തിരുവനന്തപുരം: സംസ്ഥാന സമിതി അംഗങ്ങളായ എം ബി രാജേഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എൻ ബാലഗോപാൽ, കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ എന്നിവരെ മത്സരിപ്പിക്കാൻ സി പി എമ്മിൽ ധാരണയായി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്നു പേർക്ക് ഇളവ് നൽകാൻ സി പി എം നേതൃയോഗം തീരുമാനിക്കുകയായിരുന്നു.
പാലക്കാട് തൃത്താല മണ്ഡലത്തിൽ എം ബി രാജേഷ് സി പി എം സ്ഥാനാർത്ഥിയാകും. എം ബി രാജേഷിന്റെ സ്ഥാനാർത്ഥിത്വം പാർട്ടി സംസ്ഥാന സമിതി അംഗീകരിച്ചതായാണ് വിവരം. തൃത്താലയിൽ കോൺഗ്രസിന്റെ യുവനേതാവ് വി ടി ബൽറാമിനെതിരെ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന നിർദേശമാണ് എം ബി രാജേഷിന് ഇളവ് നൽകാനുളള തീരുമാനത്തിന് പിന്നിൽ.
കൊട്ടാരക്കരയിലാകും കെ എൻ ബാലഗോപാൽ മത്സരിക്കുക. നിലവിലെ എം എൽ എ ഐഷാ പോറ്റി മൂന്നു തവണ കൊട്ടാരക്കരയിൽ നിന്നും വിജയിച്ചതാണ്. ഏറ്റുമാനൂർ സീറ്റിൽ നിന്നാകും വി എൻ വാസവൻ മത്സരിക്കുക. അതേസമയം, കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ജയരാജന് സീറ്റുണ്ടാകില്ല. തിരുവനന്തപുരം അരുവിക്കരയിൽ ജില്ലാ കമ്മിറ്റി നൽകിയ വി കെ മധുവിന്റെ പേര് സംസ്ഥാന കമ്മിറ്റി വെട്ടി. പകരം കാട്ടാക്കട ഏരിയാ സെക്രട്ടറി ജി സ്റ്റീഫൻ സ്ഥാനാർത്ഥിയാകും. സാമുദായിക പരിഗണന കൂടി പരിഗണിച്ചാണ് സ്റ്റീഫന് നറുക്ക് വീണത്.മന്ത്രി എ കെ ബാലൻ മത്സരിച്ചിരുന്ന തരൂരിൽ ഭാര്യ പി കെ ജമീല സ്ഥാനാർത്ഥിയാകും. ജമീല സ്ഥാനാർത്ഥിയാകുമെന്ന വാർത്ത അസംബന്ധമാണെന്നായിരുന്നു ബാലൻ നേരത്തെ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചിരുന്നത്. രാജു എബ്രഹാം ഏറെക്കാലം എം എൽ എയായിരുന്ന റാന്നി സീറ്റ് കേരള കോൺഗ്രസിന് നൽകാനും സി പി എം തീരുമാനിച്ചു.ആലപ്പുഴയിൽ സി പി എം പട്ടികയിൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കും. അരൂരിൽ ഗായിക ദലീമ ജോജോയെ സി പി എം പരിഗണിക്കുന്നു. നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ദലീമ. തോമസ് ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴയിൽ പി പി ചിത്തരഞ്ജനെയും ജി സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ എച്ച് സലാമിനെയുമാണ് പരിഗണിക്കുന്നത്
English summary
The CPM has agreed to field state committee members MB Rajesh, state secretariat member KN Balagopal and Kottayam district secretary VN Vasavan.