തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക രോഗി മരിച്ച സംഭവം ഇപ്പോഴും ദുരൂഹതയുടെ നിഴലിലാണ്

0

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക രോഗി മരിച്ച സംഭവം ഇപ്പോഴും ദുരൂഹതയുടെ നിഴലിലാണ്. ചികിത്സാപ്പിഴവാണെന്ന വിവരം ഇതുവരെ ഇല്ല. എന്നാൽ അവയവമാറ്റ ശസ്ത്രക്രിയയിൽ ഏകോപനത്തിൽ വന്ന അനാസ്ഥ ശരി വെച്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. മെഡിക്കൽ കോളജിൽ വൃക്ക എത്തിച്ചപ്പോൾ മുതിർന്ന സർജൻമാർ ഡ്യൂട്ടിയിൽ ഇല്ലായിരുന്നുവെന്നും ശസ്ത്രക്രിയയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ ഇല്ലായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം ശസ്ത്രക്രിയയ്ക്കു പിന്നാലെ മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

ഡോക്ടർമാർക്കെതിരായ നടപടിയിൽ ആരോഗ്യമന്ത്രി ഉറച്ചുനിൽക്കുമ്പോൾ സസ്പെൻഷനെതിരെ മുന്നറിയിപ്പുമായി കെജിഎംസിടിഎ രംഗത്തെത്തി. ഡോക്ടർമാർ ബലിയാടായെന്നാണ് സംഘടനയുടെ വാദം. ഡോക്ടർമാർ സ്ഥത്തുണ്ടായിരുന്നില്ലെന്ന കണ്ടെത്തൽ തെറ്റാണെന്നും മറിച്ചാണെങ്കിൽ ക്രിമിനൽ കേസെടുക്കട്ടെയെന്നുമാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയുടെ വെല്ലുവിളി.

അടിയന്തിരഘട്ടത്തിലെത്തിക്കുന്ന വൃക്ക കൈകാര്യം ചെയ്യുന്നതിൽ ആശുപത്രി മാനേജ്മെൻറ് തലത്തിലുണ്ടായ വീഴ്ചകളിലേക്കാണ് പുതിയ വിവരങ്ങൾ വിരൽ ചൂണ്ടുന്നത്. മറ്റാരുമില്ലാത്തതിനാലും, ഒപ്പം വന്ന ഡോക്ടർമാർ അവശരായതിനാലും സ്വന്തം നിലയ്ക്ക് അവയവം ഉൾപ്പെട്ട പെട്ടിയെടുത്തുവെന്നാണ് ആംബുലൻസ് ഏകോപനം നടത്തിയ അരുൺദേവിൻറെ വാക്കുകൾ.

”ഒരു ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്. അതല്ലാതെ എനിക്കിതിൽ വേറെ ദുരുദ്ദേശം ഒന്നുമില്ലായിരുന്നു. ആംബുലൻസ് എത്തിയപ്പോൾ സെക്യൂരിറ്റി പോലും മിഷൻ അറിഞ്ഞിരുന്നില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. മിഷൻ ഒരുപക്ഷേ പ്രതീക്ഷിച്ചതിലും നേരത്തേ വന്നിരിക്കാം. മിഷനിൽ കൂടെ പോയ ഡ്രൈവർമാരും ഡോക്ടർമാരും ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അവർ അവശരായിരുന്നു” എന്ന് അരുൺ ദേവ് പറയുന്നു. വൃക്ക മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ പെട്ടിയെടുത്ത് ഓടിയത് അരുൺ ദേവായിരുന്നു. തിരുവനന്തപുരം ജില്ലയിൽ ദൗത്യം കോർഡിനേറ്റ് ചെയ്തത് അരുൺ ദേവാണ്.
സർക്കാരിപ്പോഴും ഇതിനെ ദുരൂഹതയുടെ നിഴലിൽ നിർത്തുകയാണ്. ഡോക്ടർമാർക്കെതിരായ നടപടിയിൽ മാറ്റവുമില്ല. ചികിത്സാപ്പിഴവാണെന്ന് വിവരമില്ലെന്നിരിക്കെ, ഏകോപനത്തിലെ പാളിച്ചകൾക്ക് വകുപ്പ് മേധാവികൾക്കെതിരെയല്ലാതെ ആർക്കെതിരെ നടപടിയെന്നാണ് ചോദ്യം.

”തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്. സസ്പെൻഷനെന്നാൽ ശിക്ഷാ നടപടിയല്ല. സംഭവത്തിൽ കർശനമായ അന്വേഷണം നടക്കും. രോഗിയുടെ ജീവന് ഉത്തരവാദിത്തം ഡോക്ടർമാർക്കാണ്. സർക്കാർ ആശുപത്രികൾ ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ആശുപത്രികളാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് പ്രവർത്തനം മെച്ചപ്പെടുത്താൻ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നതാണ്. ഉത്തരവാദിത്തപ്പെട്ടവർ ആ ജോലി ചെയ്യണം. നടപടി എടുത്തത് പ്രാഥമികാന്വേഷണം നടത്തി തന്നെയാണ്. എന്നിട്ടും വീഴ്ച വന്നാൽ ഡോക്ടർമാർക്ക് എതിരെ അല്ലെങ്കിൽ ആർക്കെതിരെയാണ് നടപടി എടുക്കേണ്ടത്? ആരാണ് അവയവം അകത്തേക്ക് കൊണ്ടുപോയത് എന്ന് ഡോക്ടർമാർക്ക് അറിയില്ല. സർക്കാർ വിട്ടുവീഴ്ചയില്ലാതെ നടപടി എടുക്കും. സംഭവത്തിൽ സമഗ്രാന്വേഷണം നടക്കും, കടുത്ത നടപടി ഉണ്ടാകും”, ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

അഡിമിനിസ്ട്രേറ്റീവ് തലത്തിലെ ഏകോപനത്തിലെ വീഴ്ചകളിലേക്ക് പരിശോധന നീളാതെ, രണ്ട് മുതിർന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുത്തതിൽ മെഡിക്കൽ കോളേജധ്യാപകരുടെ സംഘടന പ്രക്ഷോഭത്തിലേക്കെന്ന് ആവർത്തിക്കുന്നു. ഡോക്ടർമാർ സ്ഥത്തുണ്ടായിരുന്നുവെന്നും, ഇല്ലെങ്കിൽ ക്രിമിനൽ കേസെടുക്കട്ടെയെന്നും വെല്ലുവിളി. ചുരുക്കത്തിൽ മെഡിക്കൽ കോളേജിൽ തന്നെ ഒന്നിച്ച് പ്രവ‍ർത്തിക്കേണ്ട സംവിധാനത്തിലെ തലപ്പത്തുള്ളവർ തമ്മിലുള്ള മാനസിക ഐക്യമില്ലായ്മയും മറനീക്കുന്നുണ്ട്.
എറണാകുളം രാജഗിരി ആശുപത്രിയിൽനിന്ന് വൈകിട്ട് 5.30ന് മെഡിക്കൽ കോളജിൽ വൃക്കയെത്തിക്കുമ്പോൾ ശസ്ത്രക്രിയയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ ഒന്നും നടത്തിയിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകേണ്ട നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ മുതിർന്ന സർജന്മാർ അവിടെ ഉണ്ടായിരുന്നില്ല. നെഫ്രോളജി, യൂറോളജി വകുപ്പ് മേധാവിമാരായ ജേക്കബ് ജോർജും വാസുദേവൻ പോറ്റിയും അവരവരുടെ വിഭാഗങ്ങളിലെ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശാ തോമസിന്റ അന്വേഷണത്തിൽ വ്യക്തമായി.
നെഫ്രോളജി വിഭാഗം മേധാവി ജേക്കബ് ജോർജ് ഡൽഹിയിലായിരുന്നുവെന്നും ചുമതല മറ്റാർക്കും കൈമാറിയിരുന്നില്ലെന്നും കണ്ടെത്തി. ഇരു വകുപ്പ് മേധാവികളുടെയും നിരുത്തരവാദപരമായ പെരുമാറ്റം കാലതാമസവും ആശയക്കുഴപ്പവും ഉണ്ടാക്കിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും സസ്പെൻഡ് ചെയ്തത്. നെഫ്രോളജി, യൂറോളജി വിഭാഗം ഡോക്ടർമാർ തമ്മിൽ തർക്കമുണ്ടായതായും പിന്നീട് ആശുപത്രി സൂപ്രണ്ടെത്തി സർജനെ വിളിച്ചു വരുത്തിയെന്നും അന്വേഷണത്തിൽ വെളിപ്പെട്ടു. ശസ്ത്രക്രിയയ്ക്കിടെ കാർഡിയോ വാസ്കുലാർ സർജനേയും വിളിച്ചു വരുത്തുകയായിരുന്നു.
സംഭവത്തിൽ ഡോക്ടർമാരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് റിപ്പോർട്ട്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത് എണ്ണമറ്റ വീഴ്ചകളാണ്. രാവിലെ മുതൽ അലേർട്ട് നൽകിയിട്ടും വകുപ്പ് മേധാവികൾ ആശുപത്രിയിൽ എത്തിയത് അവയവം എത്തി മണിക്കൂറുകൾ കഴിഞ്ഞാണ്. ഏകോപനമില്ലായ്മ പുറത്തുവന്നതോടെ ഇന്നലെ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കടുത്ത ഭാഷയിലാണ് ഡോക്ടർമാരെ വിമർശിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here