ സമഗ്രവികസന പരിപാടികളുടെ കരട് റിപ്പോർട്ട് ഒരു മാസത്തിനകം സർക്കാരിന് സമർപ്പിക്കാൻ കേരള ഫിഷറസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസിൽ) ചേർന്ന വിദഗ്ധരുടെ കൂടിയാലോചന യോഗം തീരുമാനിച്ചു. കുഫോസിൽ ചേർന്ന യോഗത്തിൽ വിദഗ്ധർ അവതരിപ്പിച്ച നിർദ്ദേശങ്ങളോടൊപ്പം ചെല്ലാനത്തെ ജനങ്ങളുടെ തദ്ദേശീയ വിജ്ഞാനവും സമന്വയിപ്പിച്ചുകൊണ്ടായിക്കും പദ്ധതി രേഖ തയ്യാറാക്കുകയെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ പറഞ്ഞു. പൂർണ്ണമായ റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കും. കുഫോസിനൊപ്പം വിവിധ സർക്കാർ ഡിപ്പാർട്ട്മെൻറുകളുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും പങ്കാളിത്വത്തോടെയായിരിക്കും ചെല്ലാനം സമഗ്രവികസന പദ്ധതി നടപ്പിലാക്കുക. ഒരോ ഡിപ്പാർട്ട്മെൻറും ഏജൻസിയും നിർവഹിക്കേണ്ട പങ്ക് പദ്ധതി രേഖയിൽ വ്യക്തമായി ഉൾപ്പെടുത്തും.

സമാധാനത്തോടെയുള്ള ഉറക്കം നഷ്ടപ്പെട്ട ജനയതാണ് ചെല്ലാനത്ത് ഉള്ളത്. അവരുടെ സമാധാനപൂർണ്ണമായ ജീവിതത്തിന് ഉതകുന്ന സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ദീർഘകാല പദ്ധതിയായിരുക്കും ചെല്ലാനത്ത് നടപ്പിലാക്കുകയെന്നും ഡോ.കെ.റിജി.ജോൺ പറഞ്ഞു.

ഫിഷറിസ്-സാംസ്കാരിക വകുപ്പ് മന്ത്രിയും കുഫോസ് പ്രോ ചാൻസലറുമായ സജി ചെറിയാൻ വീഡിയോ കോൺഫറൻസിലൂടെ കൂടിയാലോചന യോഗം ഉദ്ഘാടനം ചെയ്തു. 17 കിലോമീറ്റർ കടൽത്തീരമുള്ള ചെല്ലാനം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നത് കടൽക്ഷോഭ ദുരിതങ്ങൾക്കുള്ള പരിഹാരം മാത്രമല്ല. ചെല്ലാനത്തിന്റെ സമഗ്രമായ വികസനവും അവിടുത്തെ ജനങ്ങളുടെ സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന മാതൃക പദ്ധതിയാണ്. എല്ലാ അടിസ്ഥാന സൌകര്യങ്ങളുടെയും വികസനം ഈ പദ്ധതിയിലുണ്ടാകും. ആവശ്യമാണെങ്കിൽ പാലങ്ങൾ പണിയും. ഭവന പുനർനിർമ്മാണവും പുനരധിവാസവും ആവശ്യമാണെങ്കിൽ നടപ്പിലാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. വ്യവസായ മന്ത്രി പി.രാജീവ് ഓൺലൈനായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സംസ്ഥാനത്തെ സർവ്വകലാശാലകൾക്ക് പലതും ചെയ്യാൻ കഴിയും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് വലിയ പ്രതീക്ഷയുണ്ട്. ഇത് പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള ആദ്യ പടിയായിട്ടാണ് ചെല്ലാനം മാതൃകാ മത്സ്യഗ്രാമ പദ്ധതിയുടെ നടത്തിപ്പ് കുഫോസിനെ ഏൽപ്പിച്ചെതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.കെ.വി.തോമസ് കൂടിയാലോചന യോഗത്തിൽ ആമുഖ അവതരണം നടത്തി. എൻ.സി.സി.ആർ ഡയറക്ടർ ഡോ. രമണമൂർത്തി ചെല്ലാനം നേരിടുന്ന പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എ മാരായ കെ.ബാബു,കെ.ജെ.മാക്സി, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ഡി.പ്രസാദ്, കുഫോസ് രജിസ് ട്രാർ ഡോ.ബി.മനോജ് കുമാർ, ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ.കെ.ദിനേഷ്, ഷേക്ക് പരീത് ( കോസ്റ്റൽ ഏരിയ ഡെവലപ്മെൻറ് കോർപ്പറേഷൻ) ഇഗ്നേഷ്യസ് മൺറോ ( ഫിഷറീസ് ഡിപ്പാർട്ട്മെൻറ്), ഡോ.എസ്.അഭിലാഷ് (കുസാറ്റ്), സാന്പത്ത് കുമാർ (കൊച്ചിൻ ഷിപ്പ് യാർഡ്), കെ.രഘുരാജ് (കുഫോസ്) എന്നിവർ പ്രസംഗിച്ചു..

ഫോട്ടോ- കുഫോസിൽ ചെല്ലാനം സമഗ്രവികസനത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ കൂടിയാലോചന യോഗത്തിൽ വൈസ് ചാൻസലർ ഡോ.റിജി ജോൺ സംസാരിക്കുന്നു. രജിസ് ട്രാർ ഡോ.ബി.മനോജ് കുമാർ, എം.എൽ.എ മാരായ കെ.ബാബു, കെ.ജെ.മാക്സി എന്നിവർ സമീപം.

Leave a Reply

Latest News

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്ന മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച കേസുകള്‍ കണ്ടെത്തി. രത്‌നഗിരി, നവി മുംബൈ,...

More News