Saturday, May 15, 2021

അഞ്ചു വർഷം മുമ്പ്അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ജിഷയെന്ന പെണ്‍ക്കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട ദിവസം; ഇന്നും ബാക്കിയാണ് കുറേ ഏറെ ചോദ്യങ്ങൾ

Must Read

കൊച്ചി: അഞ്ചു വർഷം മുമ്പ്അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ആ പെണ്‍ക്കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട ദിവസം .

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തനിച്ചു കഴിയുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ആശങ്കയിലാഴ്ത്തിയാണ് പെരുമ്പാവൂരിൽനിന്ന് ജിഷയുടെ മരണവാർത്ത പുറത്തുവന്നത്.

അന്ന് സാക്ഷര കേരളം ലോകത്തിന്റെ മുന്നില്‍ നാണിച്ച് തലകുനിച്ചു നിന്നു. ഒറ്റമുറി വീടില്‍ നിരാലംബയായ ആ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപെട്ടപ്പോള്‍ സ്ത്രീസുരക്ഷയ്ക്ക് പുകള്‍പുറ്റ കേരളസംസ്ഥാനവും സംസ്ഥാന സര്‍ക്കാരും പൊലീസ് സന്നാഹവും നോക്കുകുത്തിയായി. കുറ്റവാളികളെ കണ്ടെത്തേണ്ട പൊലീസ് തെളിവ് നശിപ്പിക്കാന്‍ മത്സരിച്ചപ്പോള്‍ കേരളജനത ഒന്നടങ്കം രോഷംപൂണ്ടു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യം തീരുമാനിച്ചത് കേസില്‍ പുതിയ അന്വേഷണസംഘത്തെ നിയമിക്കാനായിരുന്നു. പുത്തന്‍ അന്വേഷണസംഘം അന്വേഷണമാരംഭിച്ച് 21ാം നാള്‍ കേസില്‍ പ്രതി പിടിയിലായി.

രാഷ്ട്രീയ വിവാദം, തിരഞ്ഞെടുപ്പു വിഷയം, അധികാരമാറ്റം, പൊലീസ് തലപ്പത്തെ അഴിച്ചുപണി–ഇതിനിടയിലാണു ജിഷാ കേസുമായി കേരള പൊലീസ് അഭിമാനകരമായ നേട്ടമുണ്ടാക്കിയത്.

അന്വേഷണം രണ്ട് ഡിജിപിമാരുടെ നേതൃത്വത്തിൽ

രണ്ടു ഡിജിപിമാരുടെ നേതൃത്വത്തിൽ രണ്ട് അന്വേഷണ സംഘങ്ങളാണു കേസ് അന്വേഷിച്ചത്. ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ ഡിജിപി: ടി.പി. സെൻകുമാറിന്റെ സംഘവും പ്രതിയെ കണ്ടെത്തി പിടികൂടി പഴുതടച്ച കുറ്റപത്രം സമർപ്പിക്കുന്നതിൽ ഡിജിപി: ലോക്നാഥ് ബെഹ്റയുടെ സംഘവും പുലർത്തിയ അന്വേഷണ മികവിന്റെ സാക്ഷ്യമാണു കേസിന്റെ വിചാരണയിലും വിധിയിലും തെളിഞ്ഞത്.

കേസന്വേഷണത്തിന്റെ പേരിൽ പൊലീസ് മേധാവികൾ തന്നെ പരസ്യ പോരാട്ടത്തിനിറങ്ങിയതു സേനയിൽ അലോസരവുമുണ്ടാക്കിയിരുന്നു.

രണ്ടാമത്തെ അന്വേഷണ സംഘം തെളിവുകൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്‌തില്ല

ജിഷ വധക്കേസിൽ രണ്ടാമത്തെ അന്വേഷണ സംഘം തെളിവുകൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്‌തില്ലെന്നാണു സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ സെൻകുമാർ ആരോപിച്ചത്. കേസിന്റെ അന്വേഷണത്തിൽ പാളിച്ചകളുണ്ടെന്നു വിജിലൻസ് ഡയറക്‌ടറായിരുന്ന ജേക്കബ് തോമസ് മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിലും ആരോപിച്ചിരുന്നു.

സെൻകുമാർ പൊലീസ് മേധാവിയായിരുന്നപ്പോൾ കേസ് കൈകാര്യം ചെയ്‌ത രീതിയെക്കുറിച്ചു സംസ്‌ഥാന സർക്കാരും സുപ്രീംകോടതിയിൽ ആക്ഷേപം ഉന്നയിച്ചു. വിചാരണ ഘട്ടത്തിലുള്ള കേസിനെക്കുറിച്ച് എന്തെങ്കിലും പറയാൻ തയാറാവുന്നില്ലെന്ന സുപ്രീംകോടതിയുടെ നിലപാടാണു കേസിന്റെ വിചാരണ നടപടികൾ സുഗമമാക്കിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ജിഷയുടെ അയൽവാസിയെ പൊലീസ് പിടികൂടിയിരുന്നു. സംസ്ഥാനത്തെ മുതിർന്ന ഫൊറൻസിക് സർജൻ അടക്കം ഇയാൾ പ്രതിയാണെന്നു വിലയിരുത്തിയിട്ടും ഡിഎൻഎ പരിശോധനാ ഫലത്തിനു വേണ്ടി കാത്തുനിന്ന സെൻകുമാറിന്റെ ഉറച്ച നിലപാടാണു നിരപരാധിയെ രക്ഷിച്ചത്.

ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ സെൻകുമാറിനെ നീക്കി. പകരം ഡിജിപിയായ ലോക്നാഥ് ബെഹ്റയാണു കൊലനടന്ന വീടിനു സമീപം കണ്ടെത്തിയ കറുത്ത ഒരു ജോഡി പ്ലാസ്റ്റിക് ചെരിപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ ആദ്യം നിർദേശിച്ചത്. മഴയത്തു പലതവണ നനഞ്ഞിട്ടും ഈ ചെരിപ്പിൽ ജിഷയുടെ രക്തത്തിന്റെ അംശം കണ്ടെത്തി. ഈ ചെരിപ്പു വാങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെക്കുറിച്ചു വ്യാപാരി നൽകിയ വിവരങ്ങളാണു പൊലീസിനെ അമീറുൽ ഇസ്‌ലാമിലേക്കു നയിച്ചത്.

നാട്ടുകാരെ മാങ്ങയും ആപ്പിളും കടിപ്പിച്ച കേസ്…

അന്വേഷണ സംഘത്തിന്റെ രീതികള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ കേസ്. നാട്ടുകാരെ മാങ്ങയും ആപ്പിളും കടിപ്പിച്ച കേസ്. ദിവസങ്ങളോളം സംശയത്തിലുള്ള ചെരുപ്പ് പരസ്യമായി തൂക്കിയിട്ട കേസ്. ഇങ്ങനെ ഒട്ടേറെ പ്രത്യേകതകളുണ്ട് ജിഷാ കേസില്‍. അന്വേഷണ സംഘത്തിന് തുടക്കത്തില്‍ സംഭവിച്ച പാളിച്ചകള്‍ നിരവധിയായിരുന്നു. ഒരു തരത്തില്‍ പാളിച്ചയായിരുന്നില്ല ഇത്. അന്വേഷണത്തിന്റെ വ്യത്യസ്ത വഴികളാണെന്ന് പറയാം.

കേസന്വേഷണത്തിനിടെ ഉയര്‍ന്നു കേട്ട ചില ചോദ്യങ്ങളും സംശയങ്ങളും ഇപ്പോഴും ബാക്കിയാകുന്നു. ഇത്തരം കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണിവിടെ…

തിടുക്കത്തില്‍ സംസ്‌കാരം

ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ഉടനെ സംസ്‌കാരം നടത്തിയത് കേസിന്റെ തുടര്‍ അന്വേഷണത്തിനിടെ നിരവധി ആരോപണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത്രയും ക്രൂരമായ കൊലപാതകം നടന്ന സംഭവത്തില്‍ തിടുക്കത്തില്‍ സംസ്‌കരിച്ചത് എന്തിനാണെന്നായിരുന്നു ചോദ്യം. പോലീസിന്റെ വീഴ്ചയായിട്ടാണ് ഈ സംഭവം വിലയിരുത്തിയിരുന്നത്.

തുടക്കത്തില്‍ അലംഭാവം?

കൊലപാതകം നടന്ന ഉടനെ പ്രതികളെ പിടിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നില്ല എന്നായിരുന്നു മറ്റൊരു ആരോപണം. ജിഷ താമസിച്ച വീടിന്റെ ചുറ്റുവട്ടത്തുള്ളവരാരെങ്കിലും അപ്രത്യക്ഷമായിട്ടുണ്ടോ എന്ന് തുടക്കത്തില്‍ തന്നെ പരിശോധിച്ചാല്‍ പ്രതിയെ പിടിക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമായിരുന്നില്ല. അങ്ങനെ പിടിക്കപ്പെട്ടിരുന്നെങ്കില്‍ കേസ് വിവാദമാകില്ലായിരുന്നു.

വിടവുള്ള പല്ല്

ജിഷയുടെ ശരീരത്തില്‍ കടി ഏറ്റ പാടുണ്ടായിരുന്നു. വിടവുള്ള പല്ലുകളുള്ള വ്യക്തിയാണ് കടിച്ചതെന്ന് ഇതില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് വിടവുള്ള പല്ലുള്ളവരെ തേടിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ പുരുഷന്‍മാരില്‍ അത്തരം പല്ലുള്ളവരെ തേടിയിറങ്ങുകയായിരുന്നു പോലീസ്.

മാങ്ങയും ആപ്പിളും കടിപ്പിച്ചു

പ്രദേശത്തെ പുരുഷന്‍മാരെ കൊണ്ട് മാങ്ങയും ആപ്പിളും കടിപ്പിച്ചു നോക്കിയതും വിവാദമായിരുന്നു. പല്ല് സംബന്ധിച്ച തെളിവുകള്‍ തേടുകയായിരുന്നു പോലീസ്. കൂടാതെ പ്രദേശവാസികളുടെ മൊത്തം വിരലടയാളം എടുത്തതും വിവാദമായി. ഒരു നാടിനെ മൊത്തം സംശയത്തിലാക്കിയ നടപടികളും പിന്നീട് ചോദ്യം ചെയ്യപ്പെട്ടു. പക്ഷേ, എങ്ങനെയെങ്കിലും പ്രതിയെ പിടിക്കാനുള്ള നീക്കത്തിലായിരുന്നു പോലീസ്.

ഓട്ടോ ഡ്രൈവര്‍ സാബു

കേസിന്റെ ആദ്യഘട്ടത്തില്‍ പോലീസ് ഒരു ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ദിവസങ്ങളോളം ചോദ്യം ചെയ്തു. ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കസ്റ്റഡിയിലെടുക്കല്‍. ജിഷയുടെ അയല്‍വാസിയായ സാബു എന്നയാളെയായിരുന്നു കസ്റ്റഡിയിലെടുത്തത്.

കുടുക്കിയ മൊഴി

ജിഷയെ സാബു പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നുവെന്നായിരുന്നു അമ്മ പോലീസിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സാബുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പല്ലിനും വിടവുണ്ടായിരുന്നുവത്രെ. ഇതോടെയാണ് സാബുവിന്റെ നേര്‍ക്ക് പോലീസ് സംശയത്തോടെ നോക്കിയത്.

ക്രൂര മര്‍ദനത്തിന് ഇരയായി
പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സാബു നിരപരാധിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. ഇയാളെ വിട്ടയക്കുകയും ചെയ്തു. കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് സാബു വെളിപ്പെടുത്തിയിരുന്നു. അഞ്ജാത കേന്ദ്രത്തില്‍ വച്ചായിരുന്നുവത്രെ പോലീസ് മര്‍ദ്ദിച്ചത്.

അമീറുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് സാബുവിനെ വിട്ടയച്ചത്. എന്നാല്‍ സാബുവിനെ പിന്നീട് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ കാരണം ദുരൂഹമായി തുടരുന്നു.

അഞ്ജാത വിരലടയാളം

ജിഷയുടെ വീട്ടില്‍ പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. ഈ വേളയില്‍ ലഭിച്ച ഒരു വിരലടയാളം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. ഇതാരുടേതാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും ലഭിച്ചിട്ടില്ല. പിന്നീട് അമീറുല്‍ ഇസ്ലാം മാത്രമാണ് പ്രതിയെന്ന നിഗമനത്തില്‍ പോലീസ് എത്തുകയാണുണ്ടായത്.

2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ താമസക്കാരിയായ ജിഷ അന്നേ ദിവസം വൈകീട്ട് 5.30നും ആറിനുമിടയിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 10നാണ് പ്രതി പിടിയിലായത്. എട്ട് ദിവസമായിരുന്നു അന്തിമവാദം. കേസില്‍ 36 രേഖകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 100 സാക്ഷികളെയും വിസ്തരിച്ചു.

ബലാല്‍സംഗ ശേഷം

ജിഷയുടെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് തുടക്കത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് ആദ്യ അന്വേഷണ സംഘത്തെ മാറ്റിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. ഏറെ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ തമിഴ്‌നാടില്‍ നിന്നാണ് പിടികൂടിയത്.

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതക്കത്തിന്റെ നാള്‍വഴികളിലുടെ…..

2016 ഏപ്രിൽ 28: രാത്രി എട്ടു മണിയോടെ പെരുമ്പാവൂർ കുറുപ്പംപടിയിലെ കനാൽ പുറമ്പോക്കിലുളള ഒറ്റമുറി ഷെഡിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

2016 ഏപ്രിൽ 30: പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

2016 മെയ് 4: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും ശരീരത്തിൽ 38 മുറിവുകൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് പെരുമ്പാവൂർ ഡിവൈഎസ്പി: അനിൽകുമാറിനെ ഒഴിവാക്കി ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി: എ.ബി. ജിജിമോനു ചുമതല നൽകി.

2016 മെയ് 8: ജിഷയുടെ സഹോദരിയുടെ സുഹൃത്തിനെ ചുറ്റിപ്പറ്റി അന്വേഷണം തുടങ്ങി. നിർമാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരുപ്പ് ജിഷയുടെ വീടിന്റെ പരിസരത്തുനിന്നു പൊലീസ് കണ്ടെത്തി.

2016 മെയ് 10: ജിഷയെ കൊലപ്പെടുത്തിയത് മുൻനിരയിലെ പല്ലിന് വിടവുളളയാളാണെന്ന ഫൊറൻസിക് നിഗമനം പുറത്ത്.

2016 മെയ് 14: കൊലയാളിയുടെ ഡിഎൻഎ വിവരങ്ങൾ പൊലീസിനു കിട്ടി. എന്നാൽ നിലവിൽ സംശയമുണ്ടായിരുന്ന ആരുമായും ഈ ഡിഎൻഎ ചേർന്നില്ല.

2016 മെയ് 16: പ്രതി നിർമാണ തൊഴിലാളി തന്നെയെന്ന് ഉറപ്പിക്കുന്നു. ഘാതകരെ തേടി പൊലീസ് സംഘം ബംഗാളിലെ മൂർഷിദാബാദിലേക്ക്.

2016 െമയ് 19: േകസുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു.

2016 മെയ് 28: നിലവിലുണ്ടായിരുന്ന അന്വേഷണ സംഘത്തെ മാറ്റാൻ പിണറായി മന്ത്രിസഭയുടെ തീരുമാനം. എഡിജിപി: ബി.സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം നിലവിൽ വന്നു.

2016 മെയ് 31: ജിഷയുടെ കൈവിരലിൽ നിന്ന് ലഭിച്ച ഡിഎൻഎയ്ക്കും വസ്ത്രത്തിൽ നിന്ന് ലഭിച്ച ഉമിനീരിലെ ഡിഎൻഎയ്ക്കും തമ്മിൽ സാമ്യമുണ്ടെന്നു കണ്ടെത്തൽ.

2016 ജൂൺ 2: പ്രതിയെന്നു കരുതുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

2016 ജൂൺ 13: മരണവുമായി ബന്ധപ്പെട്ട് ജിഷയുടെ വീടിന് പരിസരത്തുളള ഇതര സംസ്ഥാനക്കാരെ വിശദമായി ചോദ്യം ചെയ്യുന്നു. 25 പേരെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കുറിച്ചുളള കൃത്യമായ സൂചനയും ലഭിച്ചു.

2016 ജൂൺ 14: പ്രതിയായ അമീറുൽ ഇസ്‌ലാമിനെ തമിഴ്നാട്-കേരളe അതിർത്തിയിൽനിന്ന് അറസ്റ്റ് ചെയ്യുന്നു.

2016 ജൂൺ 16: പ്രതി അറസ്റ്റിലായ വിവരം പൊലീസ് പുറത്തുവിട്ടു. മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുന്നു.

2016 സെപ്റ്റംബർ 16: കുറ്റപത്രം സമർപ്പിച്ചു.

2017 മാർച്ച് 13: ജിഷ വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News