നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കാനിരിക്കെ കേസ് അട്ടിമറിക്കാൻ നീക്കമെന്നു ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ

0

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കാനിരിക്കെ കേസ് അട്ടിമറിക്കാൻ നീക്കമെന്നു ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ. സർക്കാരിനെതിരെ കടുത്ത ആരോപണം ഉയർത്തിയാണ് ഹർജി. കേസ് അന്വേഷണം കൃത്യമായല്ല മുന്നോട്ടു പോകുന്നതെന്നും ഭരണ മുന്നണിയിലെ ചിലരുമായി പ്രതിക്കുള്ള ബന്ധം ഉപയോഗിച്ചു കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നുമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്ന പ്രധാന ആക്ഷേപം.

കേസിന്റെ തുടരന്വേഷണത്തിൽ പ്രതിയുടെ അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നെങ്കിലും അഭിഭാഷകരെ ചോദ്യം ചെയ്യാതെ കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അഭിഭാഷകർക്കെതിരെ അന്വേഷണം വരില്ലെന്ന് ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നു പ്രതിക്ക് ഉറപ്പു ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ സാഹചര്യത്തിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസിൽ തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് അങ്കമാലി കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

പ്രതി ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കം അന്വേഷണസംഘം ഉപേക്ഷിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ കേസിൽ പ്രതി ചേർത്തിരുന്നില്ല. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ മാത്രമാണ് കേസിൽ പുതിയതായി പ്രതി ചേർത്തിരിക്കുന്നത്. കേസിലെ 15–ാം പ്രതിയാണ് ശരത്.

LEAVE A REPLY

Please enter your comment!
Please enter your name here