Sunday, September 19, 2021

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി തെളിവെടുപ്പ് തുടങ്ങി

Must Read

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി തെളിവെടുപ്പ് തുടങ്ങി. ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി കെ.എക്സ്. സേവ്യർ എന്നിവരാണ് തെളിവ് ശേഖരിക്കുന്നത്. സംഭവവുമായി ബന്ധമുള്ളവരെ ഡി.സി.സി. ഓഫീസിൽ വിളിച്ചുവരുത്തിയാണ് തെളിവെടുപ്പ്.

ഓണസമ്മാനമായി 10,000 രൂപ കിട്ടിയിട്ടില്ലെന്നും ചെയർപേഴ്സൺ പണം കവറിൽ കൊടുക്കുന്നത് നേരിൽ കണ്ടിട്ടില്ലെന്നുമാണ് തെളിവെടുപ്പിൽ ഭൂരിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും പറഞ്ഞത്. എന്നാൽ പങ്കുള്ളതായി സംശയിക്കുന്നുവെന്ന മൊഴിയും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാരംഭിച്ച തെളിവെടുപ്പിൽ നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പനെയാണ് ആദ്യം വിളിപ്പിച്ചത്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, റാഷിദ് ഉള്ളംപിള്ളി, സോമി റെജി, സ്മിത സണ്ണി, സുനീറ ഫിറോസ്, മുൻ നഗരസഭ ചെയർമാൻ ഷാജി വാഴക്കാല എന്നിവരും അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരായി. ഒറ്റയ്ക്കു വിളിച്ചാണ് തെളിവെടുത്തത്. ഓരോരുത്തർക്കും അര മണിക്കൂർ സമയമെടുത്തു. ഭരണം ലഭിച്ചതു മുതൽ ഓണസമ്മാന വിവാദങ്ങളും പ്രശ്നങ്ങളും വരെ അന്വേഷിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഭൂരിഭാഗം പേരും ഓണക്കോടിക്കൊപ്പം കവറിൽ 10,000 രൂപ കിട്ടിയിട്ടില്ലെന്നും ഇത് മറ്റു കൗൺസിലർമാർക്കു നൽകുന്നതു കണ്ടിട്ടില്ലെന്നും പറഞ്ഞു. ചിലർ സംഭവത്തിൽ ചെയർപേഴ്സനു പങ്കുള്ളതായി സംശയിക്കുന്നുവെന്ന് മൊഴി നൽകി. പ്രതിപക്ഷത്തെ എൽ.ഡി.എഫ്. കൗൺസിലർമാരുമായി ഗ്രൂപ്പുകളിച്ച് കോൺഗ്രസ് അംഗങ്ങളിൽ ചിലർ ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും പരാതി നൽകിയിട്ടുണ്ട്.

ആദ്യ ദിവസം ചെയർപേഴ്സനെ കൂടാതെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെയും മുൻ ചെയർമാനെയും മാത്രമാണു വിളിപ്പിച്ചത്. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് ഓണക്കോടിക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന പരാതി വിവാദമായതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിർദേശപ്രകാരം തെളിവെടുപ്പ് നടത്തുന്നത്. തുക കൈമാറ്റം ബോധ്യപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നു പാർട്ടി നേതൃത്വം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

നടന്നത് അപമാനകരമായ കാര്യം – മന്ത്രി കെ. രാജൻ

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിനുള്ള നടപടികൾ നടക്കുന്നുണ്ടെന്ന് മന്ത്രി കെ. രാജൻ. സംഭവത്തിലെ നിജസ്ഥിതി പുറത്തുവരാനാണ് വിജിലൻസ് അന്വേഷിക്കുന്നത്. റിപ്പോർട്ട് വന്ന ശേഷം തുടർ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തൃക്കാക്കരയിൽ നടന്നത് അപമാനകരമായ കാര്യമാണ്. ഈ രീതി പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. പണാധിപത്യം ജനാധിപത്യത്തിനു കീഴടങ്ങാൻ പാടില്ലെന്നും കളക്ടറേറ്റിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി

Leave a Reply

Latest News

കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു

കാലടി: കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു. ഈ ആവശ്യം മുൻനിർത്തി താന്നിപ്പുഴ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ജനകീയ...

More News