തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര് എന്ന വിധത്തില്‍ അധ്യാപകര്‍ സ്കൂളിലെത്താനാണ് നിര്‍ദേശത്തില്‍ പറയുന്നത്.
വിദ്യാര്‍ഥികള്‍ക്കുള്ള പഠന പിന്തുണ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് അധ്യാപകരോട് സ്കൂളുകളില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഡിജിറ്റല്‍ ക്ലാസുകളില്‍ വേഗം പൂര്‍ത്തീകരിച്ച് റിവിഷനിലേക്കു കടക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനായി തയാറെടുപ്പുകള്‍ നടത്താന്‍ അധ്യാപകര്‍ക്കുള്ള നിര്‍ദേശത്തില്‍ പറയുന്നു.
ജനുവരി പകുതിയോടെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങാനും ആലോചന നടക്കുന്നുണ്ട്. സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ അറിയിച്ചിരുന്നു. വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂവെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പൊതുപരീക്ഷവഴി മൂല്യനിര്‍ണയം നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി സ്കൂളുകളും കോളജുകളും തുറക്കണോ എന്നകാര്യം പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍, ചെറിയ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇന്നത്തെ അവസ്ഥയില്‍ ക്ലാസുകള്‍ തുടങ്ങുക എന്നതും സ്കൂളില്‍പോയി പഠിക്കുക എന്നതും എത്ര കണ്ട് പ്രായോഗികമാകും എന്നകാര്യത്തില്‍ സംശയമുണ്ട്.
അതേസമയം, രോഗവ്യാപനത്തിന്റെ തോത് ഇതേ പോലെ കുറയുന്ന സാഹചര്യത്തിന് നല്ല പുരോഗതിയുണ്ടായാല്‍ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങള്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷം തുറക്കുന്നകാര്യവും അവര്‍ക്ക് മുന്‍കരുതല്‍ സ്വീകരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സാഹചര്യമുണ്ടോ എന്നും പരിശോധിക്കും. വിദഗ്ധ അഭിപ്രായം പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
English summary
The Department of Education has directed the teachers of Classes X and XII in the schools of the State to come to the school from the next seventeen.