മെഗാ തിരുവാതിരക്കളിയുമായി മുന്നോട്ടുപോയത് തെറ്റായിപ്പോയെന്നു സിപിഎം ജില്ലാ നേതൃത്വം ഏറ്റുപറഞ്ഞു

0

തിരുവനന്തപുരം ∙ ധീരജ് രാജേന്ദ്രന്റെ രക്തസാക്ഷിത്വവേളയിൽ‍ മെഗാ തിരുവാതിരക്കളിയുമായി മുന്നോട്ടുപോയത് തെറ്റായിപ്പോയെന്നു സിപിഎം ജില്ലാ നേതൃത്വം ഏറ്റുപറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ ശകാരം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും സംസ്ഥാന കമ്മിറ്റി അംഗമായ മന്ത്രി വി.ശിവൻകുട്ടിയും വീഴ്ച പരസ്യമായി സമ്മതിച്ചത്.

ധീരജിന്റെ വിലാപയാത്ര ഇടുക്കിയിൽനിന്നു കണ്ണൂരിലേക്കു പോകുന്ന സമയവും കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ ശക്തമാക്കിയതും കണക്കിലെടുത്ത് തിരുവാതിര മാറ്റിവയ്ക്കാനുള്ള ആലോചന ഇല്ലാതെപോയത് നിർഭാഗ്യകരമായെന്ന വികാരം പാർട്ടിയിൽ ശക്തമാണ്. അങ്ങനെ നിർദേശം അവസാന നിമിഷം ചില കേന്ദ്രങ്ങളി‍ൽ നിന്നു വന്നെങ്കിലും നിരുത്സാഹപ്പെടുത്തുകയാണു ചെയ്തതെന്ന് സൂചനയുണ്ട്. നിർദേശം ഗൗരവത്തിൽ കാണാതിരുന്നതാണോ ബോധപൂർവം അവഗണിച്ചതാണോ എന്നുള്ള കാര്യങ്ങൾ നേതൃത്വം പരിശോധിക്കുകയാണ്. ജില്ലാ സമ്മേളനത്തിലും ശേഷം നേതൃതിരഞ്ഞെടുപ്പിലും ഇതു പ്രതിഫലിച്ചേക്കാം.

കോൺഗ്രസിനെതിരെയുണ്ടായ രാഷ്ട്രീയ അന്തരീക്ഷം തിരുവാതിര കളഞ്ഞുകുളിച്ചെന്ന വികാരമാണ് സംസ്ഥാന നേതാക്കൾക്ക്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചെഴുതിയ തിരുവാതിര ഗാനവും നേതാക്കളിൽ അതൃപ്തി ഉളവാക്കി. തിരുവാതിരയുടെയും ഗാനത്തിന്റെയും പേരിൽ പൊള്ളുന്ന പരിഹാസമാണ് പാർട്ടിയും മുഖ്യമന്ത്രിയും നേരിടുന്നത്. ‘ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിന് നൂറു കോടി അഭിവാദ്യങ്ങൾ, ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ’ തുടങ്ങിയ വരികൾ പാർട്ടി പരിപാടിയുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം തന്നെ അവതരിപ്പിച്ചത് വ്യക്തിപൂജയുടെ ഒന്നാന്തരം തെളിവാണെന്ന വിമർശനം ശക്തമാണ്. വ്യക്തിപൂജയ്ക്കെതിരെ പാർട്ടിയിൽ മുൻപ് കർശന നിലപാട് എടുത്തിരുന്ന നേതാവാണ് പിണറായി.

തിരുവാതിരക്കളിയെ തള്ളിപ്പറയുന്നതിനു മുൻപ് അതു വീക്ഷിച്ചിരുന്ന പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയോടും ആനാവൂർ നാഗപ്പനോടും കോടിയേരി സംസാരിച്ചു.

Leave a Reply